ഡബ്‌സ്മാഷില്‍ മലായാളികളും കുടുങ്ങും, വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത് 61.7 കോടി ആള്‍ക്കാരുടെ സ്വകാര്യ വിവരങ്ങള്‍

2019-02-27 03:05:34am |

61.7 കോടി ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ വില്‍പ്പനയ്ക്കെന്ന് റിപ്പോര്‍ട്ട്. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന മലയാളികളുടേതടക്കമുള്ള ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നത്. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ 500px അടക്കമുള്ള പതിനാറു വെബ്‌സൈറ്റുകളാണ് ഹാക്കു ചെയ്തത്. ഫിറ്റ്‌നസ് പ്രേമികളുടെ പ്രിയ വെബ്‌സൈറ്റുകളിലൊന്നായ മൈഫിറ്റ്‌നെസ്പാല്‍ (MyFitnessPal), മലയാളികളുടെ പ്രിയ ഡബ്‌സ്മാഷ്, കോഫിമീറ്റ്‌സ്ബാഗെല്‍, വൈറ്റ് പേജസ് തുടങ്ങിയവയാണ് പ്രധാന വെബ്‌സൈറ്റുകള്‍.

ഇപ്പോള്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന വിവരങ്ങളില്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ ചിലരുടെ മീഡിയ ഒതന്റിക്കേഷന്‍ വിശദാംശങ്ങളുണ്ട്. ഇതിലൂടെ പലരുടെയും അക്കൗണ്ടുകളിലേക്ക് പാസ്വേഡ് ഇല്ലാതെ കടക്കാനാകും. സൈബര്‍ ക്രിമിനലുകള്‍ ഈ ഡേറ്റ വാങ്ങാന്‍ സാധ്യതയുണ്ട്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ഉപയോക്താവിന്റെ ഫെയ്‌സ്ബുക് അല്ലെങ്കില്‍ ജിമെയിലിലേക്ക് കടക്കാനാകും. പല ഇന്റര്‍നെറ്റ് ഉപയോക്താക്കളും പൊതുവായി വരുത്തുന്ന ഒരു തെറ്റാണ് ഒരേ ഇ-മെയില്‍ ഐഡി തന്നെ പല സേവനങ്ങള്‍ക്കും ഉപയോഗിക്കുക എന്നത്. ഇങ്ങനെ ചെയ്തിരിക്കുന്നവര്‍ക്ക് അക്കൗണ്ടുകളില്‍ ആക്രമണം പ്രതീക്ഷിക്കാം.

ഡബ്‌സ്മാഷ് (Dubsm-a-sh), മൈഫിറ്റ്‌നെസ്പാല്‍ (MyFitnessPal), മൈഹെറിറ്റെജ് (MyHeritage), ഷയര്‍ദിസ് (ShareThis), ഹാട്ട്‌ലുക് (HauteLook), അനിമോടോ (Animoto), എയെം (EyeEm), എയിറ്റ്ഫിറ്റ് (8fti), വൈറ്റ്പേജസ് (Whitepagse), ഫോട്ടോലോഗ് (Fotolog), 500പിക്‌സ് (500px), ആര്‍മര്‍ ഗെയിംസ് (Armor Gamse), ബുക്‌മെയ്റ്റ് (BookMate), കോഫീമീറ്റ്‌സ്ബഗെല്‍(CoffeeMeetsBagel), ആര്‍ട്‌സി (Artsy), ഡേറ്റാക്യാംപ് (DataCamp) ഇവയില്‍ ഏതിലെങ്കിലും അക്കൗണ്ടുള്ളവര്‍ വേഗം പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിവിധ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ശേഖരിച്ചിരിക്കുന്നത്. ചില വെബ്സെറ്റുകളില്‍ ഇമെയില്‍ അഡ്രസ്, പാസ്വേഡുകള്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങിയവയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇത്രയും പേരുടെ ഡേറ്റയ്ക്ക് കേവലം 20,000 ഡോളറിനു തുല്യമായ ബിറ്റ്‌കോയിനാണ് ആവശ്യപ്പെടുന്നത്.