ബാലപീഡനം: ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ കുറ്റക്കാരന്‍; കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണെങ്കിലും വാര്‍ത്ത പുറത്തുവിടുന്നത് വൈകിപ്പിച്ചു

2019-02-27 02:55:06am |

സിഡ്‌നി: ബാലപീഡകര്‍ക്കെതിരെ കടുത്ത നടപടിക്ക് വത്തിക്കാനില്‍ ചേര്‍ന്ന പ്രത്യേക സിനധ് തീരുമാനിച്ചതിനു കത്തോലിക്കാ സഭയിലെ ഒരു കര്‍ദ്ദിനാള്‍ ശിക്ഷാവിധി ഏറ്റുവാങ്ങുന്നു. ഗായക സംഘത്തിലെ രണ്ട് ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍ (77) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ഇദ്ദേഹത്തെ കോടതി ഡിസംബറില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണെങ്കിലും നിയമപരമായ ചില കാരണങ്ങളാല്‍ വാര്‍ത്ത പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു.

1996ലാണ് മെല്‍ബണ്‍ കത്തീഡ്രലിലെ മുറികളില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായത്. മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പ് ആയി പെല്‍ ചുമതലയേറ്റ് വൈകാതെയാണ് ഈ സംഭവം. കുര്‍ബാനയ്‌ക്കെത്തിയ പെല്‍ കത്തീഡ്രലിലെ മുറിയില്‍ രണ്ട് കുട്ടികള്‍ വൈന്‍ എടുത്ത് കുടിച്ചായി കണ്ടെത്തി. ഇവരെ പെല്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

ആരോപണത്തെ കുറിച്ച് ഒരു ജൂറി നടത്തിയ അന്വേഷണത്തില്‍ പെല്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളില്‍ ഒരാളുടെ മൊഴിയും ജൂറിയെടുത്തിരുന്നു. രണ്ടാമത്തെ കുട്ടി ഇതിനകം മരണമടഞ്ഞിരുന്നു. എന്നാല്‍ ആദ്യ ജൂറി ഇദ്ദേഹത്തിനെതിരായ വിധി പറയുന്നതില്‍ നിന്ന് പിന്മാറിയതോടെ കഴിഞ്ഞ വര്‍ഷം രണ്ടു തവണ വിചാരണ നടത്തിയിരുന്നു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതായി രണ്ടാമത്തെ ജൂറി ഐക്യകണേ്ഠന കണ്ടെത്തുകയായിരുന്നു.

താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പെല്‍ വ്യക്തമാക്കി. വത്തിക്കാന്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പെല്‍ സഭയിലെ ഏറ്റവും ശക്തനായ അധികാരികളില്‍ ഒരാളായിരുന്നു.