ലോകത്തിനു മുന്നില്‍ മലയാളി നാണംകെടുന്നു! കേരളത്തിൽ ജാഗ്രത പാലിക്കൂ: പൗരന്മാർക്ക് നിർദേശം നൽകി ബ്രിട്ടൻ

2019-01-06 02:54:32am |

കേരളത്തിലെത്തുന്ന പൗരന്മാരോടു ജാഗ്രത പാലിക്കാൻ ബ്രിട്ടന്റെ നിർദേശം. ആൾക്കൂട്ടങ്ങളുള്ള സ്ഥലങ്ങളിൽ പോകരുതെന്നാണ് ബ്രിട്ടിഷ് പൗരന്മാര്‍ക്കു ലഭിച്ചിരിക്കുന്ന നിർദേശം. കേരളത്തിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബ്രിട്ടിഷ് സർക്കാരാണു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില ഗവർണർ പി.സദാശിവം കേന്ദ്രത്തെ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയേയാണ് ധരിപ്പിച്ചത്.

കേരളത്തിലെ ഹർത്താൽ അക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംസ്ഥാന സര്‍ക്കാരിനോട്‌ റിപ്പോര്‍ട്ട് തേടിയിരുന്നു. സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണ വിധേയമാക്കാനും സര്‍ക്കാരിനു കേന്ദ്രം നിര്‍ദേശം നൽകിയിരുന്നു. കേരളത്തിലെ സാഹചര്യങ്ങള്‍ ഗൗരവത്തോടെയാണു നിരീക്ഷിക്കുന്നതെന്നു കേന്ദ്രആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ശബരിമല യുവതീപ്രവേശത്തെ തുടര്‍‍ന്നുണ്ടായ അക്രമങ്ങള്‍ സംസ്ഥാനത്തെ മുൾമുനയിലാക്കിയിരിക്കുകയാണ്. കണ്ണൂരില്‍ വെള്ളിയാഴ്ച സിപിഎം – ബിജെപി നേതാക്കളുടെ വീടുകള്‍ക്കുനേരെ നടന്ന ബോംബാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ല അതീവ ജാഗ്രതയിലാണ്. കണ്ണൂരില്‍ 34 പേരെ കരുതല്‍ തടങ്കലിലാക്കി. 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ജില്ലയിലെ പൊലീസ് സുരക്ഷ ശക്തമാക്കി.