Latest News

പ്രവാസികള്‍ കഴിവതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ ശ്രമിക്കൂ! വ്യക്തികളുടെ പേരില്‍ അയക്കുന്ന സഹായങ്ങള്‍ക്ക് നികുതി ബാധകം

2018-08-22 03:16:22am |

പ്രവാസി സംഘടനകളുടെ ദുരിതാശ്വാസ ശ്രമങ്ങൾ പലതും പാഴ്‍വസ്തുക്കളാകുമോ? പണമല്ലാത്ത സഹായങ്ങളെല്ലാം വിദേശത്തുനിന്നും നാട്ടിലെത്തിക്കാനും എത്തിച്ചാൽ തന്നെ അത് വിതരണം ചെയ്യാനും ഏറെ കടമ്പകൾ കടക്കേണ്ടിവരുമെന്നാണ് നിലവിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾ സഹായം പണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഏറ്റവും നല്ല മാർഗം. സർക്കാർ ഏജൻസികൾക്കോ വ്യക്തമായ റജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന ചാരിറ്റികൾക്കോ എൻജിഒകൾക്കോ മാത്രമാണ് വിദേശത്തു സമാഹരിക്കുന്ന സാധനങ്ങൾ സ്വീകരിച്ച് വിതരണം ചെയ്യാൻ സാധിക്കുന്നത്. വ്യക്തികളുടെ പേരിൽ അയയ്ക്കുന്ന സഹായങ്ങൾക്ക് കസ്റ്റംസ് നികുതിയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.  

ബ്രിട്ടനിൽ വിവിധ സ്ഥലങ്ങളിൽനിന്നും പുതിയ വസ്ത്രങ്ങൾ അടക്കമുള്ള 25 ടൺ അവശ്യവസ്തുക്കൾ സമാഹരിച്ച് കയറ്റി അയയ്ക്കാനുള്ള യുക്മയുടെ തീരുമാനത്തിൽ മാറ്റമില്ല. നാട്ടിലെ ചില എൻജിഒകളുടെ സഹകരണത്തോടൊണ് ബ്രിട്ടനിലെ മലയാളി സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരള സർക്കാരിന്റെ നിയന്ത്രണങ്ങൾ അനുസരിച്ചുള്ള പുതിയ സാധനങ്ങൾ മാത്രമാണ് യുക്മ ശേഖരിച്ച് നാട്ടിലേക്ക് അയയ്ക്കുന്നത്. യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെ നേതൃത്വത്തിൽ സമാഹരിച്ച് കയറ്റി അയയ്ക്കുന്ന സാധനങ്ങൾ ഇപ്പോൾ നാട്ടിലുള്ള നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും മറ്റ് യുക്മ പ്രവർത്തകരും ഏറ്റുവാങ്ങി ചില എൻജിഒകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

വിദേശത്തുനിന്നും മറ്റും സാധനങ്ങൾ അധികമായി ആരും ഇങ്ങോട്ട് അയയ്ക്കേണ്ടതില്ല എന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതും ഇതും അയച്ച് സമയവും ധനവും പാഴാക്കരുതെന്ന് ശശി തരൂരിനെപ്പോലെ രാജ്യാന്തരതലത്തിൽ പ്രവർത്തിച്ച് പരിചയമുള്ളവരും ഉപദേശിക്കുന്നു. ദുരന്തനിവാരണത്തിന്റെ മൂന്നാം ഘട്ടമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് പ്രവാസികളുടെ സഹായം കൂടുതലായി വേണ്ടതെന്നാണ് ശശി തരൂരിന്റെ ഓർമപ്പെടുത്തൽ. അതിനാൽതന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൂടുതൽ ഫലപ്രദമാകുന്നത്. 

ഇതിനിടെ ബ്രിട്ടനിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും കൂടുതൽ മലയാളി സംഘടനകൾ ഓണാഘോഷങ്ങൾ റദ്ദാക്കി ആ തുക ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാൻ തീരുമാനിക്കുന്നുണ്ട്. വർഷങ്ങളായി ഓണാഘോഷം മുടക്കമില്ലാതെ നടത്തിവന്ന നോട്ടിംങ്ങാം മലയാളി അസോസിയേഷൻ ഓണാഘോഷം റദ്ദാക്കി തുക ദുരിതാശ്വാസത്തിനു നൽകാൻ തീരുമാനിച്ചു. 

ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ ഫണ്ട് സമാഹരണം പുരോഗമിക്കുകയാണ്. പിരിച്ചുകിട്ടുന്ന തുകയ്ക്കു പുറമേ 2000 പൗണ്ട് സംഘടനയുടെ ഫണ്ടിൽനിന്നും നീക്കിവച്ച് ദുരിതാശ്വാസത്തിന് സഹായിക്കാനാണ് യുകെയിലെ ആദ്യ മലയാളി സംഘടനയായ എംഎയുകെയുടെ തീരുമാനം. ഓണാഘോഷം പൂർണമായി മാറ്റിവയ്ക്കുന്നില്ലെങ്കിലും ആഘോഷത്തിലൂടെ സമാഹരിക്കുന്ന തുക ദുരിതാശ്വാസത്തിനു നൽകാനും തീരുമാനിച്ചതായി സെക്രട്ടറി ശ്രീജിത് അറിയിച്ചു. സെപ്റ്റംബർ 16ന് ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡ് ടൗൺ ഹാളിൽ പ്രത്യേക ധനസമാഹരണ പരിപാടിയും സംഘടന സംഘടിപ്പിക്കുന്നുണ്ട്. 

പ്രളയക്കെടുതി അനുഭവിക്കുന്ന നാട്ടിലെ പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും സഹായിക്കാൻ യുകെയിലെ മുഴുവൻ മലയാളികളും മലയാളി സംഘടനകളും മുന്നിട്ടിറങ്ങണമെന്ന് ബ്രിട്ടനിൽനിന്നുള്ള ലോക കേരള സഭാംഗങ്ങളായ ടി. ഹരിദാസ്, കാർമൽ മിറാൻഡ, മനു എസ്. പിള്ള, രേഖ ബാബുമോൻ, രാജേഷ് കൃഷ്ണ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. 

ഏതൊരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് പണം അയയ്ക്കാം. അക്കൗണ്ട് നമ്പർ . 67319948232, SBI സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  നേരിട്ടയയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കായി യുകെ അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. https://www.justgiving.com/crowdfunding/loka-keralasabha ഇതിൽ സമാഹരിക്കുന്ന മുഴുവൻ തുകയും എത്രയും വേഗം ദുരിതാശ്വാസനിധിയിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കൂടിയായ ലോക കേരള സഭാംഗം ടി. ഹരിദാസ് അറിയിച്ചു.