Latest News

ബിനയുടെ മൃതദേഹം വ്യാഴാഴ്ച പൊതുദര്‍ശനത്തിനു വയ്ക്കും; അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരം, വെള്ളിയാഴ്ച നാട്ടിലേക്ക്, സംസ്‌കാരം ശനിയാഴ്ച

2018-10-02 05:24:50am |

ലണ്ടന്‍: കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ലണ്ടനിലെ മലയാളി നഴ്‌സ്  ബീന ഫ്രാന്‍സീസിന്റെ (51) അന്ത്യോപചാര ശുശ്രുഷയും, പൊതുദര്‍ശ്ശനവും വ്യാഴാഴ്ച നടക്കും. 4 നു ഉച്ചയ്ക്ക് 12:00 മണിക്ക് ഫോറസ്‌ററ് ഗേറ്റില്‍ ഉള്ള സെന്റ് ആന്റണീസ് ദേവാലയത്തില്‍ അന്ത്യോപചാര തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.  ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ഫാ. തോമസ് പാറയടിയില്‍, ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം, വെസ്റ്റ് മിന്‍സ്റ്റര്‍ ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല തുടങ്ങിയ വൈദികര്‍ സമൂഹബലിയില്‍ പങ്കു ചേരും.

ലണ്ടനില്‍ നിന്ന് മൃതദേഹം വെള്ളിയാഴ്ച എമിറേറ്റ്‌സില്‍ നാട്ടിലേക്ക് അയക്കും. കുടുംബാംഗങ്ങളും, ബന്ധുക്കളും മൃതദേഹത്തെ അനുഗമിക്കും. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ നാട്ടില്‍ എത്തിച്ചേരുന്ന മൃതദേഹം ഏറ്റു വാങ്ങി വിലാപ യാത്രയായി ബീനയുടെ കുടുംബ വീട്ടിലേക്കു കൊണ്ടുപോകും. കൂത്താട്ടുകുളം കോഴിപ്ലാക്കിത്തടത്തില്‍ കുടുംബ വീട്ടില്‍ ഒക്ടോബര്‍ 6 നു ശനിയാഴ്ച ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് അന്ത്യോപചാര ശുശ്രുഷകള്‍ ആരംഭിച്ചു കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സിമിത്തേരിയില്‍ സംസ്‌കാരം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബീനയുടെ അന്ത്യോപചാര തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന്  നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുവാനും, ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും, യാത്രാമൊഴിയേകുവാനും, സന്തപ്ത കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുവാനുമായി ഈ അവസരം ഉപയോഗിക്കുവാന്‍ ഈസ്റ്റ് ഹാം സെന്റ് മൈക്കിള്‍സ് സീറോമലബാര്‍  ചാപ്ലിനും, പാരീഷ്‌ക്കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു.

പള്ളിയുടെ വിലാസം.

  St.Antony's Church, Forest Gate  E7 9QB, London.  

കഴിഞ്ഞ തിങ്കഴാഴ്ചയാണ് ബീന കാന്‍സര്‍ ബാധിച്ചു വിധിക്കു കീഴടങ്ങിയത്.  കോട്ടയം കൂത്താട്ടുകുളം പുത്തന്‍പുരയില്‍ കുടുംബാംഗമാണ്. മലയാറ്റൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് പാലാട്ടിയുടെ ഭാര്യയാണ്. റോണ്‍, ഫെബ, നിക്ക് എന്നിവര്‍ മക്കള്‍.

ലണ്ടനിലെ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിനിസ്റ്റര്‍ ആശുപത്രിയിലെ നഴ്‌സാണ്. അപ്റ്റണ്‍ പാര്‍ക്കില്‍ ആണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ഫ്രാന്‍സിസ് പാലാട്ടി സീറോ മലബാര്‍ ഈസ്റ്റ്ഹാം ഇടവകാംഗമാണ്. ഫാ. ജോസ് അന്ത്യാംകുളത്തിന്റെ നേതൃത്വത്തില്‍വീട്ടില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തിയിരുന്നു.

ബാംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്‌സില്‍  നിന്നും നേഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ബീന (51) പതിന്നാലു വര്‍ഷത്തോളം ദോഹയില്‍ ജോലി ചെയ്ത ശേഷം 2005 ല്‍ ആണ് യു കെ യില്‍ എത്തിച്ചേരുന്നത്. ബീനാ ഫ്രാന്‍സീസ് ലണ്ടന്‍ ചെല്‍സി ആന്‍ഡ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി  സേവനം ചെയ്തുവരികയായിരുന്നു.