Latest News

ഡ്രോണ്‍ പറത്തി കളിച്ച് ഗാറ്റ്വിക്ക് എയര്‍പോര്‍ട്ട് അടപ്പിച്ചത് ആ മധ്യവയസ്‌കരുടെ തമാശ! ബ്രിട്ടണെ വട്ടം കറക്കിയ സ്ത്രീയും പുരുഷനും അറസ്റ്റില്‍

2018-12-24 03:17:16am |

ലണ്ടൻ∙ ബ്രിട്ടണിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിനു മുകളിൽ ഡ്രോൺ പറത്തി ലക്ഷക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ രണ്ടുപേർ അറസ്റ്റിൽ. 47 വയസുള്ള ഒരു പുരുഷനും അമ്പത്തിനാലുകാരിയായ സ്ത്രീയുമാണ് ക്രോവ്ളിയിൽനിന്നും പൊലീസ് പിടിയിലായത്. ഇവരെ മെട്രോപൊളിറ്റൻ പെലീസ് ചോദ്യംചെയ്തുവരികയാണ്.

തിരക്കേറിയ ക്രിസ്മസ് അവധിക്കാലത്ത് 36 മണിക്കൂറാണ് ഇവരുടെ ചെയ്തിമൂലം ഗാട്ട്വിക്ക് വിമാനത്താവളം അടച്ചിടേണ്ടി വന്നത്.  ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമായ ഗാട്ട്വിക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. വിമാനത്താവളം വെള്ളിയാഴ്ച വൈകിട്ടോടെ തുറന്നെങ്കിലും ഇനിയും സർവീസുകൾ സാധാരണ നിലയിലായിട്ടില്ല. 

36 മണിക്കൂറിനിള്ളിൽ അയിരത്തിലേറെ സർവീസുകളാണ് ഇവിടെനിന്നും മുടങ്ങിയത്. 1,40,000 പേരുടെ യാത്ര മുടങ്ങി. ഇവിടേയ്ക്കു വന്ന വിമാനങ്ങളെല്ലാം രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കും ചില യൂറോപ്യൻ നഗരങ്ങളിലേക്കും തിരിച്ചുവിട്ടു. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് റൺവേയ്ക്കു മുകളിൽ ഡ്രോണിന്റെ സാന്നിധ്യം കണ്ട് വിമാനത്താവളം അടച്ചത്. പട്ടാളത്തെ വരെ ഇറക്കിയാണ് ഒടുവിൽ സർക്കാർ ഈ പ്രതിസന്ധി പരിഹരിച്ചത്.