Latest News

മദ്യലഹരിയില്‍ ലക്കുകെട്ട യുവതിയെ പൊക്കിയെടുത്തു കൊണ്ടുപോയി പീഡിപ്പിച്ചു, ഇന്ത്യക്കാരനായ നവവരന് യുകെയില്‍ ഏഴു വര്‍ഷം ജയില്‍

2018-07-07 05:04:21am |

ലണ്ടന്‍: യുകെയിലെ ഇന്ത്യക്കാര്‍ക്ക് നാണക്കേടായി യുവാവിന്റെ ലൈംഗിക പീഡന കേസിലെ വിധി. നൈറ്റ് ക്ലബില്‍ നിന്നും മദ്യപിച്ച് ലക്കുകെട്ട 18 വയസ്സുകാരിയെ പൊക്കിയെടുത്ത് കൊണ്ട് പോയി ഇടുങ്ങിയ വഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ യുവാവിന് എട്ട് വര്‍ഷം ജയില്‍ . ലണ്ടനിലെ പ്രൈസ്വാട്ടര്‍ഹൗസ്‌കൂപ്പര്‍റിലെ ജീവനക്കാരനായ സഞ്ജയ് നേക്കറിന് ആണ് ബലാത്സംഗക്കുറ്റത്തിന് കോടതി എട്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2017 മാര്‍ച്ച് 11ന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം .

ലണ്ടന്‍ ബ്രിഡ്ജിലെ നമ്പര്‍ 1 ക്ലബില്‍ നിന്നും അമിത ലഹരിയില്‍ വേച്ച് വേച്ച് പുറത്തിറങ്ങിയ യുവതിയെ സഞ്ജയ് പിന്തുടരുകയും തക്കം കിട്ടിയപ്പോള്‍ ചുമലില്‍ പൊക്കിയെടുത്ത് കൊണ്ടു പോയി ആളും ബഹളവുമില്ലാത്ത ഇടുങ്ങിയ വഴിയില്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. താന്‍ യുവതിയുടെ താല്‍പര്യപ്രകാരമാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് കോടതിയില്‍ യുവാവ് വാദിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിലൂടെ അത് കള്ളമാണെന്ന് തെളിഞ്ഞു. യുവതിയുടെ അപ്പോഴത്തെ ദയനീയമായ സ്ഥിതി സഞ്ജയ് നന്നായി മുതലെടുക്കുകയായിരുന്നുവെന്നാണ് വിധിന്യായത്തില്‍ ജഡ്ജ് ഫ്രെയ ന്യൂബെറി അഭിപ്രായപ്പെട്ടിരിക്കുന്നത്.

മദ്യ ലഹരിയില്‍ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു യുവതിയെന്നും സഞ്ജയ് പീഡത്തിനൊരുങ്ങിയ ഒരു ഘട്ടത്തില്‍ ചെറുപ്പക്കാരി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ദൃശ്യങ്ങളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് ലണ്ടനിലെ വുഡ് ഗ്രീനിലെ വീട്ടില്‍ ഭാര്യയ്‌ക്കൊപ്പം കഴിഞ്ഞ് വരുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ.

പിന്നീട് വീട്ടിലെത്തിയ സഞ്ജയ് അധികം വൈകാതെ ഇന്റര്‍നെറ്റില്‍ ബലാത്സംഗം എന്ന വാക്കിന്റെ നിര്‍വചനം സെര്‍ച്ച് ചെയ്തുവെന്നും തെളിഞ്ഞിട്ടുണ്ട്. ലഹരിയാല്‍ ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ യുവാവ് വലിച്ചിഴച്ചു ചുമന്നു കൊണ്ട് പോകുന്ന ഫൂട്ടേജുകള്‍ പ്രധാന തെളിവായി.