ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാമത് എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം മെയ് 25 ന്; മാതാവിന്റെ മാധ്യസ്ഥം തേടി ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികള്‍

2019-03-08 02:00:39am | ഫാ. ബിജു കുന്നയ്‌ക്കാട്ട് P. R. O.

എയിൽസ്‌ഫോർഡ്: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും  വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ പ്രവർത്തനഭൂമികയുമായിരുന്ന   എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ  ആണ്ടുതോറും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം  മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്.  ഇംഗ്ലണ്ടിലെ  പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കഴിഞ്ഞ വർഷത്തെ തീർത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    രൂപതയിലെ എല്ലാ മിഷൻ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ ആഷ്‌ഫോഡിൽ വച്ച് കൂടിയ ആലോചനയോഗത്തിൽ കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട്, ഫാ. ഹാൻസ് പുതിയകുളങ്ങര, ഫാ. ഫാൻസ്വാ പത്തിൽ എന്നിവർക്കൊപ്പം മുൻ വർഷത്തെ കമ്മറ്റിയംഗങ്ങളും  പങ്കെടുത്തു. ഈവർഷം രൂപതയിലെ എല്ലാ മിഷനുകളുടെയും പരിപൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുവാനും അതുവഴി എയ്‌ൽസ്‌ഫോർഡ്   മരിയൻ തീർത്ഥാടനം കൂടുതൽ അനുഗ്രഹദായകമാക്കുവാനും ഉചിതമായ കർമ്മപരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുവാൻ വിവിധ കമ്മറ്റികൾ രൂപീകരിച്ചു പ്രവർത്തനമാരംഭിക്കുവാൻ യോഗം തീരുമാനിച്ചു.

    മാർച്ച് 3 ഞായറാഴ്ച എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്യൂണിറ്റി സെന്ററിൽ വച്ച്  കോ-ഓർഡിനേറ്റർ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ മിഷൻ സെന്റർ പ്രതിനിധികളുടെ  യോഗത്തിൽ തീർത്ഥാടനത്തിന്റെ നടത്തിപ്പിനായുള്ള രൂപരേഖ അവതരിപ്പിച്ചു. രൂപതയിലെ എട്ടു റീജിയനുകളുടെയും സമ്പൂർണ പങ്കാളിത്തം സാധ്യമാക്കുവാൻ എട്ടു പ്രതിനിധികളുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

    പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന്  പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ  സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. ഇംഗ്ലണ്ടിൽ  ഏറ്റവുമധികം മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന  ഈ വിശുദ്ധാരാമത്തിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി തിരുനാൾ കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട് അറിയിച്ചു.