Latest News

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ജീവിച്ച് കൊതി തീരാതെ സൈനികന്‍ മരിച്ചു; ആ കുറിപ്പുകള്‍ വായിച്ച്, ആ വാക്കുകള്‍ മനസില്‍ കുറിച്ച് മകളുമായി ഭാര്യയുടെ അതിജീവനം; നിറകൈയ്യടി

2019-03-09 02:32:48am |

പലപ്പോഴും സൈനികരുടെ ജീവിതം അങ്ങനെയാണ്. സ്വന്തം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും ഒപ്പം സമയം ചിലവഴിക്കാനും ആഘോഷിക്കാനും സാധിക്കാറില്ല. എങ്കിലും രാജ്യത്തെ സംരക്ഷിക്കുക എന്ന ഭാരപ്പെട്ട ജോലിയില്‍ അവര്‍ അത്യധികം സന്തുഷ്ടരാണ്. തന്റെ ഉറ്റവര്‍ക്കും ഉടയവര്‍ക്കുമൊപ്പം ജീവിച്ച് കൊതി തീരാതെയാണ് റ്റോഡ് വീവര്‍ എന്ന സൈനികന്‍ 26-ാം വയസില്‍ ലോകത്തോട് വിടപറഞ്ഞത്. 2010ല്‍ ജോലിയുടെ ഭാഗമായി അഫ്ഗാനിലേക്ക് പോയപ്പോഴാണ് റ്റോഡിന്റെ മരണം. അദ്ദേഹത്തിന്റെ മകള്‍ക്ക് അന്ന് വെറും ഒമ്പത് വയസ് മാത്രമാണ് പ്രായം. ഭര്‍ത്താവ് മരിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാന്‍ തന്നെ പ്രേരിപ്പിച്ച സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ എമ്മ.

എമ്മ പറയുന്നതിങ്ങനെ;

''അഫ്ഗാനില്‍ നടന്ന ഒരു സ്‌ഫോടനത്തിലാണ് എനിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്. എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവര്‍ത്തകരിലാരോ അദ്ദേഹത്തിന്റെ ലാപ് ടോപ് എനിക്കു കൈമാറിയത്. ആ ലാപ്‌ടോപാണ് പിന്നീട് എന്റെ ജീവിതത്തിലെ നിര്‍ണായക വഴിത്തിരിവായത്.

ആ ലാപ്‌ടോപിലെ ഡെസ്‌ക്ക്‌ടോപ്പില്‍ എന്നെ കാത്തെന്നപോലെ രണ്ട് വേഡ്പാഡ് ഫയലുകളുണ്ടായിരുന്നു. അഫ്ഗാനിലേയ്ക്ക് പോകുന്നതിനു മുന്‍പ് മരണം മുന്നില്‍ കണ്ട് അദ്ദേഹം തയാറാക്കി വച്ച കത്തുകളായിരുന്നു അത്. ഒന്ന് എനിക്കു വേണ്ടിയും മറ്റൊന്ന് മകള്‍ക്കു വേണ്ടിയും. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാന്‍ ആ കത്തുകള്‍ കണ്ടത്.

കത്ത് ഇങ്ങനെയായിരുന്നു:

പ്രിയപ്പെട്ട എമ്മ,

നീ ഈ കത്ത് വായിക്കുന്ന സമയം ഞാന്‍ വീട്ടിലുണ്ടാകില്ല. നിന്നെ എത്രത്തോളം ഞാന്‍ സ്‌നേഹിക്കുന്നുണ്ടെന്നു പറയാന്‍ എനിക്ക് സാധിച്ചെന്നും വരില്ല. നിന്നെ ഞാന്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു, ഇനിയും സ്‌നേഹിച്ചു കൊണ്ടേയിരിക്കും. നിന്നെ എപ്പോഴും ഞാന്‍ കാണുന്നുണ്ടെന്നു കരുതി നീ സമാധാനിക്കണം. ഞാന്‍ എങ്ങും പോയിട്ടില്ല. എന്റെ ആത്മാവ് എന്നും നിന്നോടൊപ്പമുണ്ടാകും. ഈ വിഷമാവസ്ഥയെ തരണം ചെയ്യാന്‍ നിനക്ക് വല്യ പ്രയാസമാണെന്ന് എനിക്കറിയാം. അതേ സമയം നീ എത്രത്തോളം ധീരയാണെന്നും എനിക്കറിയാം.

ഒരു കാര്യം ഒരിക്കലും മറക്കരുത്. നമ്മള്‍ ഭൂമിയില്‍ ജനിക്കും മുന്‍പേ നമുക്കെന്താണ് നന്മ വരുത്തുന്നതെന്ന് ദൈവത്തിന് നന്നായറിയാം. ആ തിരിച്ചറിവില്‍ നീ സമാധാനിക്കണം. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ടെന്ന് നീ മനസ്സിലാക്കണം. ചിലപ്പോള്‍ ഇപ്പോള്‍ നിനക്ക് അതുള്‍ക്കൊള്ളാന്‍ പ്രയാസമുണ്ടാകും. എന്നിരുന്നാലും ഒരു ദിവസം നീ അത് തിരിച്ചറിയുക തന്നെ ചെയ്യും.

ഇപ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ്. എന്റെ ജീവിതത്തില്‍ നീ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നു മാത്രം. സ്‌നേഹമയിയും സുന്ദരിയുമായ ഭാര്യേ, നിന്നോട് ഒരിക്കല്‍പ്പോലും കൂടുതല്‍ കരുതല്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. നിന്റെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങള്‍. ജീവിതം വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍പ്പോലും ആരും കൊതിക്കുന്ന ഒരു ജീവിതമായിരുന്നു എന്റേത്. ഒരു സമ്പൂര്‍ണ്ണയായ സ്ത്രീയെയാണ് ഞാന്‍ വിവാഹം കഴിച്ചത്. എല്ലാ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു സുന്ദരിക്കുഞ്ഞിനെയും എനിക്കു കിട്ടി.

ജീവിതത്തെക്കുറിച്ച് സങ്കടം തോന്നുമ്പോള്‍ നീ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കണം. നമ്മള്‍ ഒന്നിച്ചു ചിലവഴിച്ച സുന്ദര നിമിഷങ്ങളെക്കുറിച്ചോര്‍ക്കണം. നമ്മുടെ കുഞ്ഞിന്റെ മുഖത്തു നോക്കണം. എന്തു സുന്ദരിയാണവള്‍. അവള്‍ക്കു വേണ്ടി നീ ധൈര്യമായിരിക്കണം. ഈ ലോകത്ത് മറ്റെന്തിനേക്കാളും അവളെ ഞാന്‍ സ്‌നേഹിച്ചിരുന്നുവെന്ന് നീ അവളോട് പറയണം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു അവളുടെ ജനനം. അവള്‍ ജനിച്ച ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം. ഈ ലോകത്തെ എല്ലാം നല്ലതാണെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് അവളുടെ മുഖവും ചിരിയും.

ഓരോ ദിവസവും ഓരോ നിമിഷവും അവളുടെ അച്ഛന്‍ സ്വര്‍ഗത്തിലിരുന്ന് അവളെ കാണുന്നുണ്ടെന്നും അവള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും അവളോട് പറയണം. എമ്മാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിനക്കിഷ്ടപ്പെട്ട ഒരു കാര്യം ചെയ്യാന്‍ നീ ആരേയും ഭയക്കേണ്ടതില്ല. നിന്റെ ജീവിതത്തിലെ സന്തോഷം കണ്ടെത്തുന്നതും അത്രത്തോളം തന്നെ പ്രധാനമാണ്. ഇപ്പോള്‍ അത് അസാധ്യമാണെന്നൊക്കെ നിനക്കു തോന്നിയേക്കാം. വിധിയില്‍ വിശ്വസിക്കുക. നല്ല ദിവസങ്ങള്‍ ഇനിയും വരും. നിനക്കും കുഞ്ഞിനും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ. അതു കണ്ട് ഞാനും സന്തോഷിക്കും'.

മകള്‍ കെല്ലിയെ അഭിസംബോധന ചെയ്ത് റ്റോഡ് എഴുതിയ കത്തിങ്ങനെ :

പ്രിയപ്പെട്ട കെല്ലി,

'ചിലപ്പോള്‍ നിനക്കെന്റെ മുഖം ഓര്‍മ്മ കാണില്ല, പക്ഷേ ഞാന്‍ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് നീ അറിയണം.

നിനക്ക് 9 മാസം പ്രായമുള്ളപ്പോഴാണ് ഞാന്‍ അഫ്ഗാനിലേക്ക് പോയത്. നിന്നെ വിട്ടുപോവുകയെന്നത് വളരെ വേദനാജനകമായിരുന്നു. നീ എനിക്കൊരുപാട് സ്‌പെഷ്യലാണ് ദൈവത്തില്‍ നിന്ന് എനിക്കു കിട്ടിയ സമ്മാനം. നീ ജനിച്ച ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. നിന്നെ കാണുമ്പോഴെല്ലാം എന്റെ ഹൃദയം കുളിര്‍ക്കും. നീ ജനിച്ചില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതം അപൂര്‍ണമായേനേം.

നിന്റെ വളര്‍ച്ച കാണാന്‍ കൂടെ ഞാന്‍ ഉണ്ടാവില്ല. അതിന് നീ നിന്റെ അച്ഛനോട് ക്ഷമിക്കണം. പക്ഷേ ഒന്നോര്‍ക്കണം. നിന്റെ അച്ഛനെങ്ങും പോയിട്ടില്ല. സ്വര്‍ഗ്ഗത്തിലിരുന്ന് ഞാനെന്നും നിന്നെ നോക്കിച്ചിരിക്കും. നിനക്ക് കരുതല്‍ നല്‍കാനും നിന്നെ ലാളിക്കാനും എമ്മയെപ്പോലെ ഒരു അമ്മയെ ലഭിച്ചത് നിന്റെ ഭാഗ്യമാണ്. അവളോട് നന്നായി പെരുമാറാനും കഴിയുന്ന സമയത്തൊക്കെ അവളെ സഹായിക്കാനും നീ ശ്രദ്ധിക്കണം. എല്ലാ രാത്രികളിലും പ്രാര്‍ഥിക്കാനും നിനക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും നീ ശ്രദ്ധിക്കണം. നീ ഒരുപാട് പേര്‍ക്ക് പ്രിയപ്പെട്ടവളാണെന്നും അവരുടെയൊക്കെ ജീവിതത്തില്‍ നിനക്കൊരുപാട് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും മറക്കാതിരിക്കുക.

ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. വളര്‍ന്നു വലുതായി സ്‌കൂളില്‍പ്പോയിത്തുടങ്ങുമ്പോള്‍ നീ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള അറിവു നേടാന്‍ നീ പരമാവധി ശ്രമിക്കണം. എല്ലാവരോടും സ്‌നേഹത്തോടെയും കരുതലോടെയും പെരുമാറിയാല്‍ ഈ ലോകം നിനക്ക് സ്‌നേഹവും കരുതലും തിരിച്ചു തരും എന്നും മനസ്സിലാക്കണം.

ചില കാര്യങ്ങളൊക്കെ നീ ആഗ്രഹിക്കുന്നതു പോലെ നടന്നു എന്നു വരില്ല. അപ്പോള്‍ ഒരു കാര്യം ഓര്‍ക്കണം. നിനക്ക് എന്താണ് നല്ലതെന്ന് ദൈവത്തിന് നന്നായറിയാം. അതുകൊണ്ട് ഒടുവില്‍ എല്ലാം നന്നായിത്തന്നെ ഭവിക്കും. വളരെ സുന്ദരമായ, ശോഭനമായ ഒരു ഭാവി നിന്നെ കാത്തിരിപ്പുണ്ട്. ജീവിതം രസകരമായി ആഘോഷിക്കൂ, ആസ്വദിക്കൂ. ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം ഈ അച്ഛന്‍ നിന്നെക്കുറിച്ച് എന്നും അഭിമാനിക്കും, എന്നും നിന്നെ സ്‌നേഹിക്കും... നീ എന്നും എന്നും എന്റെ ഓമനയായിരിക്കും....

ഒരുപാടൊരുപാട് സ്‌നേഹത്തോടെ

നിന്റെ അച്ഛന്‍