Latest News

ബിറ്റ്‌കോയിനു പിന്നാലെ "Q" ; കരുതല്‍ വേണമെന്നു സൈബര്‍ വിദഗ്‌ധര്‍! പുതിയ ഇറങ്ങാ കറന്‍സിയെക്കുറിച്ച് അറിയേണ്ടതെല്ലാം

2018-11-06 04:53:48am |

ലണ്ടന്‍: ബിറ്റ്‌കോയിനു പിന്നാലെ വെര്‍ച്യുല്‍ കറന്‍സി "ക്യൂ" പ്രചരിക്കുന്നു. കരുതല്‍ വേണമെന്നു സൈബര്‍ വിദഗ്‌ധര്‍. പേ-പാല്‍ മുന്‍ ജീവനക്കാരാണു "ക്യൂ"വിനു പിന്നില്‍. ഫെയ്‌സ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവയിലൂടെയാണു പ്രചരിക്കുന്നത്‌. "ഭാവിയിലെ കറന്‍സി" എന്നാണു വിശേഷണം. "ക്യൂ" സ്വന്തമാക്കുന്നവര്‍ വൈകാതെ ലക്ഷാധിപതികളാകുമെന്നാണു അവകാശവാദം. 20 ലക്ഷം പേര്‍ ഇതുവരെ "ക്യൂ" വാങ്ങിക്കൂട്ടിയെന്നാണു റിപ്പോര്‍ട്ട്‌. "ക്യൂ"വില്‍ അംഗത്വമുള്ളവരുടെ ക്ഷണം കിട്ടിയാലേ മറ്റുള്ളവര്‍ക്ക്‌ അംഗത്വം ലഭിക്കൂ. അംഗത്വം ലഭിക്കാനുള്ള ശിപാര്‍ശ നല്‍കുന്നതുപോലും നേട്ടമാകുമെന്നാണ്‌ അവകാശവാദം.

രാജ്യാന്തര കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ തല്‍ക്കാലം "ക്യൂ"വിനു മൂല്യമൊന്നുമില്ല. എന്നാല്‍, തങ്ങളുടെ പദ്ധതികള്‍ മുന്‍ നിശ്‌ചയപ്രകാരം നീങ്ങിയാല്‍ "ക്യൂ"വിനു മൂല്യം ലഭിക്കുമെന്നാണ്‌ അവകാശവാദം. ബിറ്റ്‌കോയിന്‍ പോലെ ക്രിപ്‌റ്റോ കറന്‍സിയല്ല "ക്യൂ" എന്നാണു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ അവകാശവാദം. യൂറോക്കും ഡോളറിനും പകരമായി ഉപയോഗിക്കാമെന്നാണു അവകാശവാദം. "ക്യൂ" വിനിമയത്തിനു ധനകാര്യ നയവും രൂപീകരിക്കാന്‍ ഉദ്ദേശമുണ്ട്‌.

1997 ല്‍ സാര്‍ വില്‍ഫ്‌ മുന്നോട്ടുവച്ച ആശയമാണു "ക്യൂ"വില്‍ കലാശിച്ചത്‌. അദ്ദേഹത്തിന്റെ ആശയമായിരുന്നു പേപാലും. ജോര്‍ജ്‌ മേസന്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ലോറന്‍സ്‌ വൈറ്റ്‌ ആണു "ക്യൂ"വിന്റെ ധനനയം തയാറാക്കിയത്‌. ഫ്രീ ബാങ്കിങ്‌ എന്ന ആശയമാണു "ക്യൂ"വിനെ നയിക്കുന്നത്‌.
ഒരു കോടിയിലേറെ ഉപയോക്‌താക്കളെ ലഭിച്ചാല്‍ "ക്യൂ" വിജയമാകുമെന്നാണു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നത്‌. ആദ്യഘട്ടത്തില്‍ രണ്ട്‌ ലക്ഷം കോടി ക്യൂ കോയിന്‍ പുറത്തിറക്കാനാണു തീരുമാനം. ഒരു കോയിന്‌ ഒരു ഡോളറാകും മൂല്യം. പുതുതായി അംഗത്വമെടുക്കുന്നവരില്‍നിന്നു ഭാവിയില്‍നിന്നു പണമീടാക്കാനാകുമെന്നാണ്‌ അവകാശവാദം.

ഇങ്ങനെ ലഭിക്കുന്ന വരുമാനം മറ്റുള്ളവര്‍ക്കു ലഭിക്കുമത്രേ. ഉപയോക്‌താക്കളുടെ വ്യക്‌തിഗത വിവരവും "ക്യൂ" സ്വീകരിക്കുന്നുണ്ട്‌. ഇതു ഭാവിയില്‍ തിരിച്ചടിയാകുമെന്നാണു വിമര്‍ശകര്‍ പറയുന്നത്‌. ഡേറ്റ ചോര്‍ച്ചയുണ്ടായാല്‍ ഉപയോക്‌താക്കള്‍ പ്രതിസന്ധിയുണ്ടാകും. എന്നാല്‍, ക്യൂ പരാജയപ്പെട്ടാല്‍ ഡേറ്റ പൂര്‍ണമായി നശിപ്പിക്കുമെന്നു സംഘാടകര്‍ ഉറപ്പുനല്‍കുന്നു.

ബിറ്റ്‌കോയിന്‍

ഇന്റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി തയാറാക്കിയ ഡിജിറ്റല്‍ നാണയമാണു ബിറ്റ്‌കോയിന്‍. ഇത്‌ ലോഹ നിര്‍മിതമായ നാണയമോ കടലാസ്‌ നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം മാത്രം. എന്‍ക്രിപ്‌ഷന്‍( മറ്റുള്ളവര്‍ വിവരം ചോര്‍ത്താതിരിക്കാന്‍ രഹസ്യ കോഡുകള്‍ വിനിയോഗിക്കുന്ന രീതി) ഉപയോഗിക്കുന്നതിനാല്‍ ഇവയെ "ക്രിപ്‌റ്റോ കറന്‍സി" എന്നും വിളിക്കാറുണ്ട്‌.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സര്‍ക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ്‌ ബിറ്റ്‌കോയിനിലൂടെ യാഥാര്‍ത്ഥ്യമായത്‌. 2008-ല്‍ സതോഷി നകമോട്ടോ ആണ്‌ ബിറ്റ്‌കോയിന്‍ അവതരിപ്പിച്ചത്‌. "സതോഷി നകമോട്ടോ" എന്നത്‌ ഒരു വ്യക്‌തിയോ ഒരു സംഘം ഐടി വിദഗ്‌ദര്‍ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന്‌ അഭ്യൂഹങ്ങളുണ്ട്‌. 2016 മേയില്‍ ഓസ്‌ട്രേലിയയിലെ ഐടി വിദഗ്‌ധനും വ്യവസായിയുമായ ക്രെയ്‌ഗ്‌ റൈറ്റ്‌ ബിറ്റ്‌കോയിന്റെ ഉടമസ്‌ഥാവകാശവാദവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ റിസര്‍വ്‌ ബാങ്ക്‌ അടക്കമുള്ള രാജ്യാന്തര സ്‌ഥാപനങ്ങള്‍ ബിറ്റ്‌കോയിനെ അംഗീകരിച്ചില്ല. ഹാക്കര്‍മാര്‍ ബിറ്റ്‌കോയിനില്‍ പണം ആവശ്യപ്പെട്ട്‌ പ്രതിച്‌ഛായ മോശമാക്കുകയും ചെയ്‌തു.