Latest News

ചികിത്സ കിട്ടാതെ ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും മരിച്ചു ; ഐഎസില്‍ ചേരാന്‍ ലണ്ടന്‍ വിട്ട യുവതിയെ തിരിച്ചെത്താന്‍ യുകെ അനുവദിച്ചില്ല, ബ്രിട്ടീഷ്​ സർക്കാറിനെതിരെ വിമർശനം

2019-03-10 03:47:00am |

ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനായി സിറിയയിലേക്ക് പോകുകയും പിന്നീട് നാട്ടിലേക്ക് മടങ്ങാന്‍ യു കെ അനുമതി നിഷേധിക്കുകയും ചെയ്തതോടെ ലോകശ്രദ്ധയാകര്‍ഷിച്ച 15 കാരി ഷമീമ ബീഗത്തിന്റെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. ജർറാഹ് എന്ന് പേരിട്ട മൂന്ന് ആഴ്ച പ്രായമുള്ള കുഞ്ഞ് സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് തന്നെയാണ് മരിക്കുന്നത്.

കുഞ്ഞിനു ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് വടക്കു കിഴക്കൻ സിറിയയിലെ അൽ റോജോ ക്യാമ്പിലെ ഒരു ആശുപത്രിയിൽ കാണിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ലണ്ടനിലേക്ക് മടങ്ങിവരാനുള്ള അനുമതിക്കായി ബീഗവും കുടുംബവും നിയമ പോരാട്ടം നടത്തുന്നതിനിടയിലാണ് കുഞ്ഞ് മരണമടഞ്ഞത്. സംഭവം യുകെ യ്ക്ക് എതിരേ ആഗോള തലത്തില്‍ തന്നെ വിദ്വേഷം ഉയരാന്‍ കാരണമായി മാറിയിട്ടുണ്ട്.

സിറിയൻ ക്യാമ്പിലെ ശോചനീവസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് തന്നെ കുഞ്ഞ് തണുത്തു വിറയ്ക്കുകയും ശരീരമാകെ കരിനീല നിറം വ്യാപിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മരിച്ച മറ്റ് രണ്ട് കുഞ്ഞുങ്ങളോടൊപ്പം സിറിയൻ ക്യാമ്പിൽ തന്നെ ജർറഹിനേയും അടക്കം ചെയ്തതായിട്ടാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നത്.

ഷമീമയുടെ മൂന്നാമത്തെ കുഞ്ഞാണ് അഭയാർത്ഥി ക്യാമ്പിൽ വെച്ച് മരണപ്പെടുന്നത്. ജന്മനാടായ യു കെയിലേക്ക് മടങ്ങിപ്പോകണം എന്നും ഈ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്നും ഷമീമ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും യുകെ ഭരണകൂടം പ്രവേശനം നിഷേധിക്കുകയായിരുന്നു.

 

ഷമീമയുടെ പൗരത്വം റദ്ദ് ചെയ്യാനുള്ള യുകെ യുടെ നീക്കങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അനേകം പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു നിഷ്കളങ്കയായ കുഞ്ഞിന്റെ മരണത്തിന് കാരണക്കാരായി മാറിയ യുകെ യുടേത് മനുഷ്യത്വ വിരുദ്ധ നിലപാടായെന്നാണ് ഷാഡോ ഹോം സെക്രട്ടറി ഡയന്നെ അബോട്ടിന്റെ വിമര്‍ശനം. പൗരത്വം റദ്ദ് ചെയ്തു ഒരാളെ രാഷ്ട്രമില്ലാത്തയാളാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

ചെറുപ്രായത്തിനിടയ്ക്ക് തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ മരണവും കാണേണ്ടി വന്ന ഷമീമയെ ഓർക്കുമ്പോൾ ദുഖമുണ്ട്, എടുത്ത തീരുമാനങ്ങൾ അബദ്ധങ്ങൾ ആയിരുന്നുവെങ്കിലും ഇപ്പോഴും അവള്‍ 19 വയസ്സ് മാത്രം പ്രായമുള്ള കൗമാരക്കാരിയാണെന്ന് കാണാതിരിക്കാനാകില്ലെന്ന് മനുഷ്യാവകാശ അഭിഭാഷകൻ ക്ലൈവ് സ്റ്റാഫ്‌ഫോർഡ് സ്മിത്തും പറയുന്നു.

2015 ല്‍ 15 വയസ്സുകാരിയായിരിക്കുമ്പോഴാണ് ബീഗം രണ്ട് സഹപാഠികളോടൊപ്പം കിഴക്കൻ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പോകുന്നത്. കുഞ്ഞ് പിറന്നതോടെ തന്റെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങണമെന്ന് ഇവര്‍ ആവശ്യ​പ്പെട്ടെങ്കിലും യുകെ അധികൃതര്‍ ആവശ്യം തള്ളുകയായിരുന്നു. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്റെ സെക്ഷൻ 40(2) പ്രകാരമുള്ള അധികാരം ഉപയോഗിച്ചുകൊണ്ടാണ് ആഭ്യന്തര സെക്രട്ടറി ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്യാൻ ശ്രമങ്ങൾ നടത്തുന്നത്.

ഇവരുടെ മാതാപിതാക്കൾ ബംഗ്ലാദേശ്ശ് സ്വദേശികളായതിനാൽ ആ നാട്ടിലെ പൗരത്വത്തിനായി അപേക്ഷിക്കാൻ ജാവേദ് നിർദ്ദേശിക്കുന്നുമുണ്ട്. ഒരു നാട്ടിലെയും പൗരനാകാതെ ഒരു വ്യക്തിക്ക് നിലനിൽക്കാൻ നിയമതടസ്സങ്ങളുമുള്ളതിനാൽ ബംഗ്ലാദേശിലേക്ക് പോകാനാണ് യുകെ ആഭ്യന്തര വകുപ്പ് ബീഗത്തോട് പറഞ്ഞത്. എന്നാൽ താൻ ഇന്നുവരെ ബംഗ്ലാദേശ് സന്ദർശിച്ചിട്ടേയില്ലെന്നാണ് ബീഗത്തിന്റെ വിശദീകരണം. എന്തെങ്കിലും വ്യക്തി വൈരാഗ്യം കൊണ്ടല്ല, ബ്രിട്ടന്റെയും അവിടുത്തെ ജനങ്ങളുടെയും സുരക്ഷിതത്വവും സമാധാനവുമാണ് പ്രധാനമെന്നാണ് ആഭ്യന്തരവകുപ്പിന്റെ പക്ഷം.