Latest News

14 വർഷമായി കോമയിൽ കഴിയുന്ന യുവതി പ്രസവിച്ചു! ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍

2019-01-06 02:38:44am |

14 വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന യുവതി പ്രസവിച്ചു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഹസിയെന്‍ഡ ഹെല്‍ത്ത് കെയർ ക്ലിനിക്കിൽ വെച്ചാണ് യുവതി ഗര്‍ഭിണിയായതും പ്രസവിച്ചതും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ, യുവതി ഗര്‍ഭിണിയാണെന്ന വിവരം തങ്ങളും അറിഞ്ഞിരുന്നില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

പ്രസവത്തോടടുത്തപ്പോൾ യുവതിയുടെ ഞരക്കം കേട്ടു പരിശോധിച്ചപ്പോൾ മാത്രമാണ് ഗര്‍ഭിണിയാണെന്നറിഞ്ഞതെന്നാണ് ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നത്. തൊട്ടു പിന്നാലെ ഡിസംബര്‍ 29ന് യുവതി ഒരു ആണ്‍കുട്ടിക്ക് ജന്‍മം നൽകി.

ഒരു അപകടത്തെ തുടര്‍ന്ന് 14 വര്‍ഷമായി അനക്കമില്ലാതെ കിടക്കുകയാണ് യുവതി. 24 മണിക്കൂറും പരിചരണം വേണ്ടുന്ന യുവതിയെ ആശുപത്രിയിലെ പല ജീവനക്കാരാണ് ശുശ്രൂഷിച്ചിരുന്നത്. അതിനാൽ തന്നെ ആരാണ് ഇതിനു പിന്നിലെന്നു പൊലീസിന് വ്യക്തമായിട്ടില്ല. സംഭവത്തെത്തുടർന്ന് ആശുപത്രി അധികൃതര്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചതും.

‘ഖേദകരമായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സത്യം പുറത്ത് വരണമെന്ന് തന്നെയാണ് ഞങ്ങള്‍ക്കും അറിയിക്കാനുളളത്. പൊലീസുമായി പൂര്‍ണമായും സഹകരിക്കും’ ആശുപത്രി അധികൃതരുടെ നിലപാടിങ്ങനെ.

എന്നാൽ ഈ ആശുപത്രിയെ സംബന്ധിച്ച് ഇതാദ്യ സംഭവമല്ല. ഇവിടെ മുൻപും രോഗികള്‍ പീഡനത്തിനിരയായിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്ന് 2013ല്‍ ആശുപത്രിക്ക് മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു.