Latest News

നാട്ടിലേക്ക് പോയ കാമുകന്റെ വിവരം ഒന്നുമില്ല; ഫോണ്‍ സ്വിച്ച് ഓഫും; ഭര്‍ത്താവിനെ ഉപേക്ഷിച്ച രണ്ട് മക്കളുടെ അമ്മയായ വിദേശ കാമുകി ഇന്ത്യയില്‍

2018-11-07 02:18:48am |

സ്വന്തം നാടായ ഇന്ത്യയിലേക്ക് തിരിച്ച കാമുകനെ കണ്ടെത്താനായി വിദേശ യുവതി രാജ്യത്ത്. മലേഷ്യന്‍ യുവതിയാണ് കാമുകനെ തിരഞ്ഞ് ഇന്ത്യയിലെത്തിയത്. വെല്ലൂര്‍ സ്വദേശിയായ ബസുവരാജിനെ(32) തേടിയാണ് സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന എസ് മനേഗ(34) ഇന്ത്യയിലെത്തിയത്. എന്നാല്‍ ബസുവരാജിന്റെ കുടുംബം ഇവരെ അടുപ്പിച്ചില്ല. തുടര്‍ന്ന് വിവാഹത്തിനായി യുവതി പോലീസ് സഹായം തേടിയിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.

ഇരുവരും സിംഗപ്പൂരിലാണ് ജോലി ചെയ്ത് വരുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ച മനേഗയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് ഒന്നിച്ച് താമസം തുടങ്ങി. വിവാഹത്തിന് ബന്ധുക്കള്‍ നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞാണ് ബസുവരാജ് ഇന്ത്യയിലേക്ക് പോന്നത്. ഗ്രാമത്തിലെ ആചാരങ്ങള്‍ പ്രകാരം തന്നെ വിവാഹം കഴിക്കുമെന്നും അതിനു ബന്ധുക്കളെ സമ്മതിപ്പിക്കാമെന്നും ബസുവരാജ് വാക്കു നല്‍കിയിരുന്നതായി മനേഗ പറയുന്നു. മനേഗയോടു നാട്ടിലെത്താന്‍ ആവശ്യപ്പെട്ട് ഗ്രാമത്തിലെ മേല്‍വിലാസവും നല്‍കി.

തുടര്‍ന്ന് ടൂറിസ്റ്റ് വിസയില്‍ കഴിഞ്ഞ ദിവസം മനേഗ ഇന്ത്യയിലെത്തി. എന്നാല്‍ വെല്ലൂരില്‍ എത്തിയപ്പോള്‍ ബസുവരാജിന്റെ ബന്ധുക്കള്‍ സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഒരുവര്‍ഷമായി തങ്ങള്‍ ഒരുമിച്ചു താമസിക്കുകയാണെന്നും ഇക്കാര്യം ബസുവരാജിന്റെ ബന്ധുക്കള്‍ക്ക് അറിയാമെന്നും മെനേഗ പറയുന്നു. ഫോണില്‍ ബന്ധുക്കളുമായി പലതവണ സംസാരിച്ചിട്ടുണ്ട്. അന്നെല്ലാം സ്‌നേഹത്തോടെ പെരുമാറിയിരുന്ന അവര്‍ താന്‍ നേരിട്ടെത്തിയപ്പോള്‍ നിലപാട് മാറ്റി. സെപ്റ്റംബര്‍ 27 വരെ ബസുവരാജുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാണ്. രണ്ടാഴ്ചയാണ് ടൂറിസ്റ്റ് വിസയുടെ കാലാവധി. അതിനു മുന്‍പേ ബസുവരാജിനെ കാണാന്‍ അവസരമൊരുക്കണമെന്നാണ് ഇവരുടെ അഭ്യര്‍ഥന. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.