Latest News

കൊച്ചി വിമാനത്താവളം ബുധനാഴ്ച തുറക്കും; സർവീസുകൾ ഉച്ചമുതൽ! ടിക്കറ്റ് എടുത്തവര്‍ സര്‍വീസ് ഉണ്ടെന്ന്‌ മൂന്‍കൂര്‍ ഉറപ്പു വരുത്തുക

2018-08-28 03:39:19am |

വെളളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ സാധാരണനിലയില്‍ നടത്തുമെന്നു വിമാനത്താവള കമ്പനി അറിയിച്ചു. കൊച്ചി നേവല്‍ ബേസില്‍ നിന്നുളള വിമാനസര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയോടെ അവസാനിപ്പിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുളള അവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു.

ഇടുക്കി – ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടർന്നതും മൂലം വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു. എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ ഉൾപ്പെടെ വിമാനത്താവളവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ വിഭാഗങ്ങളിലെ ജീവനക്കാരിൽ 90 ശതമാനവും പ്രളയക്കെടുതികൾ നേരിട്ടതും തിരിച്ചടിയായി. ഇതേത്തുടർന്നാണ് വിമാനത്താവളം തുറക്കുന്നതു നീട്ടിയത്.

നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടാഴ്ചക്കാലത്തേക്ക് പൂർണമായി നിലച്ചതാണ് ബ്രിട്ടനിൽ നിന്നുൾപ്പെടെയുള്ള പ്രവാസികളെ ഏറെ ദുരിതത്തിലാക്കിയത്. ഓണവും ഈദും ആഘോഷിക്കാൻ തയാറെടുത്ത് അവധിക്കു പോയ പലരും മടക്കയാത്ര ബുക്കുചെയ്തിരുന്ന ദിവസങ്ങളാണിത്. എന്നാൽ നെടുമ്പാശേരിയിൽ നിന്നും വിമാനം ഇല്ലാതായതോടെ ഇവിടെ നിന്നും ടിക്കറ്റുള്ള എല്ലാവരുടെയും യാത്ര അവതാളത്തിലായി. 

ടിക്കറ്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റിക്കിട്ടിയ പലർക്കും യാത്രചെയ്യാൻ കോഴിക്കോട്ടോ തിരുവനന്തപുരത്തോ എത്തേണ്ട അവസ്ഥയാണ്. ഇവർക്കെല്ലാം തന്നെ ബാംഗ്ലൂരോ മുംബെയിലോ ഡൽഹിയിലോ ഇറങ്ങിക്കയറേണ്ട സ്ഥിതിയും. ജെറ്റ് എയർവേസ്, എയർ ഇന്ത്യ എന്നിവയിൽ ടിക്കറ്റ് ബുക്കുചെയ്തിരുന്നവരാണ് ഇത്തരത്തിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നത്. ഇവിടങ്ങളിൽ പത്തുമണിക്കൂറോളം ട്രാൻസിറ്റ് സമയം തള്ളി നീക്കേണ്ടവരുമുണ്ട്.  മിഡിൽ ഈസ്റ്റ് വഴിയുള്ള വിമാനങ്ങളിൽ ടിക്കറ്റെടുത്തവർക്ക് തിരുവനന്തപുരത്തേക്കോ കോഴിക്കോട്ടേക്കോ ഉള്ള മാറ്റം മാത്രമാണ് വലിയ പ്രശ്നമായുള്ളത്. മണിക്കൂറുകൾ നീളുന്ന ട്രാൻസിറ്റുള്ളവർക്ക് എമറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ഹോട്ടൽ വിശ്രമവും അനുവദിക്കുന്നുണ്ട്. 

കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂർ തുടങ്ങി മധ്യകേരളത്തിലെ ജില്ലകളിലുള്ളവർക്ക് തിരുവനന്തപുരത്തോ കോഴിക്കോട്ടോ എത്തണമെങ്കിൽ  റോഡുമാർഗം നിലവിൽ മണിക്കൂറുകൾ നീളുന്ന യാത്രയാണുള്ളത്. ഇതും അവധിക്കാരെ വലയ്ക്കുന്നു. 

നെടുമ്പാശേരിയിൽനിന്നുതന്നെ യാത്രവേണമെന്ന് ശഠിച്ചവർക്ക് പലർക്കും ടിക്കറ്റ് സെപ്റ്റംബർ ആദ്യവാരത്തിനു ശേഷമാണ് മാറ്റി ലഭിച്ചത്. അപ്പോഴേക്കും ബ്രിട്ടണിൽ എല്ലായിടത്തും സ്കൂൾ തുറക്കും. അവധി തീർന്നിട്ടും നാട്ടിൽ തുടരാൻ നിർബന്ധിക്കപ്പെട്ട  സാഹചര്യത്തിലാണ് നാട്ടിലുള്ള നല്ലൊരു ശതമാനം ബ്രിട്ടീഷ് മലയാളികളും.  കേരളം മുഴുവൻ പ്രളയദുരിതത്തിൽ അകപ്പെട്ടതും വിമാനത്താവളം അടച്ചതുമെല്ലാം ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ വാർത്തയായിരുന്നതിനാൽ ജോലിസ്ഥലത്തും സ്കൂളുകളിലും വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല എന്നതു മാത്രമാണ് പ്രവാസികൾക്ക് ഏക ആശ്വാസം.