Latest News

"238 പേരെ അതിദാരുണമായി കൊന്ന് അഹമ്മദ് ഷാ ആത്മഹത്യ ചെയ്തു, വിമാനം കടലിൽ മുക്കി! മലേഷ്യന്‍ വിമാനം ഹിഗിന്‍സ് കാണാതായതിനു പിന്നില്‍ എഴുതിയ "ദി ഹണ്ട് ഫോര്‍ എംഎച്370" പറയുന്നത്‌

2019-03-09 02:56:41am |

മലേഷ്യന്‍ വിമാനം എംഎച്ച് 370 (MH370) കാണാതായതിനു പിന്നില്‍ പൈലറ്റായിരുന്ന സഹാരി അഹമ്മദ് ഷാ (Zaharie Ahmad Shah) നടപ്പിലാക്കിയ സങ്കീര്‍ണ്ണമായ 'ആത്മഹത്യാ-കൂട്ടക്കൊലപാതക ശ്രമമായിരുന്നുവെന്ന ഞെട്ടിക്കുന്ന സിദ്ധാന്തവുമായി എത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ഇയന്‍ ഹിഗിന്‍സ്. മാര്‍ച്ച് 8, 2014നാണ് നിഗൂഢാത്മകമായി വിമാനം അപ്രത്യക്ഷമാകുന്നത്. ഇത് യാത്രക്കാരെയും സഹപ്രവർത്തകരെയും കൊന്ന്, സ്വയം ആത്മഹത്യ ചെയ്യാനുളള പൈലറ്റിന്റെ ശ്രമമായിരുന്നുവെന്ന് വാദിക്കുകയാണ് ഹിഗിന്‍സ് എഴുതിയ 'ദി ഹണ്ട് ഫോര്‍ എംഎച്370' എന്ന പുസ്തകം.

'പോക്കിരി' പൈലറ്റ് നടപ്പിലാക്കിയ കൃത്യവും സങ്കീര്‍ണ്ണമായ പ്ലാന്‍ കാരണമാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ ശരീരങ്ങളോ, വിമാനത്തിന്റെ ഭാഗങ്ങളോ കണ്ടുപിടിക്കാനാകാത്തത് എന്നാണ് അദ്ദേഹത്തിന്റെ വാദം. പുസ്തകത്തില്‍ പറയുന്നത് പൈലറ്റ് എയര്‍ട്രാഫിക് കണ്ട്രോളറോട് 'ഗുഡ് നൈറ്റ്, മലേഷ്യന്‍ 370' എന്നു പറഞ്ഞാണ് പിരിഞ്ഞതെന്നാണ്. വിമാനം ഓട്ടൊപൈലറ്റിലിട്ട് ഷാ, പിന്നെ ഒരു മിനിറ്റിനുള്ളില്‍ രണ്ടാം റഡാര്‍ ട്രാന്‍സ്‌പോണ്ടറും ഓഫ് ചെയ്തു. ഇതോടെ കണ്‍ട്രോള്‍ മോണിട്ടറുകളില്‍ നിന്ന് വിമാനം അപ്രത്യക്ഷമായി. അതിനു ശേഷം അദ്ദേഹം ഒരു ജമ്പര്‍, സ്‌കാര്‍ഫ്, ഇന്‍സുലേറ്റഡ് ജാക്കറ്റ്, കമ്പിളി തൊപ്പി, കനം കുറഞ്ഞ ഗ്ലൗസ് എന്നിവ ധരിച്ചു. പിന്നീട് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച ശേഷം യാത്രക്കാരെ ഇരുട്ടിലാഴ്ത്തി ക്യാബിനിലെ ലൈറ്റുകളും ഓഫു ചെയ്തു. പൈലറ്റ് ഷാ അടുത്തതായി തന്റെ തലയ്ക്കു മുകളിലുള്ള ഒരു സ്വിച്ചമര്‍ത്തി ക്യാബിനിലെ പ്രഷറൈസേഷന്‍ സിസ്റ്റം ഓഫ് ചെയ്തു. ഇതിലൂടെ ക്യാബിന്‍ അതിവേഗം ഡീകംപ്രസു ചെയ്യാനായി.

പിന്നെ, വിമാനത്തെ ഓട്ടോ പൈലറ്റ് മോഡു മാറ്റി, വലത്തേക്കു തിരിച്ചു. ഉടനെതന്നെ ഇടത്തോട്ട്, മലേഷ്യയുടെ ഭാഗത്തേക്കും, 180 ഡിഗ്രി ദിശ മാറ്റി. വിമാനത്തെക്കുറിച്ചുളള സുരക്ഷാ അന്വേഷണ റിപ്പോര്‍ട്ടും പറയുന്നത് വിമാനം വലത്തോട്ടു തിരിഞ്ഞുവെന്നും അധികം താമസിയാതെ ഇടത്തോട്ട് 273 ഡിഗ്രി ചെരിഞ്ഞുവെന്നുമാണ്. ഷായ്ക്ക് ഒരു കപ്പ് കാപ്പിയെടുക്കാനായി കോ പൈലറ്റ് ഫരീക് അബ്ദുള്‍ ഹമീദ് കോക്പിറ്റില്‍ നിന്നു അകത്തേക്കു പോയ സമയത്താണ് ഷാ ഈ വിക്രിയകളെല്ലാം കാണിച്ചതെന്നാണ് പുസ്തകം പറയുന്നത്. യാത്രക്കാരും ഫരീക്കും പരിപൂര്‍ണ്ണ അന്ധകാരത്തിലായി. വിമാനം വട്ടം തിരിച്ചപ്പോള്‍ ഇതു രണ്ടു മിനിറ്റു നീണ്ടു നിന്നു, ഇതോടെ പലരും നിലം പറ്റിക്കാണുമെന്നും പുസ്തകത്തില്‍ പറയുന്നു. ഇരുട്ടില്‍ തങ്ങളുടെ ഓക്‌സിജന്‍ മാസ്‌ക് ധരിക്കാനാകാത്ത യാത്രക്കാരെല്ലാം നാലു മിനിറ്റിനുള്ളില്‍ ബോധശൂന്യരായിരിക്കുമെന്നാണ് അനുമാനം. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ക്കെല്ലാം മസ്തിഷ്‌ക ഹാനി സംഭവിക്കുകയോ മരിക്കുകയൊ ചെയ്തിരിക്കാം. മാസ്‌ക് ധരിക്കാനായവര്‍ക്ക് 12 മിനിറ്റ് കൂടുതല്‍ ജീവിച്ചിരിക്കാന്‍ സാധിച്ചിരിക്കാം. അതിനു ശേഷം അവരുടെ ഓക്‌സിജനും തീര്‍ന്നിരിക്കും.

എന്തുകൊണ്ട് ഈ വിമാനത്തിലുള്ള ആരും തങ്ങള്‍ വിഷമത്തിലാണെന്ന കാര്യം ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയോ ഫോണ്‍ വിളികളിലൂടെയൊ പറഞ്ഞില്ല എന്നതു വിശദീകരിക്കാനും ഇതിലൂടെ സാധിക്കുമെന്ന് എഴുത്തുകാരന്‍ പറയുന്നു.

ഷായുടെ കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലപാതക പ്ലാനിന്റെ ടൈമിങ് അതിഗംഭീരമായിരുന്നുവെന്നും ഹിഗിന്‍സ് വാദിക്കുന്നു. മുപ്പതു മിനിറ്റിനു ശേഷം പ്രഷറൈസേഷന്‍ ബട്ടണ്‍ ഓണ്‍ ചെയ്ത് ചൂടുകിട്ടാനായി ധരിച്ച വസ്ത്രങ്ങള്‍ ഊരിമാറ്റി യാത്ര തുടര്‍ന്നു. മലേഷ്യയ്ക്കും തായ്‌ലൻഡിനും ഇടയിലുള്ള വ്യോമ പാതയിലൂടെ, അധികാരികളെ കബളിപ്പിച്ച് പൈലറ്റ് പറന്നശേഷം ഇന്ത്യന്‍ സമുദ്രത്തിലേക്ക് തിരിഞ്ഞിരിക്കാം എന്നുമാണ് ഹിഗിന്‍സിന്റെ പുസ്തകം പറയുന്നത്.

കൃത്യമായ മുന്നൊരുക്കത്തോടെയും വിശദമായി മെനഞ്ഞ തന്ത്രങ്ങളുടെയും അകമ്പടിയോടെ നടത്തിയ കൂട്ടക്കൊലപാതകത്തിനൊടുവില്‍ വിമാനത്തെ നിയന്ത്രിച്ച് കടലില്‍ പതിപ്പിക്കുകയായിരിക്കും ചെയ്തരിക്കുക. അതിലൂടെ വിമാനം ഏതാനം കഷണങ്ങളായി ചിതറി കടലില്‍ താഴ്ന്നിരിക്കുമെന്ന് ഹിഗിന്‍സ് വാദിക്കുന്നു. വിമാനം മാര്‍ച്ച് 8നു രാവിലെ 8.30നു കടലില്‍ പതിക്കുന്ന സമയത്ത് ഷാ വെള്ളത്തിലേക്കു തെറിച്ചു വീണിരിക്കാമെന്നാണ് ഗ്രന്ഥകാരന്റെ ഊഹം. എട്ടു മണിക്കൂര്‍ തുടര്‍ച്ചയായി അദ്ദേഹം വിമാനം നിയന്ത്രിക്കുകയായിരുന്നു.

കൂട്ടക്കൊലപാതക-ആത്മഹത്യാ പ്ലാനിങ്ങിലൂടെ പൈലറ്റ് ഒരു ജെറ്റ്‌ലൈനറെയും തന്നെയും 238 നിഷ്‌കളങ്ക ജീവനുകളെയും യാതൊരു തെളിവും അവശേഷിപ്പിക്കാതെ, ലോകത്തിന്റെ ഏറ്റവും ആഴമുള്ള, വന്യമായ, ഒറ്റപ്പെട്ട കടല്‍ ഭാഗത്ത് അപ്രത്യക്ഷമാക്കി– ഹിഗിന്‍സ് എഴുതുന്നു.