നമ്മള്‍ പരമാവധി സഹയം നാടിനു നല്‍കിയില്ലേ? കടകംപള്ളി എന്തിനാണ് ഇനി പിരിക്കാന്‍ ഇവിടേക്ക് എത്തുന്നത്?

2018-10-10 02:45:09am |

ലണ്ടൻ: ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടത്താൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ യുകെയിൽ എത്തുന്നു. ഈമാസം 19നാണ് മന്ത്രിയും സംസ്ഥാന ടൂറിസം ഡയറക്ടർ ബാലകിരണും പണപ്പിരിവിനായി യുകെ മലയാളികളെ തേടിയെത്തുന്നത്. 21 വരെ ഇവിടെ തങ്ങുന്ന മന്ത്രിയും സെക്രട്ടറിയും ലണ്ടൻ, മാഞ്ചസ്റ്റർ, ബർമിങ്ങാം എന്നീനഗരങ്ങൾ കേന്ദ്രീകരിച്ചാണു സംഘടനാ നേതാക്കളെയും ബിസിനസുകാരെയും അസോസിയേഷൻ ഭാരവാഹികളെയും കാണാൻ ഉദ്ദേശിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ആഗ്രഹിക്കുന്നവർക്കു മന്ത്രിയെ നേരിൽകണ്ട് പണമോ ചെക്കോ നൽകാൻ അവസരമുണ്ടാകും. സന്ദർശനത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന മന്ത്രിയുടെ വിഡിയോ സന്ദേശം സോഷ്യൽ മീഡിയയിലൂടെയും മറ്റും സർക്കാർ പ്രചരിപ്പിക്കുന്നുണ്ട്.

ബ്രിട്ടനിൽനിന്നുള്ള ലോക കേരളസഭാംഗങ്ങളും ചില ഇടത് അനുകൂല സംഘടനകളുമാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ ധനസമാഹരണത്തിന് സഹായം ഒരുക്കുന്നത്. നവകേരള നിർമിതിക്കായി നല്ലൊരു തുക ബ്രിട്ടനിലെ മലയാളികളിൽനിന്നും സമാഹരിക്കാനാകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ഇന്ത്യൻ ഹൈക്കമ്മിഷന്റെ കണക്കനുസരിച്ചു ബ്രിട്ടനിൽ ഒരുലക്ഷത്തി അറുപതിനായിരത്തോളം മലയാളികളുണ്ട്. സിക്കുകാരും ഗുജറാത്തികളും കഴിഞ്ഞാൽ  ഇന്ത്യയിൽനിന്നും ഏറ്റവുമധികം പ്രവാസികൾ ഉള്ളത് കേരളത്തിൽ നിന്നാണ്.

ഇതിനിടെ പണപ്പിരിവിനായുള്ള മന്ത്രിയുടെ വരവിനെ വിമർശിച്ചു പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്. 1740 കോടി രൂപ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ലഭിച്ചിട്ടും പ്രളയബാധിതരായ പലർക്കും ഇനിയും സർക്കാർ അടിയന്തര സഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ നൽകാനാകാത്തതും വിമർശിക്കപ്പെടുന്നു.  

അവധിക്കാലത്ത് നാട്ടിലുണ്ടായിരുന്നതിനാൽ പ്രളയത്തിന്റെ ദുരിതങ്ങൾ നേരിട്ടനുഭവിച്ചവരാണ് ബ്രിട്ടനിലെ മലയാളികളിൽ പലരും. പ്രളയം ഏറ്റവുമധികം നാശംവിതച്ച ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിൽനിന്നുള്ളവരാണു ബ്രിട്ടനിലെ രണ്ടാംതലമുറ കുടിയേറ്റക്കാരിൽ ഭൂരിഭാഗംപേരും. അതിനാൽ ദുരിതത്തിന്റെ ആഴവും സഹായത്തിന്റെ ആവശ്യകതയും ഇവർക്കു നന്നായി അറിയാം.

എന്നാൽ, ഇതിനോടകം തന്നെ ബ്രിട്ടനിലെ എല്ലാ മലയാളികളും സംഘടനകൾ വഴിയും പള്ളികൾ വഴിയും മാധ്യമ സ്ഥാപനങ്ങൾ വഴിയുമെല്ലാം നല്ലൊരു തുക ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്. ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം നൽകി. പലർക്കും നേരിട്ട് സഹായം ചെയ്തവരും ഏറെയാണ്. ഈ സാഹചര്യത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പണപ്പിരിവിന് എത്രമാത്രം സഹകരണം ഉണ്ടാകുമെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.