Latest News

ടോയ്‌ലറ്റ് കഴുകും, വിമാനത്തിലെ ഭക്ഷണം കഴിക്കും, കിടപ്പ് ടെര്‍മിനലിലെ ഗോവണിയുടെ കീഴില്‍ ; സിറിയന്‍ സൈന്യത്തില്‍ നിന്നും മുങ്ങിയ 36 കാരന്‍ ഏഴു മാസമായി താമസം ക്വാലലംപൂര്‍ വിമാനത്താവളത്തില്‍

2018-10-04 02:05:14am |

ക്വാലലംപൂര്‍: നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കാതെ മറ്റൊരു രാജ്യത്തും ചേക്കേറാനാകാതെ മാസങ്ങളോളം വിമാനത്താവളത്തില്‍ കഴിഞ്ഞ സിറിയക്കാരനെ ഒടുവില്‍ മലേഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഴു മാസമായി ക്വാലലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ താമസിക്കുകയായിരുന്ന ഹസല്‍ അല്‍ കോണ്ടാറിനെയാണ് മലേഷ്യന്‍ പോലീസ് ഒടുവില്‍ അറസ്റ്റ് ചെയ്തത്.

നാട്ടിലെ സൈന്യത്തില്‍ നിന്നും പാലായനം ചെയ്ത ഇയാള്‍ക്ക് ഇക്വഡോറിലേക്കുള്ള വിമാനം കയറാന്‍ അധികൃതര്‍ തടസ്സം നിന്നതോടെ മാര്‍ച്ച് 7 മുതല്‍ ഇയാളുടെ വീടും കൂടുമെല്ലാം ക്വാലലംപൂര്‍ വിമാനത്താവളമായി മാറിയിരുന്നു. നാട്ടില്‍ സൈനികസേവനം ചെയ്യാന്‍ കൂട്ടാക്കാതെ മുങ്ങിയ ഇയാള്‍ കംബോഡിയയിലേക്ക് കുടിയേറാനും ശ്രമം നടത്തിയെങ്കിലും പ്രവേശനം നിരസിക്കപ്പെട്ടു. വിസാ പ്രശ്‌നത്തെ തുടര്‍ന്ന് മലേഷ്യയിലേക്ക് തിരിച്ചു കയറാനുമായില്ല. ഇതോടെ ടെര്‍മിനലില്‍ കുടുങ്ങിപ്പോയ ഇയാള്‍ എയര്‍ലൈനുകളില്‍ നിന്നുള്ള ഭക്ഷണം കഴിച്ചും ശൗചാലയങ്ങള്‍ വൃത്തിയാക്കിയുമാണ് ഇത്രയും കാലം കഴിഞ്ഞുപോന്നത്്. യൂ ട്യൂബ് വീഡിയോകള്‍ വഴി തന്റെ പ്രശ്‌നം പല തവണ ഇയാള്‍ ലോകത്തെ അറിയിച്ചെങ്കിലും ഒരു മനുഷ്യാവകാശ സംഘടനകളും കോണ്ടാറിന്റെ പ്രശ്‌നം ഏറ്റെടുക്കാന്‍ ആരും മുമ്പോട്ടു വന്നില്ല.

എന്നാല്‍ മലേഷ്യന്‍ ഇമിഗ്രേഷന്‍ തലവന്‍ മുസ്താഫര്‍ അലി ഇയാളെ വിമാനത്താവളത്തില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിന് തിങ്കളാഴ്ച അന്ത്യശാസനം നല്‍കി. എന്നാല്‍ കോണ്ടാറിന്റെ നിരന്തരമുള്ള പോസ്റ്റുകള്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത് മലേഷ്യയെ വിഷമിപ്പിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഇയാളുടെ പോസ്റ്റുകള്‍ മലേഷ്യയെ നാണം കെടുത്തുന്നതായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബോര്‍ഡിംഗ് പാസ്സ് ഇല്ലാതെ നിയന്ത്രണ രേഖ മറികടന്നു എന്നാണ് കോണ്ടാറിനെ അറസ്റ്റ് ചെയ്യാന്‍ മലേഷ്യന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്ന കുറ്റം.

ഇയാളെ ഇപ്പോള്‍ പുറത്താക്കാനുള്ള നടപടിക്രമങ്ങളാണ് മലേഷ്യ ചെയ്തു കൊണ്ടിരിക്കുകയാണ്. അതേസമയം അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്ന കോണ്ടാറിന്റെ വിഷയം ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സിന്റെ അവര്‍ സൂപ്പര്‍ഹിറ്റ് 'ടെര്‍മിനല്‍' സിനിമയുടെ കഥയോട് കൂട്ടിച്ചേര്‍ത്താണ് കാണുന്നത്. 2004 ല്‍ പുറത്തു വന്ന സിനിമ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ കഴിയാതെ ന്യൂയോര്‍ക്ക് വിമാനത്താളവത്തില്‍ കുടുങ്ങിപ്പോകുന്ന ഒരു റഷ്യക്കാരന്റെ കഥ പറയുന്നതാണ്.

അതേസമയം യുഎഇയിലായിരുന്ന ​കോണ്ടാറിനെ 2017 ജനുവരിയില്‍ മലേഷ്യയിലേക്ക് നാടുകടത്തിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്നു മാസത്തെ ടൂറിസ്റ്റ് വിസയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ കരിമ്പട്ടികയില്‍ പെട്ടതിനാല്‍ തിരികെ പോകാന്‍ കഴിയാത്ത സ്ഥിതിയിലാണെന്നും വിവരമുണ്ട്. പിന്നീട് കംബോഡിയയിലും പ്രവേശനം നിഷേധിക്കപ്പെട്ട് ക്വാലലംപൂര്‍ വിമാനത്താളവത്തില്‍ കഴിയാന്‍ നിര്‍ബ്ബന്ധിതമായതാണത്രേ.