ഫാദര്‍ തോമസ് പാറയടിയിലും ഫാദര്‍ ജോസ് അന്ത്യാംകുളവും നേതൃത്വം നല്‍കി, നൂറു കണക്കിന് പേരുടെ സാന്നിധ്യത്തില്‍ മലയാളി സമൂഹം ബീനയ്ക്ക് വിടയേകി

2018-10-05 02:44:34am |

ലണ്ടൻ ∙ കാൻസർ രോഗത്തിനു ചികിൽസയിലിരിക്കെ കഴിഞ്ഞയാഴ്ച ലണ്ടനിൽ നിര്യാതയായ ബീന ഫ്രാൻസിസിന് (51) ലണ്ടനിലെ സുഹൃത്തുക്കളും ഈസ്റ്റ് ഹാം സിറോ മലബാർ ഇടവകാംഗങ്ങളും അന്തിമോപചാരമർപ്പിച്ച് വിട നൽകി. ഇന്നലെ ഉച്ചയ്ക്ക് 12ന് അപ്റ്റൺ പാർക്ക് സെന്റ് ആന്റണീസ് പള്ളിയിലായിരുന്നു വിടവാങ്ങൾ ശുശ്രൂഷകളും പൊതു ദർശനവും. 

Funeral

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ ഫാദർ തോമസ് പാറയടിയിൽ, സിറോ മലബാർ ബ്രൻഡുഡ് രൂപതാ ചാപ്ലൈനും ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് സിറോ മലബാർ ഇടവക പ്രീസ്റ്റ് ഇൻ ചാർജുമായ ഫാദർ ജോസ് അന്ത്യാംകുളം എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ബീനയുടെയും ഭർത്താവ് ഫ്രാൻസിസിന്റെയും സഹപ്രവർത്തകരും സുഹൃത്തുക്കളും മക്കളായ റോൺ, ഫെബ, നിക്ക് എന്നിവരുടെ സഹപാഠികളും ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിക്കാനെത്തി. 

Funeral2

ഈസ്റ്റ്ഹാം സെന്റ് മൈക്കിൾസ് സിറോ മലബാർ പാരിഷ് അംഗമായ മലയാറ്റൂർ സ്വദേശി ഫ്രാൻസിസ് പാലാട്ടിയുടെ ഭാര്യയായ ബീന ഒരു വർഷത്തിലേറെയായി കാൻസർ രോഗത്തിനു ചികിൽസയിലായിരുന്നു. 14 വർഷത്തോളം ദോഹയിലും പിന്നീട് ഇറ്റലിയിലും ജോലി ചെയ്ത ശേഷമാണ് ബീന ലണ്ടനിലെത്തിയത്. ലണ്ടനിലെ ചെൽസി ആൻഡ് വെസ്റ്റ്മിനിസ്റ്റർ ആശുപത്രിയിലെ നഴ്സായിരുന്നു. 

Funeral3

വെള്ളിയാഴ്ച രാവിലെ എമറേറ്റ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയയ്ക്കും. കുടുംബാംഗങ്ങളും ഇതേ വിമാനത്തിൽ നാട്ടിലെത്തും. ശനിയാഴ്ച രാവിലെ ഒൻപതിന് നെടുമ്പാശേരിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ബീനയുടെ കൂത്താട്ടുകുളത്തെ കുടുംബവീട്ടിൽ എത്തിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കൂത്താട്ടുകളും സെന്റ് ജൂഡ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം.