Latest News

ബ്രെക്‌സിറ്റ് പുലിവാലാകുന്നു! പാര്‍ട്ടി ഭേദമെന്യേ എംപിമാര്‍ വിമതസ്വരമുയര്‍ത്തുന്നു, ആകെ കുഴഞ്ഞു മറിഞ്ഞ് ബ്രിട്ടീഷ് രാഷ്ട്രീയം

2019-02-23 02:55:40am |

ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയിൽ നിന്നും രാജിവച്ച ഏഴ് എംപിമാർക്കൊപ്പം ചേരാൻ ഭരണകക്ഷിയായ ടോറി പാർട്ടിയിലെ മൂന്ന് എംപിമാർകൂടി. ഹെയ്ദി അലൻ, അന്ന സോബ്രി, സാറാ വോളാസ്റ്റൺ എന്നീ മൂന്ന് ടോറി വനിതാ എംപിമാരാണ് പ്രധാനമന്ത്രി തെരേസ മേയെയും സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ലേബർ വിമതർക്കൊപ്പം ചേർന്നത്. പാർട്ടിയിൽനിന്നും രാജിവച്ച ഇവർ പാർലമെന്റിൽ ലേബർ വിമതർക്കൊപ്പം സ്വതന്ത്ര ഗ്രൂപ്പായി പ്രവർത്തിക്കും. നേരത്തെ ജോവാൻ റയാൻ എന്ന മറ്റൊരു ലേബർ എംപിയും പാർട്ടിയിൽനിന്ന് രാജിവച്ച് വിമതർക്കൊപ്പം ചേർന്നിരുന്നു. ഇതോടെ പുതിയ സ്വതന്ത്ര ഗ്രൂപ്പിന്റെ പാർലമെന്റിലെ അംഗബലം 11 ആയി.  പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരേസ മേ സർക്കാരിന് ഈ സ്വതന്ത്ര ഗ്രൂപ്പിന്റെ നിലപാടുകൾ വരും ദിവസങ്ങളിൽ തലവേദനയാകുമെന്ന് ഉറപ്പാണ്. 

ലേബർ പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ ജെറമി കോർബിന്റെ ബ്രക്സിറ്റ് നയങ്ങളിലും യഹൂദ വിരുദ്ധ (ആന്റി സെമിറ്റിക്) നിലപാടുകളിലും  പ്രതിഷേധിച്ചായിരുന്നു  ഏഴ് എംപിമാർ കഴിഞ്ഞദിവസം പാർട്ടി വിട്ടത്.  ഇവരെ പിന്തുണച്ച് വരുംദിവസങ്ങളിൽ കൂടുതൽ എംപിമാരും മുതിർന്ന നേതാക്കളും രംഗത്തുവരുമെന്നാണ് സൂചനയുണ്ടായിരുന്നു. എന്നാൽ ഭരണപക്ഷത്തുനിന്നും ഇവർക്കൊപ്പം ചേരാൻ എംപിമാരെത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. 

ചുക ഉമുന്ന, ക്രിസ് ലെസ്ലി, ഗാവിൻ ഷുകെർ, മൈക്ക് ഗെപ്സ്, ആൻ കോഫെ, എയ്ഞ്ജല സ്മിത്ത്, ലൂസിയാന ബെർഗർ എന്നീ എംപിമാരാണ് രണ്ടുദിവസം മുമ്പ്  ലേബർ പാർട്ടിവിട്ട് പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോർബിൻ വിരുദ്ധരായ അമ്പതോളം എംപിമാരിൽ ചിലർകൂടി വരും ദിവസങ്ങളിൽ ഇനിയും ഇവരോടൊപ്പം ചേരുമെന്നാണ് വാർത്തകൾ.  

പാർലമെന്റിൽ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറൽ ഡെമോക്രാറ്റുകളേക്കാൾ വലിയ ഗ്രൂപ്പായി ലേബർ വിമതർ ഇപ്പോൾത്തന്നെ മാറിക്കഴിഞ്ഞു. 

ആന്റി സെമിറ്റിക് നിലപാടുകൾ കൈക്കൊള്ളുന്ന ഒരു പാർട്ടിയിൽ തുടരാൻ താൽപര്യമില്ലെന്നും പാർട്ടിയുടെ ഈ നിലപാട് ദേശസുരക്ഷയ്ക്കുതന്നെ ഭീഷണിയാണെന്നും പറഞ്ഞാണ് ഏഴ് എംപിമാർ പാർട്ടി വിട്ടത്. ബ്രക്സിറ്റിനെ തുറന്ന് എതിർക്കുന്ന ഇവർ തുടക്കംമുതലേ രണ്ടാം റഫറണ്ടത്തിനായി നിലകൊള്ളുന്നവരുമാണ്. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ജെറമി കോർബിൻ ഒരിക്കലും പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്നും വിമത നേതാക്കൾ ആരോപിക്കുന്നു.

തെരേസ മേയുടെ ബ്രക്സിറ്റ് നയങ്ങളാണ് പാർട്ടി വിടാൻ മൂന്ന് വനിതാ ടോറി എംപിമാരെ പ്രേരിപ്പിച്ചത്. പാർട്ടി നേതൃത്വം  കൈക്കൊള്ളുന്ന ശക്തമായ യൂറോപ്യൻ വിരുദ്ധ നയങ്ങളെ എംപിമാർ ഇന്നലെ വാർത്താസമ്മേളനത്തിൽ രൂക്ഷമായി വിമർശിച്ചു.