Latest News

അന്ന് ഹംഗറി, ഇപ്പോള്‍ ഇറ്റലി! ഫേഷ്യല്‍ പരാലിസിസ്‌ വന്ന ഇറ്റലിക്കാരനു പുതു ജീവിതം പകര്‍ന്ന്‌ ആയുര്‍വേദം! 15 ദിവസത്തെ ചികത്സ കൊണ്ടാണ്‌ സാധാരണ ജീവിതത്തിലേക്ക്‌

2019-01-01 02:07:04am |

ഫേഷ്യല്‍ പരാലിസിസ്‌ വന്ന അലക്‌സാന്‍ഡ്രിയോ മരിയയ്‌ക്ക്‌ ആയൂര്‍വേദം തിരികെ നല്‍കിയത്‌ പഴയകാല ജീവിതം. ഇറ്റലിയില്‍ നിന്നും കടല്‍ കടന്ന്‌ വന്ന അലക്‌സാന്‍ഡ്രിയോ മരിയ 15 ദിവസത്തെ ചികത്സ കൊണ്ടാണ്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിയത്‌. ഡോക്‌ടര്‍ ക്രിസ്‌റ്റി ജെ. തുണ്ടിപറമ്പലിന്റെ ചികത്സയില്‍ പാറേമാവ്‌ ആയുര്‍വേദ ആശുപത്രിയില്‍ നിന്നുമാണ്‌ ഈ വിദേശ യുവാവ്‌ സൗഖ്യം നേടിയത്‌.

ഒരു വര്‍ഷം മുന്‍പ്‌ പിടിപെട്ട ഫേഷ്യല്‍ പരാലിസിസില്‍ നിന്നുമാണ്‌ അലക്‌സാന്‍ഡ്രിയ മരിയ മോചിതനായത്‌. ഇവിടെ എത്തുമ്പോള്‍ ഇദ്ദേഹത്തിന്റെ മുഖം കോടിയിരുന്നു. കണ്ണില്‍ നിന്നും ജലം തുടര്‍ച്ചയായി ഒഴുകുന്നുണ്ടായിരുന്നു. ഇപ്പോള്‍ എല്ലാ ബുദ്ധിമുട്ടുകളും മാറിയതായി അലക്‌സാന്‍ഡ്രിയോ സമ്മതിക്കുന്നു. ഇതോടെ ഇടുക്കി ജില്ല ആയുര്‍വേദ ആശുപത്രിക്ക്‌ വീണ്ടും അഭിമാന നിമിഷങ്ങളാണ്‌ ലഭിച്ചിരിക്കുന്നത്‌.

മുന്‍പും നിരവധി വിദേശികള്‍ ആശുപത്രിയെ കുറിച്ചറിഞ്ഞ്‌ ആയൂര്‍വേദ ചികത്സ തേടി ഇവിടെ എത്തിയിരുന്നു. അലക്‌സാന്‍ഡ്രിയ സുഖം പ്രാപിച്ചതോടെ ആശുപത്രിയുടെ മഹിമ ഒരിക്കല്‍ കൂടി കടല്‍ കടന്നിരിക്കുകയാണ്‌. വടക്കേ ഇന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ നിന്നും നിരവധി രോഗികള്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ ചികത്സ തേടി എത്താറുണ്ട്‌.സുഖം പ്രാപിച്ചവര്‍ നല്‍കുന്ന അറിവുകള്‍ കേട്ടാണ്‌ മറ്റുള്ള രോഗികളും ഇവിടേക്ക്‌ എത്തുന്നത്‌.

ഏതാനും മാസം മുന്‍പ്‌ ഹംഗറിക്കാരിയായ മൂന്നുവയസ്സുകാരിക്കു തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സ തേടി രോഗമുക്തി നേടിയത് വലിയ വാര്‍ത്തയായിരുന്നു. ഇംറേ മാർക്കോസ്– മോണിക്ക ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ വിക്ടോറിയ (വിക്കി) ആണു ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ജന്മനാ തന്നെ തലച്ചോറിനു വൈകല്യമുണ്ടായിരുന്ന വിക്കിക്ക് കൈകാലുകൾക്കു ചലനശേഷി ഇല്ലായിരുന്നു.

ഹംഗറിയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്ന തമിഴ്നാട് സ്വദേശിയായ ഒരു വൈദികന്റെ നിർദേശമനുസരിച്ചാണ് ആദ്യമായി 2016 മാർച്ചിൽ പാറേമാവ് ഗവ. ആയുർവേദ ആശുപത്രിയിലെത്തി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. കെ.ആർ.സുരേഷിന്റെ കീഴിൽ വിക്കിയുടെ ചികിത്സ ആരംഭിച്ചത്. വീണ്ടും ഈ വർഷം ഫെബ്രുവരിയിൽ എത്തി ചികിത്സ തുടർന്നു. ഇതിനിടെ ഡോ. സുരേഷ് സ്ഥലംമാറി തൊടുപുഴയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തിയതിനാൽ മൂന്നാംതവണ ഇവർ ജില്ലാ ആയുർവേദ ആശുപത്രിയിൽ എത്തുകയായിരുന്നു. കിഴി, ധാര, പിഴിച്ചിൽ, ശിരോധാര തുടങ്ങിയ ചികിത്സകൾ നടത്തി.

വിക്കി ഇപ്പോൾ കൈകാലുകൾ ചലിപ്പിക്കാനും ചിരിക്കാനും തുടങ്ങി. അടുത്ത വർഷം മാർച്ചിൽ വീണ്ടും ചികിത്സയ്ക്കായി എത്തുമെന്ന് ഇംറേ അറിയിച്ചിട്ടുണ്ട്. ഹംഗറിയിൽ ട്രക്ക് ഡ്രൈവറാണ് ഇദ്ദേഹം. ഇംറേ–മോണിക്ക ദമ്പതികൾക്കു നാലു മക്കളാണുള്ളത്. വിക്കിയുടെ ചികിത്സയ്ക്കായി ഇംറേ, മോണിക്ക എന്നിവർക്കൊപ്പം ഇവരുടെ ഒൻപതു മാസം പ്രായമായ മകൻ നോയലും തൊടുപുഴയിലെത്തിയിരുന്നു.