Latest News

വ്യാജ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം: യു.എസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; പ്രതിഷേധവുമായി വിദേശകാര്യ മന്ത്രാലയം

2019-02-04 01:37:22am |

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സ്റ്റുഡന്റ് വീസയിലും മറ്റുമെത്തി സ്ഥിരമായി തങ്ങുന്ന വിദ്യാര്‍ത്ഥികളെ പിടികാന്‍ അമേരിക്കന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ഒരുക്കിയ കെണിയില്‍ കുടുങ്ങിയത് 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 'യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണില്‍' പ്രവേശനം നേടി അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്. ഇവരെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി.

അതേസമയം, ഇവരുടെ അറസ്റ്റില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അമേരിക്കയെ അറിയിച്ചുകഴിഞ്ഞു. വിദ്യാര്‍ത്ഥികളെ അധികൃതര്‍ മനഃപൂര്‍വ്വം കബളിപ്പിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ യു.എസ് എംബസിയിലേക്ക് ആശങ്കയും അറിയിച്ചു. വിഷയത്തില്‍ അധികൃതര്‍ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

മിഷിഗണില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല എന്ന പേരിലാണ് യൂണിവേഴ്‌സിറ്റി ഓഫ് ഫാമിംഗ്ടണ്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. അണ്ടര്‍ ഗ്രാജ്വേറ്റിന് 8,500 ഡോളര്‍ വാര്‍ഷിക ട്യുഷന്‍ ഫീസും ഗ്ര്വാജ്വേറ്റിന് 11,000 ഡോളറുമാണ് ഫീസ് പറഞ്ഞിരുന്നത്. യൂണിവേഴ്‌സിറ്റികളുടെ പരിപാടികള്‍ വ്യക്തമാക്കികൊണ്ട് വ്യാജമായ ഒരു ഫേസ്ബുക്ക് പേജും രൂപീകരിച്ചിരുന്നു.

അനധികൃതമായി കുടിയേറ്റം ലഭ്യമാക്കാനാണ് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. എന്നാല്‍ അധികൃതര്‍ ഇവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്നും ഇവരുടെ മോചനത്തിനായി നയതന്ത്ര പ്രതിനിധി ഇടപെടണമെന്നും വിദ്യാര്‍ത്ഥികളുടെ അന്തസ്സിലും ക്ഷേമത്തിലും സര്‍ക്കാരിന് ആശങ്കയുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‌സിറ്റിക്ക് പിന്നില്‍ ഹോം ലാന്‍ഡ് സെക്യുരിറ്റീസ് വകുപ്പിലെ ജീവനക്കാര്‍ തന്നെയാണെന്ന വിവരം പുറത്തുവന്നത്.

2015 ലാണ് ഈ വ്യാജ യൂണിവേഴ്‌സിറ്റി രൂപീകരിച്ചത്. സ്റ്റുഡന്റ് വീസയില്‍ എത്തിയ ശേഷം രാജ്യത്ത് തങ്ങുന്ന വിദേശി പൗരന്മാരെ പിടികൂടാന്‍ ലക്ഷ്യമിട്ടുതന്നെയായിരുന്നു യൂണിവേഴ്‌സിറ്റി രൂപീകരിച്ചത്. യുണിവേഴ്‌സിറ്റിയിലെ ക്ലാസിലും ലൈബ്രറികളിലും വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ചിത്രവും വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു. കാമ്പസിന്റെ ചിത്രം ഉള്‍പ്പെടെയായിരുന്നു പരസ്യം. കാമ്പസിന് ഡിട്രോയിറ്റിലും ഓഫീസ് ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 130 പേരാണ് പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വരും. വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാരായി പ്രവര്‍ത്തിച്ച എട്ട് വിദ്യാര്‍ത്ഥികളും പിടിയിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ വീസ തട്ടിപ്പിനുള്ള ഗൂഢാലോചന, ലാഭത്തിനു വേണ്ടി വിദേശികളെ കടത്തി തുടങ്ങിയ കുറ്റങ്ങളാണുള്ളത്.