Latest News

കളിത്തോക്ക് ചൂണ്ടി യുവതിയെ കൊള്ളയടിക്കാന്‍ ശ്രമിച്ചു; മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമാണെന്ന് അറിയാതെ സമീപിച്ച കള്ളന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്..

2019-01-09 03:20:24am |

റിയോ ഡീ ജനീറോ (ബ്രസീല്‍): വഴിയരുകില്‍ ടാക്‌സി കാത്തുനിന്ന യുവതിയെ കളിത്തോക്ക് ചൂണ്ടി കൊള്ളയടിക്കാന്‍ ശ്രമിച്ച കള്ളന് ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത 'കോളാണ്' കിട്ടിയത്. യുവതി മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരമാണെന്ന് അറിയാതെയാണ് മോഷ്ടാവ് അവരെ സമീപിച്ചത്.

അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് (യുഎഫ്‌സി)ഫൈറ്റര്‍ ആയ പൊളിയാന വിയനയെ ആണ് മോഷ്ടാവ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ബ്രസീലിലെ റിയോ ഡി ജനീറോവില്‍ അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ യുബര്‍ ടാക്‌സി കാത്തിരിക്കുകയായിരുന്നു അവര്‍. ഈ സമയം സമീപത്തെത്തിയ ഒരു യുവാവ് സമയം ചോദിച്ചു. ഇവര്‍ സമയം പറഞ്ഞുവെങ്കിലും അയാള്‍ ചുറ്റിത്തിരിഞ്ഞു നിന്നു. ഇതോടെ സംശയം തോന്നിയ പൊളിയാന കൂടുതല്‍ ജാഗ്രതയിലായി.

പെട്ടെന്നാണ് അയാളുടെ രീതി മാറിയത് 'നിങ്ങളുടെ ഫോണ്‍ തരൂ. പ്രതികരിക്കാന്‍ ശ്രമിക്കരുത്, എന്റെ പക്കല്‍ ആയുധമുണ്ട്,' അയാള്‍ ഭീഷണിപ്പെടുത്തി. തോക്ക് എന്നു തോന്നിക്കുന്ന സാധനം അയാള്‍ പുറത്തെടുക്കുകയും ചെയ്തു. മിന്നല്‍ വേഗത്തിലായിരുന്നു പൊളിയാനയുടെ പ്രതികരണം. അയാള്‍ ആയുധം പ്രയോഗിക്കും മുന്‍പ് തിരിച്ചടിക്കാനായി അയാളുടെ മേല്‍ ആഞ്ഞുതൊഴിച്ചു. രണ്ട് തൊഴി കിട്ടിയതോടെ നിലത്തുവീണ മോഷ്ടാവിനെ കഴുത്തിലും തലയിലും പിടിച്ച് കീഴടക്കിയ പൊളിയാന നാട്ടുകാരുടെ സഹായത്തോടെ പോലീസിനെ വിളിച്ചു.

പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് മോഷ്ടാവ് കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുണ്ടാക്കിയ കളിത്തോക്ക് ഉപയോഗിച്ചാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് അവര്‍ മനസ്സിലാക്കിയത്. എന്തായാലും പിടിയിലായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊളിയാനയുടെയും മോഷ്ടാവിന്റെയും ചിത്രം യുഎഫ്‌സിയാണ് പുറത്തുവിട്ടത്. മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് താരങ്ങള്‍ക്കിടയില്‍ 'ഉരുക്കുവനിത' എന്നറിയപ്പെടുന്ന താരമാണ് പൊളിയാന വിയന.