Latest News

ലിവര്‍പൂളില്‍ നിന്ന് ലീഡ്‌സ് വരെ! എട്ടു വയസുകാരന്‍ ഡാനിന്റെ മനസ്സില്‍ കേരളത്തിന്റെ ഉയിര്‍പ്പ് മാത്രം, കയ്യടിക്കാം ഈ കുരുന്നിന്റെ നിശ്ചയദാര്‍ഢ്യത്തിന്‌

2018-10-10 02:54:32am | ഷാജി ലൂക്കോസ്

ലണ്ടൻ: ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കേരളം കടന്നുപോയ മഹാപ്രളയത്തിന്റെ ഭീകര രംഗങ്ങൾ ഇംഗ്ലണ്ടിലെ ലീഡ്‌സിലെ ഡാൻ എന്നു വിളിക്കുന്ന ഡാനിയേൽ കുന്നേലിന്റെ കുഞ്ഞുമനസ്സിൽ കുറച്ചൊന്നുമല്ല വിഷമം ഉണ്ടാക്കിയത്. തന്റെ മാതാപിതാക്കളുടെ ജന്മനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി പിതാവ് ആന്റണി അഗസ്റ്റിനൊപ്പം ടിവി സ്ക്രീനിലൂടെ ഡാനും കണ്ടിരുന്നു. പ്രളയത്തിൽ വീടുകൾ തകരുന്നതും ഉരുൾപൊട്ടലിൽ എല്ലാം ഒലിച്ചുപോകുന്നതും ജനങ്ങൾ കഷ്ടപ്പെടുന്നതുമൊക്കെ വളരെ വിഷമത്തോടെ ആന്റണി വീക്ഷിക്കുന്നത് ഡാനിന്റെ കൊച്ചുമനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. 

തകർന്നടിഞ്ഞ ജന്മനാടിനെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആന്റണിയുടെ ചിന്തയുടെ ഫലമായാണ് ലിവർപൂളിൽ നിന്നും ലീഡ്സ് വരെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഒരു സ്പോൺസർഡ് സൈക്കിൾ യാത്ര നടത്തണമെന്ന ആശയം ഉയർന്നുവന്നത്. പിതാവിനൊപ്പം തനിക്കും സൈക്കിൾ യാത്രയിൽ പങ്കെടുക്കണമെന്ന് ഡാൻ ആഗ്രഹമറിയിച്ചപ്പോൾ ആന്റണി മകനെ ആദ്യം നിരുത്സാഹപ്പെടുത്തി. ഏകദേശം നൂറു മൈൽ സൈക്കിൾ ചവിട്ടി യാത്ര ചെയ്യുവാൻ കൊച്ചുകുട്ടിയായ ഡാനിയേലിന് സാധിക്കില്ലന്നുള്ളത് തന്നെയായിരുന്നു കാരണം. 

എന്നാൽ, ദൈവത്തിന്റെ സ്വന്തം നാട് തിരിച്ചുപിടിക്കുവാൻ താനും കൂടുമെന്ന ഡാനിന്റെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ പിതാവ് ആന്റണിയ്‌ക്ക്‌ സമ്മതിക്കുകയല്ലാതെ മറ്റൊരു  നിർവാഹവുമില്ലായിരുന്നു. താൻ പഠിക്കുന്ന സെന്റ്. തെരേസാസ് കാത്തലിക് പ്രൈമറി സ്കൂളിന്റെ അനുവാദം കൂടിയായപ്പോൾ ഡാനിയുടെ സന്തോഷം ഇരട്ടിച്ചു. ഒക്ടോബർ ഇരുപതിന് അമ്മ ജോലി ചെയ്യുന്ന ലിവർപൂൾ ഹോസ്പിറ്റലിൽ സൈക്കിൾ സവാരി തുടങ്ങി ഇരുപത്തിരണ്ടിന് തന്റെ സ്കൂളായ ലീഡ്സിലെ സെന്റ്. തെരേസാസ് പ്രൈമറിയിൽ  പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 

പിതാവ് ആന്റണിയുടെ സഹായത്തോടെ ആഴ്ചകളായി പരിശീലനം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. സഞ്ചാര വഴിയിൽ ഉള്ള മലയാളി സമൂഹവുമായി സഹകരിച്ച് ആശുപത്രികൾ, പാർക്കുകൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ഒക്കെ എത്തി കേരളത്തിലെ വെള്ളപ്പൊക്ക ദുരിതം ബ്രിട്ടിഷ് സമൂഹവുമായി പങ്ക് വെയ്ക്കുവാൻ ഉള്ള ശ്രമമാണ് ഡാനും പിതാവ് ആന്റണിയുയും ചേർന്ന് നടത്തുന്നത്. ഇതുവഴി സമാ ഹരിക്കുവാൻ കഴിയുന്ന ഫണ്ടിനേക്കാക്കാൾ മാനവിക സ്നേഹ സന്ദേശം പടർത്തുവാും കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സാഹോദര്യവും പിന്തുണയും അറിയിക്കുവാനും കൂടിയാണ് കുഞ്ഞു ഡാൻ ഈ യജ്ഞം നടത്തുന്നത്. ലീഡ്സലെ അണ്ടർ 9 ക്രിക്കറ്റ് ക്ലബ് അംഗം കൂടിയായ ഡാൻ നല്ലൊരു കരാട്ടെ അഭ്യസി കൂടിയാണ്. കാഞ്ഞിരമറ്റം സ്വദേശി ആന്റണിയുടെയും കോട്ടയം കണമല സ്വദേശിനി ഡോ. ആലീസിന്റെയും മകനാണ്.