Latest News

ഇരുപത്തയ്യായിരം കിലോ അവശ്യ വസ്തുക്കൾ സമാഹരിക്കാനായിറങ്ങിയ യുക്മക്ക് യു.കെ.മലയാളികൾ എത്തിച്ചത് അതിലും എത്രയോ ഏറെ........ കവൻട്രി സേക്രട്ട് ഹാർട്ട് ചർച്ച് പാരീഷ് ഹാൾ സ്നേഹകൂമ്പാരമായി മാറി

2018-08-29 02:56:08am | സജീഷ് ടോം (യുക്മ പി.ആർ.ഒ.)
കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി, യുക്മയുടെ  ആഭിമുഖ്യത്തിൽ, യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമാഹരിച്ച അവശ്യ വസ്തുക്കൾ നാട്ടിലേക്ക്‌ കയറ്റി അയക്കുന്നതിന് മുന്നോടിയായി  കവൻട്രിയിൽ തയ്യാറാക്കിയ സോർട്ടിങ് സെന്ററിൽ പലതരത്തിലുള്ള സാധനനങ്ങൾ എത്തിച്ച് വേർതിരിക്കുന്ന ജോലികൾ നടന്നു. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരംഭിച്ച  സോർട്ടിങ്  തിങ്കളാഴ്ച പുലർച്ചയോടെയാണ് പൂർത്തിയായത്.  
 
25 ടണ്ണോളം അവശ്യ വസ്തുക്കളാണ് യുകെ മലയാളികളുടെ കാരുണ്യത്താൽ കേരളത്തിലേക്ക് വിമാനമാർഗ്ഗം അയയ്ക്കാക്കാൻ യുക്മ തയ്യാറെടുത്തതെങ്കിലും അതിൽ കൂടുതൽ സാധനങ്ങൾ ഇന്നലെ കവൻട്രിയലെ സോർട്ടിംഗ് സെൻററിൽ എത്തിയിരുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നു മാത്രമല്ല ഇംഗ്ലണ്ടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സ്കോട്ട്ലൻഡിൽ നിന്നും മലയാളികളും വിവിധ രാജ്യക്കാരായ മനുഷ്യ സ്നേഹികളും ഇതിനായി  അവശ്യ വസ്തുക്കൾ കൈയ്യയച്ചു സംഭാവന നൽകുകയായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തിച്ചേർന്നതിനാൽ തുണിത്തരങ്ങൾ ഉൾപ്പടെ പുതിയ വസ്തുക്കൾ മാത്രമാണ് തരംതിരിച്ച് അയക്കാനായത്. 25 ടണ്ണിൽ കൂടുതൽ അവശ്യവസ്തുക്കൾ പായ്ക്ക് ചെയ്തിട്ടുള്ളതിനാൽ പായ്ക്ക് ചെയ്ത അത്രയും സാധനങ്ങൾ നാട്ടിലെത്തിക്കണമെന്ന് എയർ ഇൻഡ്യയോട് അഭ്യർത്ഥിച്ചിടുണ്ടെന്ന് സെക്രട്ടറി റോജിമോൻ വർഗീസ് അറിയിച്ചു. 
 
ഞായറാഴ്ച ഉച്ചക്ക് 12 ന് പ്രവർത്തനമാരംഭിച്ച സോർട്ടിങ് സെന്ററിൽ യുക്മ അംഗ അസോസിയേഷൻ അംഗങ്ങളും യുക്മ യൂത്ത് വിങും യുക്മ സ്നേഹികളുമായ  നൂറ് കണക്കിന് വോളന്റിയർമാരും കഠിനാധ്വാനം ചെയ്താണ് സാധനങ്ങൾ തരംതിരിച്ച് വീണ്ടും പായ്ക്ക് ചെയ്ത് കയറ്റി അയക്കാൻ തയ്യാറാക്കിയത്. തിരുവോണ ദിവസമായ ശനിയാഴ്ച തന്നെ വിവിധ റീജിയനുകളിൽ ഭാരവാഹികളും അസ്സോസിയേഷൻ അംഗങ്ങളും അവശ്യ വസ്തുക്കൾ ശേഖരിച്ച് വാഹനങ്ങളിൽ ലോഡ് ചെയ്തിരുന്നു. യുകെയിലെ മുഴുവൻ മലയാളികളെയും കൂടാതെ തന്നെ അന്യദേശക്കാരും പങ്കാളികളായ ഈ ദൗത്യം യുക്മ ചാരിറ്റിയുടെ പ്രവർത്തനങ്ങളിൽ ഒരു തിലകക്കുറിയായി മാറുകയാണ്.
 
ദുരിതാശ്വാസ രക്ഷാ ക്യാമ്പുകളിൽ അവശ്യവസ്തുക്കൾ ലഭ്യമായിരുന്നു എങ്കിലും, തിരികെ  വീടുകളിലെത്തുന്നവർക്ക്  വീട്ടിലുണ്ടായിരുന്ന  ഒന്നും തന്നെ ഉപയോഗിക്കുവാൻ പറ്റാത്ത സ്ഥിതിയിലാണ്. ഈ വസ്തുത മുന്നിൽ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുത്തത്. ഇവിടെ നിന്നും എയർ ഇൻഡ്യ വഴി നാട്ടിലെത്തിക്കുന്ന സാധനങ്ങൾ  ഇപ്പോൾ കേരളത്തിലുള്ള യുക്മ പ്രസിഡന്റ്  മാമ്മൻ ഫിലിപ്പ്  വിമാനത്താവളത്തിൽ നിന്നും  ഏറ്റുവാങ്ങി വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്രങ്ങളിൽ എത്തിക്കും. 
 
യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണിയനിലെ പ്രമുഖ അസ്സോസിയേഷനുകളിൽ ഒന്നായ കവൻട്രി കേരളാ  കമ്യുണിറ്റിയുടെ ആഭിമുഖ്യത്തിലാണ് സേക്രട്ട് ഹാർട്ട് ചർച്ച് പാരീഷ് ഹാളിൽ യുക്മക്ക് വേണ്ടി സോർട്ടിങ് സെന്റർ ഒരുക്കിയിരുന്നത്. പ്രസിഡന്റ് ജോർജ് വടക്കേക്കുറ്റ്‌, സെക്രട്ടറി ഷിംസൺ മാത്യു, ട്രഷറർ ജോസ് തോമസ് പരമ്പൊത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരുമുൾപ്പെടെ സി കെസി അംഗങ്ങളുടെ  വലിയൊരു സഹായം ഇക്കാര്യത്തിന് ലഭിക്കുകയുണ്ടായി. 
 
യുക്മ സെക്രട്ടറി റോജിമോൻ വർഗ്ഗീസിന്റെ നേതൃത്വത്തിൽ ട്രഷറർ അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് സുജു ജോസഫ്, ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, നാഷണൽ കമ്മിറ്റിയംഗങ്ങളായ ഡോ.ബിജു പെരിങ്ങത്തറ, ജോമോൻ കുന്നേൽ, റീജിയണൽ ഭാരവാഹികളായ വർഗ്ഗീസ് ചെറിയാൻ, ബാബു മാങ്കുഴിയിൽ, ലാലു ആന്റണി, ഡിക്സ് ജോർജ്, പി.പി.പുഷ്പരാജ്, തങ്കച്ചൻ എബ്രഹാം, ജോജോ തെരുവൻ, സന്തോഷ് തോമസ്, അജിത്ത് വെൺമണി, അനിൽ വർഗ്ഗീസ്, കോശിയ ജോസ്, നോബി ജോസ്,   യുക്മ ടൂറിസം വൈസ്ചെയർമാൻ ടിറ്റോ തോമസ്, യുക്മ ചാരിററി അംഗം വർഗ്ഗീസ് ഡാനിയേൽ, യുക്മ പി.ആർ.ഒ അനീഷ് ജോൺ, യുക്മ ന്യൂസ് ടീമംഗങ്ങളായ ബെന്നി അഗസ്റ്റിൻ, ബിബിൻ എബ്രഹാം, നഴ്സസ് ഫോറം പ്രതിനിധി എബ്രഹാം പൊന്നും പുരയിടം, തുടങ്ങി യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സന്നദ്ധ പ്രവർത്തകരാണ് ബൃഹത്തായ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.
 
പ്രകൃതി ദുരന്തത്തിൽ തകർന്ന കേരളത്തിലെ സഹോദരങ്ങളെ  പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി  യുക്മ നേതൃത്വം നൽകിയ  ഈ ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ നന്മ നിറഞ്ഞവർക്കും യുക്മ നാഷണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.