Latest News

റഷ്യന്‍ ചാരന് വിഷബാധയേറ്റ സ്ഥലത്ത് വീണ്ടും മരണം! ബ്രിട്ടനിൽ ദമ്പതികൾ അബോധാവസ്ഥയിൽ; രാസായുധമെന്ന് സംശയം

2018-07-05 02:41:50am |

ലണ്ടൻ∙ കൂറുമാറിയ റഷ്യൻ ചാരൻ സെർജി സ്ക്രീപലും മകൾ യൂലിയയും രാസായുധാക്രമണത്തിനിരയായ സോൾസ്ബ്രിക്കടുത്ത് അമെസ്ബ്രിയിൽ ദമ്പതികൾ സമാന ആക്രമണത്തിനിരയായതായി കണ്ടെത്തി. നാൽപതുകളിലുള്ള ഇവരെ അബോധാവസ്ഥയിൽ മഗിൾട്ടൻ റോഡിലെ ഒരു വീട്ടിനുള്ളിൽ ശനിയാഴ്ച വൈകിട്ടാണു കണ്ടെത്തിയത്. സോൾസ്ബ്രിയിൽ നിന്നു 16 കിലോമീറ്റർ അകലെയാണ് അമെസ്ബ്രി. ആശുപത്രിയിൽ കഴിയുന്ന ദമ്പതികൾക്ക് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല.

കഴിഞ്ഞ മാർച്ചിൽ സ്ക്രീപലിനെയും മകളെയും ആക്രമിക്കാൻ ഉപയോഗിച്ച നൊവിചോക്കിനു സമാനമായ നാഡീവ്യൂഹത്തെ ബാധിക്കുന്ന വിഷവസ്തുവാണ് ഇവിടെയും ഉപയോഗിച്ചതെന്നു സംശയിക്കുന്നു. ദമ്പതികൾ ലഹരിവസ്തുക്കളായ ഹെറോയ്നും കൊക്കെയ്നും ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കം ചെന്നതും മായം ചേർത്തതുമായ ലഹരിവസ്തുക്കളുടെ ഉപയോഗമാണോ പ്രശ്നമായതെന്നും അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിനിരയാകും മുൻപു ദമ്പതികൾ എത്തിയ സ്ഥലങ്ങളെല്ലാം പൊലീസ് അടച്ചു. യുകെ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചു. സ്ക്രീപലിനു നേരെയുണ്ടായ ആക്രമണം ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മോശമാകാൻ ഇടയാക്കിയിരുന്നു.