Latest News

ഇന്ത്യ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയശേഷം നീരവ്‌ ബ്രിട്ടനിലും പുറത്തുമായി നാലു യാത്ര നടത്തി? രാഷ്‌ട്രീയ അഭയം തേടി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ അറസ്‌റ്റ്‌ ഉണ്ടാകില്ല

2019-03-10 03:49:07am |

ലണ്ടന്‍: ഓക്‌സ്‌ഫഡ്‌ സ്‌ട്രീറ്റില്‍ എട്ടു ദശലക്ഷം യൂറോയുടെ ആഡംബര ഫ്‌ളാറ്റില്‍ സുഖജീവിതം. സോഹോയില്‍ വജ്രവ്യാപാരം. പത്തുലക്ഷം രൂപ വില വരുന്ന കോട്ട്‌ ധരിച്ച്‌ മീശ പിരിച്ചു ലണ്ടനില്‍ വിലസുകയാണ്‌ സാക്ഷാല്‍ നീരവ്‌ മോഡി. പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച്‌ 13,500 കോടി രൂപയുടെ വായ്‌പ തിരിച്ചടയ്‌ക്കാതെ രാജ്യം വിട്ട തട്ടിപ്പുകാരന്‍. ഇന്ത്യയുടെ മോസ്‌റ്റ്‌ വാണ്ടഡ്‌ മാന്‍..!
ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചു തലങ്ങും വിലങ്ങും അന്വേഷിച്ചോടിയ നീരവ്‌ ലണ്ടനില്‍ ഒളിവിലല്ല. അംബരചുംബിയായ ആഡംബര ഫ്‌ളാറ്റിന്റെ ഒരു നിലയുടെ പകുതിയോളം വാടകയ്‌ക്കെടുത്താണ്‌ താമസം. ഇതിന്റെ മാസവാടക മാത്രം 17,000 യൂറോ. അപ്പാര്‍ട്ട്‌മെന്റില്‍നിന്ന്‌ അധികം ദൂരെയല്ലാതെയുള്ള ബിസിനസ്‌ സാമ്രാജ്യം കെട്ടിപ്പടുത്തത്‌ 2018 മേയില്‍. വാച്ച്‌, ജ്വല്ലറി വ്യാപാരത്തിനു ലിസ്‌റ്റ്‌ ചെയ്‌ത കമ്പനിയാണിത്‌.
നാല്‍പത്തിയെട്ടുകാരനായ നീരവിന്റെ ഈ പുതുജീവിതം തുറന്നുകാട്ടിയത്‌ ബ്രിട്ടനിലെ ദ്‌ ടെലിഗ്രാഫ്‌ പത്രമാണ്‌. പുതിയ ലുക്കിലുള്ള നീരവ്‌ മോഡിയുടെ വീഡിയോയും അവര്‍ പുറത്തുവിട്ടു. രണ്ടറ്റവും മീശ പിരിച്ചുവച്ച്‌ പുതിയ പരിവേഷത്തിലാണ്‌ ഈ വീഡിയോയില്‍ നീരവ്‌. പത്തു ലക്ഷത്തോളം വിലയുള്ള ഓസ്‌ട്രിച്ച്‌ ഹൈഡ്‌ ജാക്കറ്റ്‌ അണിഞ്ഞിരിക്കുന്നു. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണു വേഷം. ബ്രിട്ടനില്‍ അഭയം തേടിയോ, ആരോപണങ്ങളെക്കുറിച്ച്‌ എന്തു പറയുന്നു എന്നിങ്ങനെ ഒരുപിടി ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എറിഞ്ഞെങ്കിലും ഒന്നിനും പിടികൊടുക്കാതെ ഒറ്റ മറുപടിയില്‍ നീരവ്‌ എല്ലാം ഒതുക്കി: "നോ കമന്റ്‌സ്‌".
ടെലിഗ്രാഫ്‌ ലേഖകര്‍ നടത്തിയ തുടരന്വേഷണത്തിലാണ്‌ നീരവിന്റെ പുതിയ വജ്രവ്യാപാര സാമ്രാജ്യത്തെക്കുറിച്ചും ആഡംബര താമസത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുവന്നത്‌. തൊഴില്‍- പെന്‍ഷന്‍ വകുപ്പിന്റെ ദേശീയ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌ അംഗത്വം നീരവിനു കിട്ടിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ബ്രിട്ടനില്‍ നിയമാനുസൃതമായി ജോലിനോക്കാനും ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാനുമുള്ള സ്വാതന്ത്ര്യമടക്കം നീരവിനു കൈവന്നിട്ടുണ്ടെന്നും ടെലിഗ്രാഫ്‌ റിപ്പോര്‍ട്ട്‌ എടുത്തുകാട്ടുന്നു. ഇന്ത്യ അക്കൗണ്ടുകള്‍ മരവിപ്പിച്ചതൊന്നും കോടീശ്വരനായ തട്ടിപ്പുകാരനെ കുലുക്കുന്നില്ലെന്നു സാരം.
2018 ജനുവരിയിലാണ്‌ നീരവും അനന്തരവന്‍ മെഹുല്‍ ചോക്‌സിയും പഞ്ചാബ്‌ നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച വാര്‍ത്ത പുറത്തുവന്നത്‌. അതിനു മുമ്പേ ഇരുവരും രാജ്യം വിട്ടിരുന്നു. ഫെബ്രുവരിയില്‍ നീരവിന്റെ പാസ്‌പോര്‍ട്ട്‌ ഇന്ത്യ റദ്ദാക്കി. പിന്നീട്‌ റെഡ്‌കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ ജൂലൈയിലാണ്‌. എന്നാല്‍, ബ്രിട്ടനില്‍ രാഷ്‌ട്രീയ അഭയം തേടി നീരവ്‌ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ യു.കെ. ആഭ്യന്തര മന്ത്രാലയം അതു പരിഗണിക്കുംവരെ അറസ്‌റ്റ്‌ അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്നാണു റിപ്പോര്‍ട്ട്‌. ഇന്ത്യ പാസ്‌പോര്‍ട്ട്‌ റദ്ദാക്കിയശേഷം നീരവ്‌ ബ്രിട്ടനിലും പുറത്തുമായി നാലുവട്ടമെങ്കിലും യാത്ര നടത്തിയിട്ടുണ്ടെന്നും ടെലിഗ്രാഫ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ പ്ലാസ്‌റ്റിക്‌ സര്‍ജറിയടക്കം നടത്തിയിരിക്കാമെന്നും അനുമാനമുണ്ട്‌.