Latest News

പൊണ്ണത്തടിയും കാർബോഹൈട്രേറ്റും പടിക്കു പുറത്ത്; കീറ്റോ ഡയറ്റ് പാളാതിരിക്കാൻ ഈ നാല് ആപ്പുകൾ

2019-01-06 02:43:55am |

ഡയറ്റെന്നാൽ രാപ്പകൽ പട്ടിണി കിടക്കലെന്നാണോ? പാർശ്വഫങ്ങൾ കുത്തിനിറച്ച മരുന്നുകളേയും ഭക്ഷണങ്ങളേയും ആശ്രയിക്കലാണോ. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവവരുടെ അത്തരം ചിന്തകളെ പൊളിച്ചെഴുതുന്ന വിപ്ലകരമായ മാറ്റത്തിനായിരുന്നു കീറ്റോ ഡയറ്റ് തുടക്കം കുറിച്ചത്. പാർശ്വഫലങ്ങൾ വളരെ കുറച്ചു മാത്രമുള്ള കീറ്റോജെനിക് ഭക്ഷണരീതി പോയവർഷം വളരെയധികം പ്രചാരം നേടുകയും ചെയ്തിരുന്നു.

മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാൻ ഈ ഡയറ്റ് ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങളെല്ലാം പിന്തുടരുന്നത് കീറ്റോജെനിക് ഡയറ്റ് ആണ്.

ഇപ്പോഴിതാ കീറ്റോ ഡയറ്റിന്റെ പരിധിയിൽ വരുന്ന ഭക്ഷണ പദാർത്ഥങ്ങളേയും കീറ്റോജെനിക് ഭക്ഷണരീതിയേയും നിങ്ങളുടെ വിരൽ തുമ്പിലെത്തിക്കുന്ന നാല് ആപ്പുകളെ പരിചയപ്പെടുത്തുകയാണ് ചുവടെ.

1.കാർബ് മാനേജർ:

കാർബോ ഹൈട്രേറ്റ് കുറഞ്ഞതും പോഷകദായകവുമായ പത്ത് ലക്ഷത്തിലധികം ഭക്ഷണ പദാർത്ഥങ്ങളെ ഈ ആപ്പിലൂടെ പരിചയപ്പെടാനാകും. ഗ്രോസറി ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലുമുള്ള ഭക്ഷ്യപദാർത്ഥങ്ങളുടെ ബാർകോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യവും ആ ആപ്ലിക്കേഷനിലുണ്ട്. ഇതു വഴി തെരഞ്ഞെടുക്കേണ്ടുന്ന ഭക്ഷ്യ വസ്തുക്കളെക്കുറിച്ചും അത് പ്രദാനം ചെയ്യുന്ന പോഷകങ്ങളെക്കുറിച്ചും വിശദമായി അറിയാനാകും. മാത്രമല്ല, കാർബോഹൈട്രേറ്റ് കുറഞ്ഞതും ആരോഗ്യപ്രദവുമായ ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളെ നിങ്ങളുടെ വിരൽത്തുമ്പിലെത്തിക്കുകയും ചെയ്യും കാർബ് മാനേജർ.

2.മൈ ഫിറ്റ്നസ് പാൽ:

കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറിയുടെ അളവ് എത്രയെന്ന് കൃത്യമായി അളന്നെടുക്കാൻ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. നിത്യ ജീവിതത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എത്രത്തോളം പോഷകദായകമെന്നും പോഷകമൂല്യങ്ങളുടെ അളവും മൈ ഫിറ്റ്നസ് പാലിലൂടെ നമുക്ക് അളന്നെടുക്കാം. ശരീരഭാരം പിടിച്ചു നിർത്തുന്ന ഭക്ഷണ പദാർത്ഥങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല, അതിന്റെ റെസിപ്പിയും ഈ ആപ്ലിക്കേഷനിലൂടെ പരിചയപ്പെടുന്നുണ്ട്. ആരോഗ്യദായകമായ ലക്ഷക്കണക്കിന് ഭക്ഷണ പദാർത്ഥങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസരവും ഈ ആപ്ലിക്കേഷനിലുണ്ട്.

3.കീറ്റോഡയറ്റ്:

കീറ്റോജെനിക് ഭക്ഷണരീതി അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയെ ഒരു കുടക്കീഴിലെന്ന വണ്ണം അണിനിരത്തുകയാണ് കീറ്റോ ഡയറ്റ് ആപ്ലിക്കേഷൻ. കീറ്റോ ഡയറ്റ് അടിസ്ഥാനമാക്കിയുള്ള സുഗമമാക്കാൻ സഹായിക്കുന്നതാണ് ഈ ആപ്ലിക്കേഷൻ. പോഷക മൂല്യങ്ങളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളെ ആ ആപ്ലിക്കേഷനിലൂടെ പരിചയപ്പെടാനും സാധിക്കും.

4.ടോട്ടൽ കീറ്റോ ഡയറ്റ്:

ഡയറ്റിന്റെ ആരംഭ ദശയിലുള്ളവർക്ക് ഏറ്റവും പ്രയോജനപ്രദമായ ആപ്ലിക്കേഷൻ. കീറ്റോജനിക് ഭക്ഷണരീതിക്കും ഡയറ്റിനും ഒത്തിണങ്ങിയ ഭക്ഷണ പദാർത്ഥങ്ങളെ ഈ ആപ്ലിക്കേഷനിലൂടെ പരിചയപ്പെടാനാകും. നമ്മുടെ ഇഷ്ടവിഭവങ്ങളും അവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവുമെല്ലാം ഈ ആപ്ലിക്കേഷനിലൂടെ ട്രാക്ക് ചെയ്യാം. മികച്ചൊരു ഡയറ്റ് ട്രാക്കർ കൂടിയാണ് ടോട്ടൽ കീറ്റോ ഡയറ്റ് ആപ്ലിക്കേഷൻ.