നഗരസഭയുടെ പിടിവാശി: ബ്രിട്ടിഷ് വിനോദസഞ്ചാരിയുടെ മൃതദേഹം 10 ദിവസമായി മോര്‍ച്ചറിയിൽ! കൊച്ചിയില്‍ത്തന്നെ ക്രിസ്തീയ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന് മകള്‍

2019-01-12 02:13:15am |

പുതുവര്‍ഷാഘോഷത്തിനിടെ കൊച്ചിയില്‍ മരിച്ച എണ്‍പത്തിയൊമ്പതുകാരനായ ബ്രിട്ടിഷ് വിനോദസഞ്ചാരിയുടെ മൃതദേഹത്തോട് നഗരസഭ അനാദരവ് കാട്ടിയെന്ന് ആരോപണം. പുതുവര്‍ഷത്തലേന്നു മരിച്ച ലണ്ടന്‍ സ്വദേശി കെന്നത്ത് വില്യം റൂബെയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാതെ കഴിഞ്ഞ പത്തു ദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പണിമുടക്കും നഗരസഭ ഉയര്‍ത്തുന്ന സാങ്കേതിക പ്രശ്‌നങ്ങളുമായി സംസ്‌കാരം ഇത്രയും വൈകാന്‍ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. ഇതോടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് സംസ്‌ക്കരിച്ചു.

നഗരസഭയുടെ വെളി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനു നഗരസഭാ ആരോഗ്യവിഭാഗം അനുമതി നൽകിയതോടെയാണ് ഇതു സംബന്ധിച്ച വിവാദത്തിന്റെ തീ അണയുന്നത്. നഗരസഭാ സെക്രട്ടറി ചുമതലപ്പെടുത്തിയത് അനുസരിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സജിമോൻ കെ. വർഗീസ് സംസ്കാരത്തിനുള്ള നടപടിയെടുക്കാൻ 5–ാം സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടർക്കു നിർദേശം നൽകി.

പുതുവത്സരം ആഘോഷിക്കാന്‍ മകള്‍ ഹിലാരിയോടൊപ്പം കൊച്ചിയിലെത്തിയ കെന്നത്ത് ഡിസംബര്‍ 31-നാണ് ഫോര്‍ട്ടുകൊച്ചിയില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ഇപ്പോൾ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നത് പ്രായോഗികമല്ലെന്നും കൊച്ചിയില്‍ത്തന്നെ ക്രിസ്തീയ ആചാരപ്രകാരം സംസ്‌കരിക്കണമെന്നുമെന്ന മകള്‍ ഹിലാരിയുടെ തീരുമാനം. ചുള്ളിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷ നടത്തി ഫോര്‍ട്ടുകൊച്ചി വെളിയിലുള്ള നഗരസഭാ ശ്മശാനത്തില്‍ മൃതശരീരം ദഹിപ്പിച്ച് ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടു പോകാനായിരുന്നു മകളുടെ തീരുമാനം.

ഇതിനായി റൂബോയുടെ ബന്ധുക്കള്‍ ലണ്ടനില്‍ നിന്നു കൊച്ചിയിലെത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കാന്‍ പൊലീസും ഇന്ത്യയിലെ ബ്രിട്ടിഷ് എംബസിയും അനുവാദം നല്‍കി. തുടര്‍ന്ന് കെന്നത്തിന്റെ മകള്‍ ഹിലാരി നഗരസഭാ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ജനുവരി പത്താം തീയതി മൃതശരീരം ദഹിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാം നടത്തിയതിനു ശേഷമാണ് കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞത്. രണ്ടു ദിവസം പണിമുടക്കായതിനാല്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഏതെങ്കിലും നഗരസഭാ കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചെങ്കില്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കാനാവൂ എന്ന നിലപാടാണ് നഗരസഭ ശ്മശാനത്തിലെ ജീവനക്കാരന്‍ സ്വീകരിച്ചത്.

പൊലീസിന്റെ എന്‍ഒസിയും ബ്രിട്ടിഷ് എംബസിയുടെ അനുമതിയും ഉണ്ടായിരുന്നിട്ടും മൃതദേഹം ദഹിപ്പിക്കാനാവാത്തത് നഗരസഭയുടെ പിടിപ്പുകേടാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സ്ഥലം കൗണ്‍സിലറെ ഇതിനായി സമീപിച്ചെങ്കിലും ഇദ്ദേഹവും നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരും സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ അവസാന നിമിഷം ശ്മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കൗണ്‍സിലര്‍ ഇടപെട്ടതോടെയാണ് സംസ്‌കാരം മുടങ്ങിയതെന്നാണ് സൂചന. തന്റെ ഡിവിഷനില്‍ ഒരു വിദേശി മരണമടഞ്ഞാല്‍ ആദ്യം ഡിവിഷന്‍ കൗണ്‍സിലറെയാണ് അറിയിക്കേണ്ടതെന്നാണ് കൗണ്‍സിലറുടെ നിലപാട്. കൗണ്‍സിലര്‍ പറഞ്ഞാല്‍ താന്‍ മൃതശരീരം സംസ്‌ക്കരിക്കാന്‍ തയ്യാറാണെന്നായിരുന്നു ജീവനക്കാരുടെ നിലപാട്.

നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും 89 കാരനായ പിതാവിന്റെ മൃതശരീരം സംസ്‌കരിക്കാന്‍ കഴിയാത്തതില്‍ അതീവ ദുഃഖിതയാണ് മകള്‍ ഹിലാരി.സംഭവത്തെക്കുറിച്ച് കേരള ഗ്രാമ സ്വരാജാ ഫാണ്ടേഷന്‍ ജില്ലാ കണ്‍വീനര്‍ അഭിലാഷ് തോപ്പില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.