Latest News

റഷ്യയിലും ഒരു സഭാ തര്‍ക്കം! ആരോപണം സഭയ്‌ക്കുവേണ്ടി യുക്രൈന്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന്‌; റഷ്യയും യുക്രൈനും ഏറ്റുമുട്ടലിലേക്ക്‌

2019-01-21 01:32:50am |

കീവ്‌: സഭാ തര്‍ക്കത്തിന്റെ പേരില്‍ റഷ്യയും യുക്രൈനും ഇടയുന്നു. റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ പിളര്‍ന്നുണ്ടായ യുക്രൈന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കുവേണ്ടി യുക്രൈന്‍ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നെന്നാണ്‌ ആരോപണം. സര്‍ക്കാര്‍ ഭീഷണിയെ ചെറുത്തുതോല്‍പ്പിക്കുമെന്നാണു റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയെ പിന്തുണയ്‌ക്കുന്ന വിഭാഗത്തിന്റെ നിലപാട്‌.

സോവിയറ്റ്‌ യൂണിയന്‍ ശിഥിലമായതോടെയാണു റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സ്വാധീനം യുക്രൈനില്‍ കുറഞ്ഞത്‌. 1992 ല്‍ യുക്രൈന്‍ സഭ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 15 നു പിളര്‍പ്പ്‌ പൂര്‍ത്തിയായി. ജനുവരി ആറിന്‌ കോണ്‍സ്‌റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ്‌ ബര്‍ത്തലോമോവ്‌ യുക്രൈന്‍ സഭയ്‌ക്ക്‌ റഷ്യന്‍ സഭയില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്‌തു. പിളര്‍പ്പിനുശേഷം യുക്രൈന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കുള്ളതിനേക്കാള്‍ ഇരട്ടി പള്ളികള്‍ റഷ്യന്‍ സഭയുടെ നിയന്ത്രണത്തിലുണ്ട്‌. പള്ളികളുടെ പേരിലും തര്‍ക്കം തുടരുകയാണ്‌.

റഷ്യന്‍ സഭയുടെ അധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസിന്‌ എതിരാണ്‌ യുക്രൈന്‍ പ്രസിഡന്റ്‌ പെട്രോ പൊറഷെങ്കോ. റഷ്യന്‍ സഭയുടെ പള്ളികളിലും മറ്റ്‌ സ്‌ഥാപനങ്ങളിലും നടത്തുന്ന പരിശോധനയാണു വിവാദം രൂക്ഷമാകാന്‍ കാരണം. റഷ്യന്‍ അനുകൂലികള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായും സര്‍ക്കാര്‍ ആരോപിക്കുന്നു. പല വൈദികരും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. പൊറഷെങ്കോയില്‍നിന്നു വിശ്വാസികളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്നു റഷ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭ റഷ്യന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.