ഒരു മോഷണം നടത്താന്‍ ഹോളിവുഡ് സിനിമ കണ്ടത് 100 തവണ; ജയില്‍വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി അധികൃതരെ ബന്ദികളാക്കി തടവുചാടി ; പിന്നീട് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ കിടന്നുറങ്ങുമ്പോള്‍ കൊടും ക്രിമിനല്‍ വീണ്ടും പിടിയിലായി

2018-10-05 02:37:15am |

ഫ്രഞ്ച് ജയിലില്‍ തടവുകാരെ ബന്ദികളാക്കി ഹെലികോപ്റ്ററില്‍ ജയില്‍ചാട്ടം നടത്തിയ ക്രിമിനല്‍ ക്ഷീണിച്ച അവശനായി കിടന്നുറങ്ങുമ്പോള്‍ പോലീസ് വീണ്ടും പൊക്കി. 'ജയില്‍ചാട്ട രാജാവ്' എന്ന വിശേഷണമുള്ള ക്രൂരനായ കുറ്റവാളിയും ക്രിമിനല്‍ ഗ്യാംഗിന്റെ തലവനുമായ റെഡോയിന്‍ ഫയദാണ് വീണ്ടും പിടിയിലായത്. എട്ടു വര്‍ഷം മുമ്പ് 25 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഫയദ് അതീവ സുരക്ഷയുള്ള ഫ്രഞ്ച് ജയിലായ റീയുവില്‍ നിന്നും ജൂലൈ 1 ന് തടവുചാടിയിരുന്നു.

ഫ്രാന്‍സിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയിലുള്ള ഫയദിനെ 2010 ല്‍ ഒരു കൊള്ള നടത്തുന്നതിനിടയില്‍ പോലീകാരി കൊല്ലപ്പെട്ട കേസിലാണ് 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ റോ നഗരത്തിലുള്ള ജയിലില്‍ നിന്നും ഇയാളും കൂട്ടാളികളും അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവുചാടല്‍ നടത്തിയത്. ആയുധധാരികളായ മുഖംമൂടികളുടെ സഹായത്തോടെ തട്ടിയെടുത്ത ഹെലികോപ്റ്ററുപയോഗിച്ച് ജയില്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി ആയിരുന്നു തടവുചാടല്‍. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ഫയദ് എല്ലാം നടത്തിയപ്പോള്‍ നോക്കി നില്‍ക്കാനേ ഉദ്യോഗസ്ഥര്‍ക്കായുള്ളു.

്എന്നാല്‍ ഫയദിനെ തെരഞ്ഞു നടക്കുകയായിരുന്ന പോലീസ് കഴിഞ്ഞദിവസം വടക്കന്‍ പാരീസില്‍ അയാളുടെ വീട് സ്ഥിതി ചെയ്യുന്ന ക്രെയിലിലെ ഒരു അപ്പാര്‍ട്ട്‌മെന്റ് ബ്‌ളോക്കില്‍ കിടന്നുറങ്ങുന്ന സമയത്ത് പോലീസ് പരിശോധന നടത്തി പിടികൂടി. യാതൊരു എതിര്‍പ്പും കൂടാതെ തന്നെ ഇയാള്‍ പോലീസിന് കീഴടങ്ങി. അയാളുടെ സഹോദരനും മറ്റു രണ്ടു പേരും പിടിയിലായിട്ടുണ്ട്. റെയ്ഡിന് എലൈറ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 50 ലധികം ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് പുസ്തകം വരെ എഴുതിയിട്ടുള്ള ഫയദ് കൊള്ളക്കാരെ കഥാപാത്രങ്ങളാക്കിയുള്ള സിനിമകളുടെ കടുത്ത ആരാധകനായ ഫയദ് ആ സിനിമകളാണ് തന്നെ കുറ്റവാളിയാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു.

സ്‌ക്കാര്‍ഫേസ്, റിസര്‍വോയര്‍ ഡോഗ്‌സ് തുടങ്ങിയ സിനിമകളാണ് ജയില്‍ചാട്ടത്തിന് തനിക്ക് പ്രചോദനവും ആശയവുമായതെന്നും ഇയാള്‍ പറഞ്ഞു. പുറത്തുള്ള ഇയാളുടെ സംഘാംഗങ്ങള്‍ പൈലറ്റിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ജയില്‍ വളപ്പില്‍ ഹെലികോപ്റ്റര്‍ ഇറക്കി ജയില്‍ വാതിലുകള്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തായിരുന്നു അധോലോക നായകനെ രക്ഷപ്പെടുത്തിയത്. 2013 ലും ഫയദ് ഒരു ജയില്‍ചാട്ടം നടത്തിയിരുന്നു. അന്നും നാലു ജയില്‍ ജീവനക്കാരെ ബന്ദികളാക്കിയും ജയിലിന്റെ വാതില്‍ സ്‌ഫോടകവസ്തുക്കള്‍ കൊണ്ടു തകര്‍ത്തുമായിരുന്നു രക്ഷപ്പെടല്‍. എന്നാല്‍ ആറാഴ്ചയ്ക്ക് ശേഷം വീണ്ടും പിടിക്കപ്പെട്ടു.

ഫയദ് ജയില്‍ ചാടിയതിന് പിന്നാലെ പോലീസ് ഇയാളെ പിടിക്കാന്‍ കഠിനമായ ശ്രമത്തിലായിരുന്നു. 2010 ല്‍ ജയില്‍ ചാടിയതിന് പിന്നാലെ തന്റെ കൊള്ളജീവിതത്തെ കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഹൗസിംഗ് എസ്‌റ്റേറ്റുകള്‍ക്കിടയില്‍ വളര്‍ന്ന താന്‍ താന്‍ എങ്ങിനെയാണ് കുറ്റകൃത്യങ്ങളിലേക്ക് എത്തിയതെന്നും തന്റെ മോഷണ പരമ്പരയെക്കുറിച്ചും പറയുന്നുണ്ട്. 1995 ല്‍ ബാങ്കുകള്ളന്മാരുടെ കഥ പറഞ്ഞ ഹോളിവുഡ് സിനിമയായ ഹീറ്റിലെ രംഗങ്ങള്‍ അനുകരിച്ചാണ് വാനുകള്‍ ആക്രമിക്കുന്ന രീതി നടപ്പിലാക്കിയതെന്ന് പുസ്തകത്തില്‍ പറയുന്നു.

മൈക്കല്‍ മാന്‍ സംവിധാനം ചെയ്ത ഈ സിനിമ താന്‍ 100 തവണയാണ് കണ്ടതെന്നും പറഞ്ഞിട്ടുണ്ട്. പാരീസില്‍ മറ്റൊരു സിനിമയുടെ പ്രീമിയര്‍ഷോയ്ക്കിടയില്‍ ഈ സംവിധായകനെ നേരിട്ടു പരിചയപ്പെട്ടു. നിങ്ങള്‍ എന്റെ അദ്ധ്യാപകനാണെന്നും പക്ഷേ എന്റെ ജീവിതം കുഴച്ചുമറിച്ചു കളഞ്ഞെന്നുമാണ് അന്ന് സംവിധായകനോട് പറഞ്ഞത്.