സ്കൂളിൽ നടന്ന അടിപിടി മകൻ വിഡിയോയിൽ പകർത്തി; വിദ്യാർഥികൾ തമ്മിലുള്ള വഴക്ക് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ച മാതാവ് അറസ്റ്റിൽ

2019-02-23 02:52:03am |

ലൂയിസിയാന: സോഷ്യൽ മീഡിയായിൽ എന്തും പ്രചരിപ്പിക്കാം എന്നു ചിന്തിക്കുന്നവർക്കു മുന്നറിയിപ്പ്. ഏതു സമയത്തും നിങ്ങൾ അറസ്റ്റ് ചെയ്യപെടാം. അമേരിക്കയിലാണെങ്കിൽ ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നത് തീർച്ച.

സ്കൂളിൽ വച്ച് കുട്ടികൾ തമ്മിൽ നടന്ന അടിപിടിയുടെ വിഡിയോ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച ലൂസിയാനയിൽ നിന്നുള്ള മാതാവ് മെഗൻ ആഡ്കിൻസിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. മെഗന്റെ മകൻ പഠിക്കുന്ന സ്കൂളിൽ നടന്ന അടിപിടി മകൻ തന്നെയാണ് വിഡിയോയിൽ പകർത്തിയത്. സംഭവം നടന്ന അന്നു തന്നെ സോഷ്യൽ മിഡിയായിൽ മാതാവ് പ്രചരിപ്പിക്കുകയും ചെയ്തു.

മറ്റു വിദ്യാർഥികളുടെ മാതാപിതാക്കളിൽ ചിലർ ഈ വിഡിയോ കാണുന്നതിന് ഇടയായതിനെ തുടർന്നു പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ലൂസിയാനയിലെ നിയമമനുസരിച്ചു ഇല്ലീഗൽ ആക്ടിവിറ്റിയുടെ ഫോട്ടോ, വിഡിയോ എന്നിവ പ്രചരിപ്പിക്കുന്നതു കുറ്റകരമാണ്. അറസ്റ്റിലായ മെഗനെ കറക്‌ഷണൽ സെന്റിൽ അടച്ചു. ജാമ്യം അനുവദിച്ചിട്ടില്ല. ഫൈനും, ആറുമാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.