Latest News

വെളിച്ചെണ്ണ ശരിക്കും കൊടിയ വിഷമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഒരുപക്ഷേ ഏറ്റവും മോശമായ ഭക്ഷണമാണ് തേങ്ങ

2018-08-23 03:08:29am |

നിങ്ങള്‍ കറികളെയും മറ്റ് ആഹാര വസ്തുക്കളെയും രുചികരമാക്കാന്‍ ഉപയോഗിക്കപ്പെടുന്ന വെളിച്ചെണ്ണ വിഷമാണെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? മിക്കവാറും പേരും അവഗണിച്ചേക്കാവുന്ന ഈ സംഗതി ഫ്രീബര്‍ഗ് സര്‍വകലാശാലയിലെ ട്യുമര്‍ റിസര്‍ച്ച് സെന്ററിലെ തലവന്‍ പ്രൊഫസര്‍ ഡോ: കരിന്‍ മൈക്കളിന്റേതാണ്. കഴിഞ്ഞമാസം ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്‌ളിക് ഹെല്‍ത്തിലെ 50 മിനിറ്റ് നീണ്ട പ്രഭാഷണത്തിലായിരുന്നു ഈ പ്രസ്താവന.

വെളിച്ചെണ്ണ ശരിക്കും വിഷമാണ്. ഒരു പക്ഷേ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം ഭക്ഷണവും ഇതായിരിക്കുമെന്നാണ് കരിന്‍ പറയുന്നത്്. ജൂലൈ പത്തിന് പോസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത് നാലുലക്ഷം പേരാണ്. എണ്ണയിലെ പോഷകാംശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചകളും നടക്കുകയാണ്. തടി വര്‍ദ്ധിപ്പിക്കുമെന്ന തരത്തില്‍ പലരും തേങ്ങയില്‍ നിന്നും മുഖം തിരിക്കുമ്പോള്‍ ഉപയോഗം കര്‍ശനമായി കുറയ്‌ക്കേണ്ട ആഹാരമാണ് തേങ്ങയെന്ന് അമേരിക്കന്‍ ഹേര്‍ട്ട് അസോസിയേഷന്‍ പറയുന്നു.

അനേകം പേര്‍ക്ക് പ്രിയപ്പെട്ട ആഹാരപദാര്‍ത്ഥമാണ് തേങ്ങയും അതില്‍ നിന്നുള്ള എണ്ണയും. എന്നാല്‍ കാര്‍ഡിയോളജിസ്റ്റുകള്‍ പറയുന്നത് ഏറെ സ്വാദുള്ളതാണ് എന്നിരുന്നാലും ഹൃദയത്തിന്റെ നല്ല കൂട്ടുകാരനല്ല തേങ്ങ എന്നാണ്. 2016 ല്‍ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലത് എന്നായിരുന്നു 70 ശതമാനം അമേരിക്കക്കാരും പറഞ്ഞത്.

പലരും ആരോഗ്യകരമായ എണ്ണകളില്‍ വെളിച്ചെണ്ണയെ മുന്നില്‍ നിര്‍ത്തുകയും ചെയ്യുന്നുണ്ട്. 2000 ല്‍ കൊളംബിയ സര്‍വ്വകലാശാല നടത്തിയ രണ്ടു പഠനങ്ങള്‍ വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രിയുടെ കണ്ടെത്തല്‍ മറ്റൊന്നായിരുന്നു. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകള്‍ 14 ശതമാനം മാത്രമാണെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്.