പേരില്‍ ചില കാറുകളും ആഭരണങ്ങളും മാത്രമേ ഉള്ളൂ, കോടതിയുടെ ഉത്തരവനുസരിച്ച്, അത് നല്‍കാന്‍ തയ്യാര്‍! മല്യയുടെ പരിഹാസം

2018-07-11 02:45:30am |

 ബ്രിട്ടനിലുള്ള സമ്പാദ്യം കൈമാറാന്‍ തയ്യാറാണെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നിടത്ത് ഹാജരാവാമെന്നുംകോടിക്കണക്കിന് രൂപ വായ്പ എടുത്ത് രാജ്യം വിട്ട വിജയ് മല്യ. തന്റെ പേരില്‍ ചില കാറുകളും ആഭരണങ്ങളും മാത്രമേ ഉള്ളൂവെന്നും കോടതിയുടെ ഉത്തരവനുസരിച്ച്, അത് നല്‍കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവനുസരിച്ച് അവര്‍ തന്റെ പേരിലുള്ള സമ്പത്ത് മാത്രമേ കൈയ്യടക്കാനാവൂ, അതുകൂടാതെ ഒന്നും നേടാന്‍ അവര്‍ക്ക് കഴിയില്ലെന്നും മല്യ പറഞ്ഞു. 

അതേസമയം, കഴിഞ്ഞമാസം വിജയ് മല്യയ്‌ക്കെതിരേ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കള്ളപ്പണവിരുദ്ധ കോടതി ജഡ്ജി എം.എസ് ആസ്മിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കൂടാതെ മല്യയുടെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 

2016ലാണ് മല്യ രാജ്യം വിട്ട് യു.കെയില്‍ അഭയം തേടിയത്. 17 ബാങ്കുകള്‍ക്കായി 9,000 കോടി രൂപയോളം മല്യ തിരിച്ചടക്കാനുണ്ട്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനുള്ള നടപടികള്‍ക്കെതിരെ രണ്ട് വര്‍ഷമായി മല്യ പോരാടുകയാണ്.