തായ്‌ലൻഡ് ഗുഹാ രക്ഷാപ്രവർത്തനത്തിനിടെ മുങ്ങൽവിദഗ്ധനു ദാരുണാന്ത്യം! ബ്രിട്ടിഷ് സേനാ വിദഗ്ധർ അടക്കം വൻ സംഘം രക്ഷാപ്രവര്‍ത്തനം തുടരുന്നു

2018-07-07 04:06:03am |

മേ സായ് (തായ്‌ലൻഡ്) ∙ തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ കളിക്കാരായ 12 കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥനു ജീവൻ നഷ്ടമായി.

ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങും വഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് (38) മരിച്ചത്. രണ്ടാഴ്ച മുൻപാരംഭിച്ച രക്ഷാദൗത്യത്തിന് ഈ ദുരന്തം വലിയ ആഘാതമായി. നാവികസേനയിൽനിന്നു വിരമിച്ച സമൻ, രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാനായി ജോലിയിൽ തിരിച്ചെത്തിയതാണ്.

അതേസമയം, ഗുഹയ്ക്കുള്ളിൽ കുട്ടികൾ കുടുങ്ങിയ സ്ഥലത്തു ഓക്സിജൻ ലഭ്യത കുറഞ്ഞുവരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ബ്രിട്ടിഷ് സേനാ വിദഗ്ധർ അടക്കം വൻ സംഘം തുടരുന്ന രക്ഷാപ്രവർത്തനത്തിനു കരുത്തു പകരാൻ യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്‌ക് 12 അംഗ എൻജിനീയറിങ് വിദഗ്ധ സംഘത്തെ തായ്‌ലൻഡിലേക്ക് അയച്ചു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നീന്തല്‍വിദഗ്‌ധന്‍ പ്രാണവായു കിട്ടാതെ മരിച്ചതോടെ തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും രക്ഷിക്കാന്‍ അടിയന്തരമായ മറ്റുമാര്‍ഗങ്ങള്‍ തേടി അധികൃതര്‍. തായ്‌ലന്‍ഡ്‌ കൗമാരഫുട്‌ബോള്‍ താരങ്ങളായ 12 പേരും പരിശീലകനും പട്ടായ കടല്‍ത്തീരത്തുള്ള നീളമേറിയ ഗുഹയില്‍ കുടുങ്ങി രണ്ടാഴ്‌ചയോളം പിന്നിടുമ്പോഴാണ്‌ പ്രതീക്ഷ ആശങ്കയ്‌ക്കു വഴിമാറുന്നത്‌. മഴമാറി വെള്ളം ഇറങ്ങണമെങ്കില്‍ നാലുമാസം വേണ്ടിവരും. അതുവരെ കുട്ടികള്‍ ഗുഹയില്‍ കഴിഞ്ഞാലും കുഴപ്പമില്ല എന്ന നിഗമനത്തിലായിരുന്നു അധികൃതര്‍.

എന്നാല്‍ ശ്വാസം കിട്ടാതെ സമാന്‍ കുനാന്‍(38) എന്ന മുന്‍ നേവി സീല്‍ അംഗം മരിച്ചത്‌ ഗുഹയ്‌ക്കുള്ളിലെ ഓക്‌സിജന്‍ അളവിനെക്കുറിച്ചുള്ള അപകടകരമായ മുന്നറിയിപ്പാണ്‌ നല്‍കുന്നത്‌. അതുകൊണ്ടുതന്നെ സ്‌ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി മറ്റൊരു കര്‍മപദ്ധതി തയാറാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌ അധികൃതര്‍. ഓക്‌സിജന്‍ അളവ്‌ 15% ആണ്‌ കുറഞ്ഞത്‌. ഓക്‌സിജന്‍ കുറയുമ്പോള്‍ ഉയരങ്ങളില്‍ അനുഭവിക്കുന്ന ഹിപ്പോക്‌സിയ എന്ന അവസ്‌ഥ സംഭവിച്ചേക്കാം. ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ ദീര്‍ഘകാലം തുടരുന്നത്‌ അതീവസാഹസികമാണ്‌. സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ കാലാവസ്‌ഥ അനുകൂലമാകുന്നതുവരെ കാത്തിരിക്കാനാവില്ല എന്ന്‌ നേവി സീല്‍ മേധാവി അഡ്‌മറില്‍ അപാകോണ്‍ യൂ കോങ്‌ ക്യൂ പറഞ്ഞു.

കുട്ടികളെ മാസ്‌ക്‌ ധരിപ്പിച്ച്‌ നീന്തല്‍ പരിശീലിപ്പിച്ച്‌ രക്ഷപ്പെടുത്തുന്ന മാര്‍ഗം പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും അനുഭവസമ്പത്തുള്ള നീന്തല്‍വിദഗ്‌ധര്‍ക്കുപോലും ഇടുങ്ങിയ കനാലുകളിലൂടെ അഞ്ചുമണിക്കൂര്‍ നീന്തണം ലക്ഷ്യത്തിലെത്തണമെങ്കില്‍. സമാന്‍ കുനാന്റെ മരണം ഈ മാര്‍ഗത്തിന്റെ സാധ്യതയാണ്‌ ചോദ്യചിഹ്നമാകുന്നത്‌. രണ്ടാഴ്‌ചയായി ഗുഹയില്‍ കഴിഞ്ഞതിനെത്തുടര്‍ന്ന്‌ അവശനിലയിലായ കുട്ടികള്‍ക്ക്‌ ഇത്രസമയം വെള്ളത്തിലൂടെ നീങ്ങാനാകുമോയെന്നതിലും സംശയമുണ്ട്‌.