ബ്രക്സിറ്റ് നടപ്പാക്കാനുറച്ച് തെരേസ മേ! പാർലമെന്റിൽ നിർണായകമായ വോട്ടെടുപ്പുകൾക്കൊരുങ്ങി പ്രധാനമന്ത്രി

2019-02-28 02:13:42am |

ലണ്ടൻ: ചർച്ചകൾ പൂർത്തിയാക്കി ഏവർക്കും സ്വീകാര്യമായ സമവായത്തിലൂടെ മാർച്ച് 29നു തന്നെ ബ്രക്സിറ്റ് നടപ്പാക്കാനുറച്ച് തെരേസ മേ. എന്നാൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലുൾപ്പെടെ നിരവധിപേർ തീയതി നീട്ടണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.  സമയം വൈകിയാലും മികച്ച ഡീലില്ലാതെ പിരിയുന്നതിനേക്കാൾ കൂടുതൽ ചർച്ചകളിലൂടെ സമവായത്തിൽ എത്തുകയാണ് നല്ലതെന്നാണ് ചില മന്ത്രിമാർ ഉൾപ്പെടെയുള്ള ഏതാനും ടോറി എംപിമാരുടെ അഭിപ്രായം. ഇക്കാര്യം കഴിഞ്ഞദിവസങ്ങളിൽ അവർ പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. 

ബ്രക്സിറ്റ് നടപ്പാക്കാനുള്ള സമയം അടുത്തുവരികയും യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ ചർച്ചകൾ തീരുമാനമാകാതെ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ പാർലമെന്റിൽ നിർണായകമായ വോട്ടെടുപ്പുകൾക്കൊരുങ്ങി തെരേസ മേ. ബ്രക്സിറ്റ്  വിരുദ്ധരുടെയും അനുകൂലികളുടെയും  സമ്മർദത്തിൽ നട്ടംതിരിയുന്ന തെരേസ മേ  എല്ലാ തീരുമാനങ്ങളും പാർലമെന്റിലെ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കുമെന്ന നിലപാടിലേക്ക് ഇന്നലെ ചുവടു മാറ്റി. മാർച്ച് 12, 13. 14 തിയതികളിലാകും നിർണായകമായ ഈ വോട്ടെടുപ്പുകൾ. 

യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇപ്പോൾ പ്രധാനമന്ത്രി നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന പുതിയ ബ്രക്സിറ്റ് ബില്ലാകും 12ന് ആദ്യം വോട്ടിനിടുക. ഇതു പാസായാൽ മുൻ നിശ്ചയപ്രകാരം മാർച്ച് 29നു തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ട് പുറത്തുവരുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമാകും.

പുതിയ ഉടമ്പടിയും  പാർലമെന്റ് തള്ളിയാൽ 13ന് നോ ഡീൽ ബ്രക്സിറ്റിനായുള്ള (കരാറില്ലാതെയുള്ള വേർപിരിയൽ)  ഹിതമാറിയാൻ പാർലമെന്റിൽ വോട്ടെടുപ്പു നടത്തും. ഭൂരിപക്ഷം എംപിമാരും ഇതിനെ പിന്തുണച്ചാൽ മുൻ നിശ്ചയപ്രകാരം 29ന് ഉടമ്പടി കൂടാതെ തന്നെ ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറും. 

ഈ നിർദേശവും  വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ 14ന് ബ്രക്സിറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നതു സംബന്ധിച്ച പ്രമേയം വോട്ടിനിടും. ഇത് പരാജയപ്പെട്ടാൽ വീണ്ടും നോ ഡീൽ ബ്രക്സിറ്റിലേക്ക് കാര്യങ്ങൾ നീങ്ങും. പക്ഷേ, ഭൂരിഭാഗം എംപിമാരും സമയം നീട്ടിവയ്ക്കുന്നതിനെ പിന്തുണച്ചാൽ യൂറോപ്യൻ യൂണിയൻ ട്രീറ്റിയിലെ ആർട്ടിക്കൾ 50 അനുസരിച്ച് യൂണിയനിൽ നിന്നും പിന്മാറാൻ നേരത്തെയെടുത്ത തീരുമാനത്തിന് സാവകാശം തേടി പ്രധാനമന്ത്രി യൂറോപ്യൻ യൂണിയനെ സമീപിക്കും. യൂണിയനിലെ 27 അംഗരാജ്യങ്ങളും ഐകകണ്ഠ്യേന പിന്തുണച്ചാൽ മാത്രമേ ആർട്ടിക്കിൾ 50 അനുസരിച്ചുള്ള സമയം നീട്ടൽ സാധ്യമാകൂ.  ഈ നിർദേശത്തോട് ഒരു ശതമാനം പോലും തനിക്ക് യോജിപ്പില്ലെന്ന് തെരേസ മേ പ്രഖ്യാപിച്ചുകഴിഞ്ഞു. 

മുൻ നിശ്ചയപ്രകാരം മാർച്ച് 29നു തന്നെ ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ആവർത്തിച്ചു പറഞ്ഞിരുന്ന പ്രധാനമന്ത്രി ഇന്നലെ വളരെ പെട്ടെന്നാണ് എല്ലാ സാധ്യതകളും പാർലമെന്റിന്റെ പരിഗണനയ്ക്കു വയ്ക്കുമെന്ന് ഉറപ്പു നൽകിയത്. പാർട്ടിക്കുള്ളിലെ സമ്മർദവും പ്രതിപക്ഷം നിലപാടു കടുപ്പിക്കുന്നതുമാണ് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്. 

യൂറോപ്യൻ യൂണിയനുമായി സ്വീകാര്യമായ കരാറിലെത്താനായില്ലെങ്കിൽ ബ്രക്സിറ്റ് നീട്ടിവയ്ക്കണമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രക്സിറ്റ് വിരുദ്ധരായ വിമത എംപിമാരുടെ നിലപാട്. പല മുതിർന്ന നേതാക്കളും വിമതരുടെ ഈ നിലപാടിനോട് യോജിക്കുകയും ചെയ്യുന്നു.  23 വിമത  എംപിമാർ കഴിഞ്ഞദിവസം രാത്രി പാർലമെന്റിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഏതു സാഹചര്യത്തിലും നോ ഡീൽ ബ്രക്സിറ്റ് തടയണമെന്നും ഇതിനായി മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ രാജിവയ്പിച്ച് സമ്മർദം തുടരാനുമായിരുന്നു തീരുമാനം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ്  എല്ലാ സാധ്യതകളും പാർലമെന്റിന്റെ തീരുമാനത്തിനു വിടാൻ പ്രധാനമന്ത്രി തയാറായിരിക്കുന്നത്.