Latest News

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ നമ്മുടെ പിടി പോയല്ലോ? ടി. ഹരിദാസ് പടിയിറങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാളിയുടെ അഹങ്കാരം

2018-10-06 02:57:54am |

ലണ്ടന്‍: ആരെങ്കിലും മരിച്ചാല്‍ എല്ലാവരും ആദ്യം വിളിക്കുന്നത് പ്രിയപ്പെട്ടവരെ ആകും.  ബ്രിട്ടനിലാകട്ടെ ആദ്യ വിളികളില്‍ ഒന്ന് എത്തുന്നത് ഹരിയേട്ടന്‍ എന്ന് മലയാളികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന തെക്കേമുറി ഹരിദാസിനാകും. ആര്‍ക്കും ഏതു സഹായവും തേടി എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം. മരണം എന്നല്ല, നാട്ടില്‍ നിന്ന്  ബന്ധുക്കളെ എത്തിക്കാനോ നേതാക്കന്‍മാരെ എത്തിക്കാനോ എന്നല്ല ചെറിയ കാര്യങ്ങള്‍ക്കു പോലും ഹരിയേട്ടന്റെ ഉപദേശം തേടി മലയാളികള്‍ ചെല്ലും. ചിരിച്ച മുഖത്തോടെ എല്ലാവരെയും കൈകാര്യം ചെയ്തു വിടും ഹരിയേട്ടന്‍.

ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ മലയാളി മുഖമായിരുന്ന ഹരിയേട്ടന്‍ 46 വര്‍ഷത്തെ സേവനത്തിനുശേഷം ഹരിയേട്ടല്‍ ലണ്ടനിലെ ഹൈക്കമ്മിഷന്‍ ആസ്ഥാനമായ ഇന്ത്യാ ഹൗസിന്റെ പടിയിറങ്ങുമ്പോള്‍ മലയാളികള്‍ക്ക് നഷ്ടമാകുന്നത് അവരുടെ സ്വന്തം പ്രതിനിധിയെയാണ്. 1972ല്‍ തുടങ്ങിയ ഹൈക്കമ്മിഷന്‍ ഓഫിസിലെ ജോലിയില്‍നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരിയേട്ടന്‍ വിരമിച്ചത്. മൂന്നുവര്‍ഷം മുമ്പുതന്നെ സര്‍വീസ് കാലാവധി അവസാനിച്ചിരുന്നെങ്കിലും ഹൈക്കമ്മിഷണറുടെയും ഹെഡ് ഓഫ് ചാന്‍സറിയുടെയും അഭ്യര്‍ഥനപ്രകാരം സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയില്‍ ജോലി തുടരുകയായിരുന്നു.

ഗുരുവായൂരിലെ തെക്കേമുറി വീട്ടില്‍ ഭാസ്‌കരന്‍ നായരുടെയും തങ്കമ്മയുടെയും മകനായി ജനിച്ച ഹരിദാസ് പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠിത്തം പലപ്പോഴായി മുടങ്ങി. ജലഗതാഗത വകുപ്പില്‍ ജീവനക്കാരനായിരുന്നു അച്ഛന്‍ ഭാസ്‌കരന്‍ നായര്‍.  ഡിഗ്രിപഠനം പൂര്‍ത്തിയാക്കുംമുമ്പേ തമിഴ്‌നാട്ടില്‍ ജോലിയ്ക്കായി ശ്രമിച്ചു. ഒടുവില്‍ ഒരു തുണിമില്ലില്‍ ജോലിക്കാരനായി.

ആയിടയ്ക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഉദ്യോഗസ്ഥനായിരുന്ന അമ്മാവന്‍ എം.ആര്‍.സി. നായരാണ് ഹരിദാസിനെ ഇംഗ്ലണ്ടില്‍ എത്തിച്ചത്. വലിയ സ്വപ്നങ്ങളുമായ ലണ്ടനിലെത്തിയ ചെറുപ്പക്കാരന് പക്ഷേ, കാര്യങ്ങള്‍ ഉദ്ദേശിച്ചപോലെ എളുപ്പമായിരുന്നില്ല. ജീവിക്കാനായി ഹോട്ടല്‍ തൊഴിലാളിയായും പെട്രോള്‍ പമ്പിലുമെല്ലാം ജോലി ചെയ്തു. ഇതിനിടെയാണ് ഹൈക്കമ്മിഷനില്‍ ചെറിയ ജോലി ലഭിച്ചത്. ഹൈക്കമ്മിഷനിലെ ജോലിക്കു ശേഷമുള്ള സമയത്ത് ലയണ്‍സ് റസ്റ്ററന്റില്‍ ജോലി ചെയ്തു.

അവിടെനിന്നു കൊണ്ടു പഠിച്ച  ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് പിന്നീട് ബിസിനസില്‍ വലിയ വഴിത്തിരിവായത്. അസിസ്റ്റന്റ് മാനേജരായി ലയണ്‍സ് ഗ്രൂപ്പില്‍ വളര്‍ന്നെങ്കിലും മാനേജ്‌മെന്റ് മാറിയപ്പോള്‍ പടിയിറങ്ങി. പിന്നീടാണ് സ്വന്തമായി ലണ്ടനിലെ ക്ലീവ് ലാന്‍ഡ് സ്ട്രീറ്റില്‍ ശ്രീകൃഷ്ണ ഹോട്ടല്‍ വിലയ്ക്കു വാങ്ങുന്നത്. മലയാളിയായ ഒരു ബാങ്ക് മാനേജരുടെ സഹായത്തോടെയായിരുന്നു ഇതിനുള്ള പണം ലോണായി സമാഹരിച്ചത്.

ബിസിനസിലും ജോലിയിലും ഒരേസമയം തിളങ്ങിയ ഹരിദാസ് തന്റെ ''ആഹാരനയതന്ത്ര''ത്തിലൂടെ നേടിയതാണ് ഇന്നു കാണുന്ന ബിസിനസ് സംരംഭങ്ങളും സുഹൃത് വലയവുമെല്ലാം.  ലണ്ടനിലെത്തിയാല്‍ ഹരിയേട്ടന്റെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിക്കാതെ മടങ്ങുന്ന മലയാളികളില്ല. ഗുരുവായൂരിലെ സാധാരണ കുടുംബത്തില്‍ ജനിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഉദ്യോഗം നേടി പിന്നീട് ജോലിക്കൊപ്പം അറിയപ്പെടുന്ന ബിസിനസുകാരനായും സാമൂഹിക പ്രവര്‍ത്തകനായും വളര്‍ന്ന കഥയാണു ഹരിയേട്ടന്‍ എന്ന ടി. ഹരിദാസിന്റേത്. ഹൈക്കമ്മിഷനിലെ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങിയ അദ്ദേഹം വിരമിക്കുമ്പോള്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ വരെയായി.

ബിസിനസിലും സമാനമായ വളര്‍ച്ചയാണ് അദ്ദേഹം കൈവരിച്ചത്. 1983ല്‍  രാഗം ഹോട്ടല്‍ ലീസിനെടുത്തു. പിന്നീട്  ശ്രീകൃഷ്ണ എന്ന ചെറിയൊരു ഹോട്ടല്‍ വിലയ്ക്കുവാങ്ങി.   ഈ ബിസിനസ് ഇന്നു യുകെയിലെ പ്രശസ്തമായ ദക്ഷിണേന്ത്യന്‍ ഹോട്ടല്‍ ശൃംഖലയാണ് കേരളാ ഗ്രൂപ്പ് ഓഫ് റസ്റ്ററന്റ്‌സ് അഥവാ കെജിആര്‍ ഗ്രൂപ്പ് പത്തോളം ഹോട്ടലുകള്‍ അടങ്ങിയ കെജിആര്‍ ഗ്രൂപ്പില്‍ നൂറിലേറെപ്പേരാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്.

ഗുരുവായൂരപ്പന്റെ ഭക്തനായ ഹരിദാസിന് ജന്മനാടായ ഗുരുവായൂരിലും ഹോട്ടലുണ്ട്. ഗുരുവായുരപ്പന്റെ ഭക്തര്‍ക്ക് കുറഞ്ഞ ചെലവില്‍ നല്ല ആഹാരം നല്‍കുന്ന ഹോട്ടല്‍ സംരംഭമാണിത്. കഴിഞ്ഞ 22 വര്‍ഷമായി ഗുരുവായൂരില്‍ മുടങ്ങാതെ വിഷുവിളക്കും നടത്തുന്നു. ഭാര്യ ജയലതയും മക്കളായ വൈശാഖ്,  വിനോദ്, നിലേഷ്, നിഖില്‍ എന്നിവരാണ് ബിസിനസില്‍ ഹരിദാസിനെ സഹായിക്കുന്നത്.

ജോലിക്കും ബിസിനസിനുമൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും ഹരിയേട്ടന് ചുമതലകളും പദവികളും ഏറെയാണ്. ലോക കേരള സഭാംഗം, ഒ.ഐ.സി.സി.യു.കെയുടെ പ്രഥമ ദേശീയ പ്രസിഡന്റ് തുടങ്ങി നിരവധി സംഘടനകളുടെ പ്രസിഡന്റും രക്ഷാധികാരിയുമായി പ്രവര്‍ത്തിക്കുന്നു.  നയതന്ത്രജ്ഞര്‍, രാഷ്ട്രീയ നേതാക്കള്‍, കലാകാരന്മാര്‍, ബിസിനസുകാര്‍ തുടങ്ങി സമൂഹത്തിന്റെ ഉന്നത ശ്രേണിയിലെ വലിയൊരു സുഹൃദ് വലയത്തിന്റെ ഉടമകൂടിയാണ് മിതഭാഷിയും കഠിനാധ്വാനിയുമായ ഹരിയേട്ടന്‍. നിരവധി ബ്രിട്ടീഷ് നേതാക്കളുടെയും അടുത്ത സുഹൃത്താണദ്ദേഹം.

ഇന്ദിരാഗാന്ധി മുതല്‍ നരേന്ദ്ര മോദി വരെയുള്ള പ്രധാനമന്ത്രിമാരുമായി സംസാരിക്കാനും അടുത്തിടപഴകാനും അവസരം ലഭിച്ചു. നിരവധി രാഷ്ട്രത്തലവന്മാരെയും നേരില്‍ കണ്ടു. ഇ.എം.എസ്. മുതല്‍ പിണറായി വിജയന്‍ വരെയുള്ള കേരള മുഖ്യമന്ത്രിമാരെല്ലാം അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിലുള്‍പ്പെടുന്നു. ഹരിയേട്ടന്റെ ലണ്ടനിലെ  ആതിഥ്യത്തെക്കുറിച്ച് ഇ.കെ. നായനാര്‍  തന്റെ പുസ്തകത്തില്‍ പോലും എഴിതിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ ചികില്‍സയ്ക്കായി ലണ്ടനില്‍ എത്തിയപ്പോഴും അമേരിക്കയില്‍ ചികില്‍സ കഴിഞ്ഞു മടങ്ങവേ കെ. കരുണാകരന്‍ ലണ്ടനില്‍ ഇറങ്ങിയപ്പോഴും വേണ്ടതെല്ലാം ചെയ്തത് ഹരിയേട്ടന്റെ നേതൃത്വത്തിലായിരുന്നു.