Latest News

ഡ്രൈവ് ചെയ്യുമ്പോള്‍ ഫോണില്‍ ചാറ്റ്, നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് നഴ്‌സ് മരിച്ചു! മലയാളി നഴ്‌സിന് പറ്റിയ അബദ്ധം ആവര്‍ത്തിച്ച് മറ്റൊരു സംഭവം കൂടി

2018-10-07 09:33:56am |

യുകെയില്‍ മലയാളി നഴ്‌സിന് നേരിട്ട അതേ അബദ്ധം നേരിട്ട് മറ്റൊരു വാഹനാപകടം കൂടി. ഫോണില്‍ ചാറ്റ് ചെയ്തു ഡ്രൈവ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് നഴ്‌സിന്.. ഡ്രൈവ് ചെയ്യുന്നതിനിടെ ഫോണില്‍ ചാറ്റ് ചെയ്ത് കൊണ്ടാണ് 23-കാരിയായ യുവ ഡ്രൈവര്‍ ഒരു നിരപരാധിയായ നഴ്‌സിന്റെ ജീവന്‍ കവര്‍ന്നത്. ഈ കുറ്റത്തിന് ആറ് മാസത്തെ ശിക്ഷയാണ് ഇവര്‍ കോടതി വിധിച്ചത്.  രാത്രിയില്‍ തന്റെ കറുത്ത മിനിയുമായി പോയ ജെമ്മ ഇവാന്‍സ് ഫേസ്ബുക്കിലും, വാട്‌സ്ആപ്പിലും ചാറ്റ് ചെയ്‌തെന്നാണ് ആരോപണം.

50എംപിഎച്ച് വേഗതയില്‍ വാഹനം കുതിക്കുമ്പോഴായിരുന്നു ഇത്. ശ്രദ്ധ തിരിഞ്ഞതോടെ നിയന്ത്രണം തെറ്റിയ കാര്‍ റോഡ് മറികടന്ന് രണ്ട് മക്കളുടെ അമ്മയായ ഡയാന്‍ പ്രൈസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ 58-കാരി സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. എന്നാല്‍ വെയില്‍സ് ബ്രീക്കണിലെ യാത്രക്കിടെ ഫോണ്‍ ഉപയോഗിച്ചില്ലെന്നായിരുന്നു ഇവാന്‍സിന്റെ അവകാശവാദം. ഫോണ്‍ കപ്പ് ഹോള്‍ഡറിലായിരുന്നെന്നും ഇവര്‍ വാദിച്ചു. 

എന്നാല്‍ മൊബൈല്‍ ഫോണിലെ ചാറ്റുകള്‍ ഇവരെ തിരിഞ്ഞുകുത്തി. കുരങ്ങന്റെയും, ഹാര്‍ട്ടും ഇമോജികള്‍ അയച്ചുനല്‍കിയതായി പോലീസ് പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ ചുമത്തിയ അപകടകരമായ ഡ്രൈവിംഗ് മൂലമുണ്ടാക്കിയ മരണമെന്ന കുറ്റം മെര്‍തിര്‍ ടൈഡ്ഫില്‍ ക്രൗണ്‍ കോടതി ജൂറി ഒഴിവാക്കി. വാഹനം നിര്‍ത്തിയപ്പോഴാണോ, ഓട്ടത്തിലാണോ സന്ദേശങ്ങള്‍ അയച്ചതെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന വാദങ്ങളാണ് അംഗീകരിക്കപ്പെട്ടത്.

അശ്രദ്ധമായ ഡ്രൈവിംഗ് നടത്തി മരണത്തിന് ഇടയാക്കിയെന്ന കുറ്റം സമ്മതിച്ചതോടെയാണ് ആറ് മാസത്തെ ജയില്‍ശിക്ഷ വിധിക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്ക് ഡ്രൈവിംഗ് വിലക്കും ഏര്‍പ്പെടുത്തി. 2016 ഡിസംബര്‍ 9-നുണ്ടായ അപകടത്തിന് മൊബൈല്‍ കാരണമായെന്ന് കോടതിയില്‍ ആരോപിക്കപ്പെട്ടു. പ്രായമായ പിതാവിനെ പരിചരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു നഴ്‌സ് കൂടിയായ പ്രൈസ്. സമാനമായ ഒരു അപകടമുണ്ടായ കേസില്‍ മലയാളി നഴ്‌സിന് കോടതി ശിക്ഷ വിധിച്ചിരുന്നു.