Latest News

457 വിസ റദ്ദാക്കിയതിനു പിന്നാലെ സിറ്റിസൺഷിപ്പ് നിയമവും കർശനമാക്കുന്നു; ഓസ്‌ട്രേലിയ ഇനി മലയാളികള്‍ക്ക് ബാലികേറാ മല?

2017-04-20 02:44:52am |

സിഡ്‌നി : വിദേശ തൊഴിലാളികള്‍ക്കുള്ള 457 വിസ പദ്ധതി നീക്കം ചെയ്തതിനു പിന്നാലെ പൗരത്വ നടപടികളിലും ശക്തമായ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി മാല്‍കോം ടേണ്‍ബുള്‍ തുടക്കം കുറിച്ചു. 457 വിസ പദ്ധതി നിറുത്തലാക്കുന്നതായി പ്രധാനമന്ത്രി ഇന്നെലയാണ് പ്രഖ്യാപനം നടത്തിയത്. പൗരത്വത്തിനുള്ള ടെസ്റ്റ് നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുന്നയാള്‍ക്ക് മൂന്നുതവണ മാത്രമേ പരീക്ഷയ്ക്ക് പങ്കെടുക്കാനാവുകയുള്ളൂ. നിലവിലുള്ള സംവിധാനത്തില്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പൗരത്വത്തിനായുള്ള പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. 20 ചോദ്യങ്ങളില്‍ 15 എണ്ണം ശരിയാക്കുന്നതുവരെ പരീക്ഷയില്‍ സംബന്ധിക്കാം. പൗരത്വത്തിനായുള്ള ടെസ്റ്റിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഓസ്‌ട്രേലിയയിലേക്ക് വരുന്നയാള്‍ രാജ്യത്തിന്റെ മൂല്യങ്ങള്‍ ആദരിക്കാന്‍ തയാറാവുന്ന വിധത്തിലേക്ക് സംവിധാനത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കാന്‍ബറയില്‍ നടന്ന ഒരു ചടങ്ങിനിടെ പ്രധാനമന്ത്രി പറഞ്ഞു. താല്‍ക്കാലിക വിസകള്‍ക്ക് ഇതിന് പ്രാധാന്യമുണ്ട്. എന്നാല്‍ പൗരത്വത്തിനും സ്ഥിരതാമസത്തിനും ഈ മൂല്യങ്ങളെ ആദരിക്കുകയും സ്വായത്തമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വത്തെ വിലമതിക്കുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തും. പൗരത്വം ലഭിക്കുന്നവര്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളോട് താദാമ്യം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ക്കനുസരിച്ച് ജനങ്ങള്‍ വര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് നടപടിക്രമങ്ങളില്‍ കര്‍ശന മാറ്റങ്ങള്‍ വരുത്തുന്നതെന്ന് കുടിയേറ്റ മന്ത്രി പീറ്റര്‍ ഡട്ടന്‍ പറഞ്ഞു. പൗരത്വം ലഭിക്കുന്നതിനുമുമ്പ് സമൂഹവുമായി അപേക്ഷകര്‍ ഏകീകരിക്കപ്പെട്ടുവെന്നും ഉറപ്പാക്കേണ്ടിയിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. 457 വിസാ പദ്ധതി അതിന്റെ ഉദ്ദേശലക്ഷ്യം പൂര്‍ത്തിയാക്കിയതായും അതിനാല്‍ ഈ പദ്ധതിയില്‍ അഴിച്ചുപണി നടത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗളിന്‍ ഹാന്‍സണിന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും നയങ്ങള്‍ക്കെതിരേയാണ് ഈ തീരുമാനമെടുത്തതെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. 457 വിസാ പദ്ധതിയുടെ ദോഷവശങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ പദ്ധതി അഴിച്ചുപണിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ മുന്നോടിയായാണ് 457 വിസകള്‍ നിറുത്തലാക്കിയത്. ഇപ്പോള്‍ 457 വിസയനുസരിച്ച് ജോലി ചെയ്യുന്നവരെ പുതിയ നിര്‍ദേശം ബാധിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നിരവധി വ്യവസായങ്ങളെ സാരമായി ബാധിക്കും. തൊഴിലുടമകള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ ട്രേഡ് യൂണിയനുകള്‍ പുതിയ സംവിധാനത്തെ തള്ളിക്കളയുകയാണ്. പ്രതിവര്‍ഷം രാജ്യത്തെത്തുന്ന താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ നാലു വര്‍ഷത്തെ അപേക്ഷിച്ച് ഇപ്പോള്‍ കുറവാണ്. ലേബര്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1,26,300 പ്രവാസികള്‍ താല്‍കാലിക തൊഴില്‍ നേടിയപ്പോള്‍ ഇപ്പോള്‍ ഇവരുടെ എണ്ണം 96,000 മായി കുറഞ്ഞിരിക്കുകയാണ്.