Latest News

തിരകെ വരാത്ത ചൊവ്വാ യാത്രയ്ക്കായി ദമ്പതികള്‍; പട്ടികയില്‍ പാലാക്കാട്ടുകാരിയും; പലഭാഗങ്ങളില്‍ നിന്നും 4200 പേര്‍

2019-01-04 02:03:49am |

ചൊവ്വയിലെ ആദ്യ മനുഷ്യ കോളനിയുടെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് ബോസ്റ്റണില്‍ നിന്നുള്ള യാരിയും ഡാനിയല്‍ ഗോള്‍ഡണ്‍ കസ്റ്റാനോയും. ചൊവ്വയിലേക്ക് പോകാന്‍ താത്പര്യമുള്ളവരുടെ ഒരു ഫെയ്സ്ബുക് കൂട്ടായ്മയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുന്നത്. ഭൂമിയും ചൊവ്വയും പരമാവധി അടുത്തെത്തുന്ന ദിവസത്തിലാണ് ഇവര്‍ വിവാഹിതരായതും. മാര്‍സ് വണ്‍ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട നൂറ് സെമിഫൈനലിസ്റ്റുകളില്‍ ഈ ദമ്പതികളുമുണ്ട്. മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരാണ് ടിക്കറ്റെടുക്കാന്‍ പണം മുടക്കിയത്. ഇവരില്‍ നിന്നാണ് 100 പേരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഈ പട്ടികയില്‍ ഒരു മലയാളിയുമുണ്ട്. പാലക്കാട്ടുകാരിയായ 22 കാരി ശ്രദ്ധ പ്രസാദ്.

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും 4200 പേരാണ് ചൊവ്വയില്‍ ആദ്യ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള സ്വപ്ന പദ്ധതിയുടെ ഭാഗമാകാനായി മുന്നോട്ടുവന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുത്ത നൂറുപേരില്‍ നിന്നും 24 പേര്‍ക്കാണ് അവസാനഘട്ടത്തില്‍ പരിശീലനം നല്‍കുക. പതിനെട്ട് വയസ്സിനു മുകളില്‍ വിവിധ പ്രായക്കാരാണ് സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നൂറുപേര്‍. ചെറു വിഡിയോക്കൊപ്പം ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിലും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു തിരഞ്ഞെടുപ്പ്. 2032ല്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കുകയാണ് ഡച്ച് സ്ഥാപനമായ മാര്‍സ് വണിന്റെ ലക്ഷ്യം.

ചൊവ്വാ ദൗത്യത്തിന് മുന്‍പ് 2031ല്‍ മാര്‍സ് വണ്‍ ചൊവ്വയിലേക്ക് പോകാനായി തിരഞ്ഞെടുക്കപ്പെടുന്ന നാല് പേരെ ഒന്നരവര്‍ഷം നീണ്ടു നില്‍ക്കുന്ന ബഹിരാകാശ യാത്രയ്ക്കയക്കും. ബഹിരാകാശ യാത്രയുടെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കുന്നതിനാകും ഈ യാത്ര. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അതികഠിനമായ പരിശീലനത്തിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരും. കൂട്ടായി പ്രതിസന്ധികളെ തരണം ചെയ്യാനും സ്വന്തമായി ഭക്ഷണം കണ്ടെത്താനും സാങ്കേതിക വിദ്യകളെ എളുപ്പത്തില്‍ മനസ്സിലാക്കാനുമൊക്കെയുള്ള കഴിവുകള്‍ പരീക്ഷിക്കപ്പെടും. മാര്‍സ് വണ്ണിന്റെ ചൊവ്വാ ദൗത്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ പങ്കെടുക്കുന്ന ആര്‍ക്കും ഭൂമിയിലേക്ക് മടക്ക ടിക്കറ്റ് നല്‍കില്ലെന്നതാണ്. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് ചൊവ്വയിലേക്ക് പോകുന്ന ഇവരുടെ യാത്ര ആത്മഹത്യാപരമാണെന്ന വിമര്‍ശനങ്ങള്‍ പലകോണില്‍ നിന്നും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

മാര്‍സ് വണ്‍ പദ്ധതിക്ക് രൂക്ഷമായ വിമര്‍ശങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ചൊവ്വയില്‍ മനുഷ്യനു താങ്ങാനാകുന്നതിലും തണുപ്പാണ്. കുടിവെള്ളത്തിന്റെ ലഭ്യത എളുപ്പമല്ല. ഭക്ഷണം ഒന്നും തന്നെയില്ല. ഇതിനേക്കാളുപരിയായി ശ്വസിക്കാനായി ഓക്‌സിജന്‍ പോലുമില്ല. അതുകൊണ്ടുതന്നെ ഈ ചൊവ്വാ ദൗത്യം ആത്മഹത്യാപരമാണെന്നാണ് പലരും കരുതുന്നത്. മാര്‍സ് വണ്‍ മാത്രമല്ല പല പ്രമുഖരും ബഹിരാകാശ ഏജന്‍സികളും ചൊവ്വാ ദൗത്യം പ്രഖ്യാപിച്ചിട്ടുണ്ട്. 2025 നവംബറില്‍ ചൊവ്വാ ദൗത്യം നടത്തുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ബഹിരാകാശ പേടകം വിവിധ പരീക്ഷണങ്ങള്‍ക്കായി ചൊവ്വയിലിറങ്ങിയിട്ടുണ്ട്. മനുഷ്യരെ വഹിച്ചു കൊണ്ടും അല്ലാതെയുമുള്ള ചൊവ്വാ ദൗത്യങ്ങള്‍ റഷ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം മാര്‍സ് വണ്ണിനെ വ്യത്യസ്ഥമാക്കുന്നത് അവര്‍ ചൊവ്വയിലേക്ക് വണ്‍വേ ടിക്കറ്റ് മാത്രം നല്‍കി മനുഷ്യ കോളനി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ്.