സൗന്ദര്യ മത്സരത്തില്‍ റാണിയായത് ജര്‍മ്മന്‍ പോലീസുകാരി ; സ്വപ്നസാഫല്യം നേടിയെങ്കിലും പണിവിടാനില്ലെന്ന് 28 കാരി ; ഒരു വര്‍ഷത്തേക്ക് ജോലിയില്‍ നിന്നും അവധി

2019-03-02 02:32:21am |

സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കേണ്ടി വരുന്ന പോലീസുകാരിയുടെ കഥ പറഞ്ഞ് വന്‍ ഹിറ്റായ ഹോളിവുഡ് സിനിമ മിസ് കണ്‍ജീനിയാലിറ്റിയെ ഓര്‍മ്മിപ്പിക്കുകയാണ് ജര്‍മ്മനിയിലെ സുന്ദരി നാദിനേ ബെര്‍ണേയിസ്. 28 കാരിയായ ഈ പോലീസുകാരി സൗന്ദര്യ മത്സരത്തില്‍ മിസ് ജര്‍മ്മനിയായി തെരഞ്ഞെടുക്കപ്പെട്ടു. ഒരിക്കല്‍ സ്റ്റുട്ട്ഗര്‍ട്ട് നഗരത്തില്‍ പെട്രോളിംഗ് ജോലി ചെയ്തിരുന്നയാളും പിന്നീട് സൈബര്‍ ക്രൈമുകളുടെ കുറ്റാന്വേഷണ ഭാഗമാകുകയും ചെയ്ത നാദിനേ 15 സുന്ദരികളെയാണ് പിന്നിലാക്കിയത്.

സുന്ദരിയായി മാറിയതോടെ ജര്‍മ്മന്‍ അധികൃതര്‍ സുന്ദരിക്ക് ജോലിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ലീവ് അനുവദിച്ചു. സുന്ദരിയായിയുള്ള കമ്മിറ്റ്‌മെന്റുകള്‍ പൂര്‍ത്തീകരിക്കാന്‍ ആണ് അവധി. ഫിറ്റ്‌നെസ് ട്രെയിനിംഗില്‍ അതീവ കമ്പമുള്ള യുവതിക്ക് നേട്ടം സ്വപ്ന സാഫല്യം ആണെങ്കിലും പോലീസ് ജോലി ഉപേക്ഷിക്കാന്‍ കക്ഷി തയ്യാറല്ല. സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ പ്രൊഫഷണല്‍ മോഡലിംഗ്, സിനിമയില്‍ നായികയാകുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സാധാരണ ലോക സുന്ദരികള്‍ക്കെങ്കില്‍ സൈബര്‍ ക്രൈംവിഭാഗത്തിലെ തന്റെ ജോലി തുടരാനാണ് നാദിനേ ഉദ്ദേശിക്കുന്നത്.

ജര്‍മ്മന്‍ ഫ്രഞ്ച് റിനേ നദിക്കരയിലെ നഗരമായ റസ്റ്റില്‍ സ്ഥിതി ചെയ്യുന്ന ജര്‍മ്മനിയിലെ തന്നെ ഏറ്റവും വലിയ തീംപാര്‍ക്കായ യൂറോപ്പാ പാര്‍ക്കില്‍ ശനിയാഴ്ച ആയിരുന്നു സുന്ദരി മത്സരത്തിന്റെ ഫൈനല്‍ നടന്നത്. വിവിധ ഭാഗങ്ങളിലായി നടന്ന പ്രാദേശിക മത്സരങ്ങളില്‍ 9,500 സുന്ദരികളില്‍ നിന്നുമാണ് ഫൈനലിസ്റ്റുകള്‍ എത്തിയത്. പ്രൊഫഷണല്‍ ഫിസിക്കല്‍ ട്രെയിനര്‍ കൂടിയായ നാദിനേ തന്റെ ഫിറ്റ്‌നെസ്സുമായി ബന്ധപ്പെട്ട അനേകം വീഡിയോകളും ചിത്രങ്ങളും പതിവായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പങ്കു വെയ്ക്കാറുണ്ട്.

ഒക്‌ടോബറില്‍ നടന്ന ആദ്യ റൗണ്ടുകളില്‍ ബാഡന്‍ വുര്‍ട്ടന്‍ ബര്‍ഗിനെയാണ് നാദിനേ പ്രതിനിധീകരിച്ചത്. സാക്‌സനിയിലെ ഡ്രെസ്‌ഡെന്‍ കാരിയായ നാദിനേ ജോലിക്ക് വേണ്ടി ബാഡന്‍ വുര്‍ട്ടന്‍ ബര്‍ഗിലേക്ക് ചേക്കേറുകയായിരുന്നു. ഫുട്‌ബോള്‍ മത്സരങ്ങളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു പോലീസില്‍ നാദിനേയുടെ ആദ്യ ജോലി. പിന്നീട് സെന്‍ട്രല്‍ സ്റ്റുട്ട്ഗര്‍ട്ടിലെ പെട്രോളിംഗ് ജോലിയിലേക്കും ഏറ്റവും ഒടുവില്‍ ഇപ്പോള്‍ സൈബര്‍ ക്രൈം അന്വേഷണ വിഭാഗത്തിലേക്കും മാറ്റി. സാമൂഹ്യ മാധ്യമങ്ങള്‍ വഴി തട്ടിപ്പ് നടത്തന്ന ഇന്റര്‍നെറ്റ് കുറ്റവാളികളെ കൈകാര്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ പണി. ജോലി ആസ്വദിക്കുന്നതിനാല്‍ സുന്ദരിമാരുടെ സ്വപ്നമൊന്നും ഇതുവരെ നാദിനയേ തൊട്ടു തീണ്ടിയിട്ടേയില്ല.

2000 ല്‍ പുറത്തുവന്ന അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രം മിസ്സ് കോണ്‍ജെനിയാലിറ്റിയും കേസന്വേഷണത്തില്‍ സൗന്ദര്യമത്സരത്തിന്റെ ഭാഗമാകേണ്ടി വരുന്ന ഒരു പോലീസുകാരിയുടെ കഥ പറയുന്ന ചിത്രമാണ്. സാന്ദ്രാബുള്ളോക്ക് തകര്‍പ്പന്‍ പ്രകടനം നടത്തിയ സിനിമയില്‍ ആകസ്മീകമായി മത്സരത്തില്‍ പെടുന്ന നായിക സൗന്ദര്യ മത്സരത്തിലെ ഫസ്റ്റ് റണ്ണറപ്പായി മാറുന്നതാണ് പറയുന്നത്.