Latest News

ബ്രെക്‌സിറ്റിന് മുന്‍പ് രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാന്‍ തെരേസാ മേയ്! ബ്രിട്ടണെ ഞെട്ടിച്ച് ഒരു രാജി പ്രഖ്യാപനം, മേയുടെ നീക്കങ്ങള്‍ ബ്രിട്ടണില്‍ ആധിപത്യം ഉറപ്പിക്കാന്‍

2017-04-19 03:22:20am |

ലണ്ടന്‍: ബ്രെക്‌സിറ്റ്‌ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി തെരേസാ മേയുടെ അപ്രതീക്ഷിത രാഷ്‌ട്രീയനീക്കം. കാലാവധി തികയ്‌ക്കാന്‍ മൂന്നു വര്‍ഷം ശേഷിക്കെയാണു ജൂണ്‍ എട്ടിനു പൊതുതെരഞ്ഞെടുപ്പ്‌ നടത്തുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌.
യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനം നടപ്പാക്കുമ്പോള്‍ രാഷ്‌ട്രീയ സ്‌ഥിരത ഉറപ്പുവരുത്താനുള്ള ഏകമാര്‍ഗം പൊതുതെരഞ്ഞെടുപ്പ്‌ നടത്തുകയാണെന്നും അവര്‍ അവകാശപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം അധോസഭയായ ഹൗസ്‌ ഓഫ്‌ കോമണ്‍സ്‌ ഇന്നു പരിഗണിക്കും. പൊതുതെരഞ്ഞെടുപ്പ്‌ നേരത്തേ നടത്തുന്നതിനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി തെരേസാ മേയുടെ നിലപാട്‌ മാറ്റമാണു രാഷ്‌ട്രീയകേന്ദ്രങ്ങളെ അത്ഭുതപ്പെടുത്തിയത്‌. അടുത്ത തെരഞ്ഞെടുപ്പ്‌ നടക്കേണ്ട 2020-നു മുന്‍പ്‌ ജനവിധി തേടുമെന്നതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ക്യാബിനറ്റ്‌ യോഗത്തിലാണ്‌ ജൂണ്‍ എട്ടിനു പൊതുതെരഞ്ഞെടുപ്പ്‌ നടത്താന്‍ തീരുമാനിച്ചത്‌.

ഡൗണിങ്‌ സ്‌ട്രീറ്റിലെ ഔദ്യോഗിക വസതിക്കുപുറത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണു പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും നേരത്തേ തെരഞ്ഞെടുപ്പ്‌ നടത്തുന്നതിനോട്‌ അനുകൂലമായതിനാല്‍ അധോസഭയിലെ പ്രമേയം പാസാക്കാമെന്നാണു മേയുടെ പ്രതീക്ഷ. ലേബര്‍ പാര്‍ട്ടി നേതാവ്‌ ജെറെമി കോര്‍ബിന്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതംചെയ്‌തു. ബ്രിട്ടനിലെ ജനങ്ങള്‍ക്കൊപ്പമാണു ലേബര്‍ പാര്‍ട്ടിയെന്നും പ്രധാനമന്ത്രിയുടെ തീരുമാനം സ്വാഗതംചെയ്യുന്നതായും കോര്‍ബിന്‍ പറഞ്ഞു.