Latest News

സന്ദര്‍ലാണ്ടില്‍ ബ്രെയിന്‍ ട്യൂമര്‍ മൂലം മരിച്ച തൊടുപുഴ സ്വദേശി അരുണിന്റെ സംസ്‌കാരം യുകെയില്‍ നടത്തും; മാതാപിതാക്കള്‍ നാട്ടില്‍ നിന്ന് എത്തും

2019-02-04 01:51:38am |

സണ്ടര്‍ലന്‍ഡ്: സന്ദര്‍ലാണ്ടില്‍ താമസിക്കുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (38 ) നിര്യാതനായി. കഴിഞ്ഞ കുറെ കാലമായി ബ്രെയിന്‍ ട്യൂമര്‍ മൂലം ചികിത്സയില്‍ ആയിരുന്നു. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശിനി തറയില്‍പീടിക  ആലീസ് കോശി ( റെനി ) ആണ് ഭാര്യ. റയാന്‍ (6 )റെയ്ച്ചല്‍ (4 ),റബേക്ക( 2 )എന്നിവര്‍ മക്കളാണ്. തൊടുപുഴ നെല്ലിക്കാനത്തില്‍ ലൂക്കാച്ചന്‍ ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ പുത്രന്‍ ആണ് മരിച്ച അരുണ്‍.

അമ്മ ത്രേസ്യാമ്മ പാലാ  കിഴക്കേക്കര കുടുംബാംഗമാണ് , അരുണിന്റെ ഏക സഹോദരന്‍ ബെന്നി ഗ്ലോസ്റ്റെര്‍ഷെയറിനടുത്തു ചെല്‍റ്റന്‍ഹാമിലാണ് താമസിക്കുന്നത്. ദീര്‍ഘ  കാലമായി ചികിത്സയില്‍ ആയിരുന്ന അരുണ്‍ സ്റ്റുഡന്റ്  വിസയില്‍ ആണ് ആദ്യമായി യുകെയില്‍  എത്തുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ്  യുകെയില്‍ എത്തിയ അരുണിന് യു കെ യില്‍ എമ്പാടും ഏറെ സുഹൃത്തുക്കളും ഉണ്ട്. ഭാര്യ ആലീസ് ഫര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നു.

മരണവിവരം അറിഞ്ഞ് യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും ബന്ധുക്കളും രാവിലെ മുതല്‍ സന്ദര്‍ലാന്റിലെ ഇവരുടെ വസതിയില്‍ എത്തി. മൃതദേഹം വൈകുന്നേരത്തോടെ ഫ്യൂണറല്‍ ഡയറക്‌റ്റേഴ്‌സിനു കൈമാറി. നാട്ടില്‍ നിന്നും മാതാപിതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ഇങ്ങോട്ടേക്ക് വരുവാനായി ശ്രമിക്കുന്നുണ്ട്. ആ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് സംസ്‌കാരം നടത്താനാണ് ഇപ്പോള്‍ തീരുമാനം  എടുത്തിരിക്കുന്നത്.

സന്ദര്‍ലാന്‍ഡ്  മലയാളി സമൂഹം ഒന്ന് ചേര്‍ന്നാണ് സംസ്‌കാരത്തിനും മറ്റുമുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. മരണ വിവരം അറിഞ്ഞയുടന്‍ റെവ . ഫാ. സജി തോട്ടത്തില്‍ , റെവ . ഫാ. ഹാപ്പി ജേക്കബ് . ഫാ. മൈക്കിള്‍ മക്കോയ് ,ഫാ. ജിജി എന്നിവര്‍ വസതിയില്‍ എത്തി പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി .