Latest News

"സന്യസ്‌തരില്‍ ചിലര്‍ അച്ചടക്കത്തിന്റെ അതിരുകള്‍ ലംഘിച്ചു" മാര്‍ ആലഞ്ചേരിയുടെ ഇടയലേഖനം നാളെ പള്ളികളില്‍

2019-01-19 03:46:49am |

കൊച്ചി: ചില വൈദികരും സന്യസ്‌തരും അച്ചടക്കത്തിന്റെ സകല സീമകളും ലംഘിച്ചെന്നും അവര്‍ക്കെതിരേ ശിക്ഷണ നടപടികള്‍ ശിപാര്‍ശ ചെയ്യുമെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ഇടയലേഖനം. ഇങ്ങനെയുള്ളവര്‍ സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കളിപ്പാവകളാണെന്നും പറയുന്ന ഇടയലേഖനം നാളെ പള്ളികളില്‍ വായിക്കും.

കൊച്ചിയില്‍ ഇന്നലെ സമാപിച്ച സഭാ സിനഡ്‌ സംബന്ധിച്ച വിലയിരുത്തലുകളാണ്‌ ലേഖനത്തിന്റെ കാതല്‍. എറണാകുളം -അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട്‌ ആരോപണങ്ങളില്‍ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ ഈ വിഷയത്തിലെടുത്ത നിലപാടുകള്‍ക്ക്‌ സിനഡ്‌ പൂര്‍ണപിന്തുണ അറിയിച്ചതായി ലേഖനത്തില്‍ വ്യക്‌തമാക്കുന്നു. സിനഡില്‍ സംബന്ധിച്ച 55 വൈദികരും ആവശ്യപ്പെട്ടതിനാലാണ്‌ ഇടയലേഖനം പുറപ്പെടുവിക്കുന്നതെന്നും ലേഖനത്തിന്റെ ആമുഖമായി പറയുന്നു. അതിരൂപതയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ നിയമിച്ച നാലംഗ സമിതിയുടെ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതോടെ നിജസ്‌ഥിതി പുറത്തുവരും.റിപ്പോര്‍ട്ട്‌ റോമിലെ പൗരസ്‌ത്യസഭകള്‍ക്കുള്ള കാര്യാലയത്തിലാണു സമര്‍പ്പിക്കപ്പെടുക. അവിടെനിന്നുള്ള നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്‌താവനകളില്‍ നിന്ന്‌ എല്ലാവരും വിട്ടുനില്‍ക്കണമെന്നാണ്‌ സിനഡില്‍ ഉയര്‍ന്ന ആവശ്യം.

ബഹുഭൂരിപക്ഷം വൈദികരും സന്യസ്‌തരും അച്ചടക്കത്തോടെയാണു കഴിയുന്നത്‌. എന്നാല്‍, ഇതിന്‌ അപവാദമായി ചിലരുണ്ട്‌. സമകാലിക സംഭവങ്ങളുടെ സാഹചര്യത്തില്‍ സഭയിലുണ്ടായ അച്ചടക്കരാഹിത്യങ്ങള്‍ പരിഹരിക്കണമെന്ന്‌ സിനഡ്‌ വിലയിരുത്തി. അരാജകത്വത്തിന്റെ അരൂപി സഭയില്‍ വളരാതിരിക്കാന്‍ സഭയൊന്നാകെ പരിശ്രമിക്കണമെന്നൂം ഇടയലേഖനത്തില്‍ പറയുന്നു.