Latest News

സീറ്റ്‌ ബെല്‍റ്റില്ലാതെ ഡ്രൈവിങ്‌: ഫിലിപ്പ്‌ രാജകുമാരനു പിഴ! ഡ്രൈവ്‌ ചെയ്യുന്നത്‌ അവസാനിപ്പിക്കണമെന്ന് അപകടത്തില്‍പ്പെട്ട എമ്മാ ഫെയര്‍വതറും

2019-01-21 01:34:35am |

ലണ്ടന്‍: സീറ്റ്‌ ബെല്‍റ്റില്ലാതെ കാര്‍ ഓടിച്ചതിനു ബ്രിട്ടനിലെ എലിസബത്ത്‌ രാജ്‌ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോയിലെ പ്രഭുവുമായ ഫിലിപ്പ്‌ രാജകുമാരന്‌(97) പിഴ ശിക്ഷ. 46,000 രൂപ അദ്ദേഹം ഒടുക്കേണ്ടിവരുമെന്നു നോര്‍ഫ്‌ളോക്‌ പോലീസ്‌ അറിയിച്ചു. രാജകുമാരനു മുന്നറിയിപ്പും നല്‍കിയതായി പോലീസ്‌ അറിയിച്ചു. ശനിയാഴ്‌ച സീറ്റ്‌ ബെല്‍റ്റിടാതെ എലിസബത്ത്‌ രാജ്‌ഞി കാറോടിക്കുന്ന ചിത്രവും പുറത്തുവന്നെങ്കിലും അവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു സൂചനയില്ല.

വ്യാഴാഴ്‌ച രാജകുമാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ കേസെടുക്കുമെന്നു പോലീസ്‌ അറിയിച്ചിരുന്നു. അന്ന്‌ അത്ഭുകരമായാണ്‌ അദ്ദേഹം രക്ഷപ്പെട്ടത്‌. ശനിയാഴ്‌ചയാണ്‌ അദ്ദേഹം സീറ്റ്‌ ബെല്‍റ്റ്‌ ഉപയോഗിക്കാതെ കാര്‍ ഓടിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. വ്യാഴാഴ്‌ചത്തെ അപകടത്തില്‍പ്പെട്ട എമ്മാ ഫെയര്‍വതറും രാജകുമാരനെതിരേ രംഗത്തുണ്ട്‌. അദ്ദേഹം ഡ്രൈവ്‌ ചെയ്യുന്നത്‌ അവസാനിപ്പിക്കണമെന്നാണു പ്രധാന ആവശ്യം. അപകടങ്ങളുടെ പശ്‌ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ വാഹനമോടിക്കുന്നത്‌ നിയന്ത്രിക്കാനൊരുങ്ങുകയാണു ബ്രിട്ടീഷ്‌ സര്‍ക്കാര്‍.