"അയാളുടെ കുഞ്ഞിനെ എനിക്ക് വേണ്ട"; വാശിപിടിച്ചിട്ടും കാര്യമുണ്ടായില്ല, 11 കാരിയുടെ ജിവിതം അര്‍ജന്റീനയില്‍ ഗര്‍ഭനിരോധന നിയമങ്ങള്‍ക്കെതിരെയുള്ള വാളാകുന്നു

2019-03-03 04:50:29am |

ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച നിയമവശങ്ങളുടെയും, സാംസ്‌കാരിക കാഴ്ച്ചപ്പാടുകളുടെയും വ്യാപ്തി ലോകമെമ്പാടും വ്യത്യസ്തമാണ്. പല ലോകരാജ്യങ്ങളിലും ഗര്‍ഭഛിദ്രത്തെ സംബന്ധിച്ച വ്യക്തമായ ഭിന്നതകളും പൊതുതര്‍ക്കങ്ങളും ധാര്‍മ്മികവും നിയമപരവുമായ പ്രശ്നങ്ങളും നിലനില്‍ക്കുന്നു. അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നില്ല. ഈ നിയമം നിലനില്‍ക്കുന്നത് കൊണ്ട് ജീവിതം തുലാസിലായ ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് പുറത്ത് വരുന്നത്.

പതിനൊന്നു വയസ്സുകാരിയായ ലൂസിയയ്ക്ക് തന്റെ മുത്തശ്ശിയുടെ 65 വയസ്സുള്ള പങ്കാളിയില്‍ നിന്ന് ക്രൂരമായ ബലാത്സംഗം നേരിടേണ്ടി വരികയും ഗര്‍ഭിണിയാകുകയും ചെയ്തു. ഗര്‍ഭിണിയായെങ്കിലും ഈ കുട്ടിയെ പ്രസവിക്കാനോ വളര്‍ത്താനോ ലൂസിയയ്ക്ക് താല്പര്യമില്ലായിരുന്നു. താന്‍ നേരിട്ട ക്രൂരതയെ കുറിച്ച് ഓര്‍ക്കാന്‍ പോലും അവള്‍ക്ക് സാധിക്കുമായിരുന്നില്ല. ഗര്‍ഭഛിദ്രം ചെയ്യണമെന്നായിരുന്നു അവളുടെയും കുടുംബത്തിന്റെയും ആഗ്രഹം. അര്‍ജന്റീനയിലെ നിയമങ്ങള്‍ അത് അനുവദിക്കുമായിരുന്നില്ല.

അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമ വിരുദ്ധമാണെങ്കിലും ബലാത്സംഗ കേസുകളില്‍ ഗര്‍ഭഛിദ്രമാകാമെന്ന് 1921-ല്‍ ഒരു ഭേദഗതി ഇറക്കിയിരുന്നു. എന്നാല്‍ ലൂസിയയുടെ കേസില്‍ ഇക്കാര്യങ്ങളൊക്കെ പരിഗണിക്കാന്‍ കാലതാമസം നേരിടുകയും ഒടുവില്‍ കുഞ്ഞിനെ സിസേറിയന്‍ നടത്തി പുറത്തെടുക്കുകയും ചെയ്തു. ലൂസിയയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് സര്‍ക്കാര്‍ വരുത്തിയതെന്നും ലൂസിയയോടും അവളുടെ കുഞ്ഞിനോടും കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിച്ചതെന്നും വുമണ്‍ ഫോര്‍ വുമണ്‍ സംഘടനയുടെ സജീവ പ്രവര്‍ത്തക സൊല്ലഡാഡ് ടെസ ആരോപിച്ചു.

താന്‍ നേരിട്ട ക്രൂരതയില്‍ മനംനൊന്ത് രണ്ട് വട്ടം ലൂസിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ലൂസിയയുടെ അനുഭവം അറിഞ്ഞ നിരവധി പേരാണ് അര്‍ജന്റീനയിലെ ഈ നയങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ഇഷ്ടമില്ലാത്ത ഗര്‍ഭം, ധരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് പരിഗണിക്കുക പോലും ചെയ്യാത്ത അര്‍ജന്റീനയിലെ സര്‍ക്കാരിന്റെ കടുത്ത സ്ത്രീവിരുദ്ധ നയങ്ങളെയാണ് ലോകമാകമാനമുള്ള സ്ത്രീപക്ഷ ചിന്തകരും പ്രവര്‍ത്തകരും ഇപ്പോള്‍ വിമര്‍ശിക്കുന്നത്.