Latest News

അയര്‍ലന്‍ഡില്‍ മരിച്ച മലയാളി നഴ്‌സിന് അന്ത്യാജ്‌ലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടുകാരും ഇന്ന് ഒത്തു ചേരും! ടിനിയുടെ മരണത്തില്‍ വേദനയോടെ നാട്ടുകാര്‍

2019-01-17 03:32:19am |

അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്സ് ടിനി സിറിലിനെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും ഭൗതിക ശരീരം ഇന്ന് (ജനുവരി 17 വ്യാഴാഴ്ച) വൈകിട്ട് നാല് മണി മുതല്‍ ലീമെറിക്കിലെ പാട്രിക്‌സ്വെല്ലിലുള്ള Church of blessed vergin mary ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. തുടര്‍ന്ന് ലീമെറിക്ക് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.റോബിന്റെ നേതൃത്വത്തില്‍ പരേതയുടെ ആത്മശാന്തിയ്ക്കായി പ്രത്യേക ദിവ്യബലിയും നടത്തപ്പെടും. ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) ഇന്നലെ ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ടിനി അയര്‍ലണ്ടില്‍ എത്തുന്നത്. ക്രൂമിലെ Caherass Nursing Home ല്‍ തുടക്കത്തില്‍ ജോലിനോക്കിയിരുന്നു. തുടര്‍ന്ന് ന്യുകാസ്റ്റില്‍വെസ്റ്റിലെ St Itas ആശുപത്രിയിലും ജോലി ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലീമെറിക്കിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്സായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങിയത്.

ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ ലീമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു. തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകളുടെ കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാവിലെയോടു കൂടി രോഗം മൂര്‍ച്ഛിക്കുകയും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്ന.

പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും.

ടിനിയുടെ അപ്രതീക്ഷിത മരണവിവരമറിഞ്ഞ് നിരവധി മലയാളികള്‍ കുടുംബത്തിന് സാന്ത്വനമേകാന്‍ എത്തിയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി കുടുംബാംഗങ്ങള്‍ അറിയിക്കുന്നു. സംസ്‌കാരം പിന്നീട് നാട്ടില്‍.