ഇഞ്ചോടിഞ്ച് പോരില്‍ രണ്ടു വോട്ടിന് വിജയം മനോജ് കുമാര്‍ പിള്ള പ്രസിഡന്റായി, ട്രഷറര്‍ സ്്ഥാനത്തേക്ക് ഒറ്റ വോട്ടില്‍ ജയിച്ച് അനിഷ് കുമാര്‍, ടൈയില്‍ ജോയിന്റ് ട്രഷറര്‍! യുക്മ വോട്ടിങ്ങില്‍ ഇക്കുറി സംഭവിച്ചത്

2019-03-11 02:44:57am |

ബ്രിട്ടണിലെ മലയാളി സംഘടനകളെ കോർത്തിണക്കുന്ന ദേശീയ സംഘടനയായ യുക്മയ്ക്ക് പുതിയ ഭാരവാഹികൾ. ബർമിങ്ങാമിൽ ഇന്നലെ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന്റെ വിത്യാസത്തിലാണ് ഭാരവാഹി സ്ഥാനത്തേക്ക് മൽസരിച്ചവരിൽ പലരും ജയിച്ചുകയറിയത്. 

നിലവിലെ ജനറൽ സെക്രട്ടറിയായിരുന്ന റോജിമോൻ വർഗീസിനെ രണ്ട് വോട്ടിന് പരാജയപ്പെടുത്തി ഡോർസെറ്റിലെ മനോജ് കുമാർ പിള്ളയാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മനോജ് കുമാർ പിള്ളയുടെ പാനലിൽ മൽസരിച്ച ഒരാളൊഴികെ എല്ലാവരും വിജയിച്ചു. വരുന്ന മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയാണ് ഇന്നലെ തിരഞ്ഞെടുത്തത്. 

മാഞ്ചസ്റ്ററിൽ നിന്നുള്ള അലക്സ് വർഗീസാണ് പുതിയ ജനറൽ സെക്രട്ടറി. എതിർ സ്ഥാനാർഥിയായ ഓസ്റ്റിൻ അഗസ്റ്റിനെ ഏഴ് വോട്ടുകൾക്കാണ് അലക്സ് പരാജയപ്പെടുത്തിയത്. എതിർ സ്ഥാനാർഥി ജയകുമാർ നായരെ ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് ലെസ്റ്ററിലെ അനീഷ് ടോം ട്രഷററായത്. ജോയിന്റ് ട്രഷററായി ടിറ്റോ തോമസും തിരഞ്ഞെടുക്കപ്പെട്ടു. അജിത് വെണ്മണിയെ മൂന്നു വോട്ടുകൾക്കാണ് ടിറ്റോ പിന്നിലാക്കിയത്. 

റോജിമോൻ വർഗീസ് നയിച്ച പാനലിൽനിന്നും ട്രററർ സ്ഥാനത്തേക്ക് മൽസരിച്ച അനീഷ് ടോമിന് മാത്രമാണ് വിജയിക്കാനായത്. ജോയിന്റ് സെക്രട്ടറി സ്ഥാനാത്തേക്ക് മൽസരിച്ച ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ടുകൾ ലഭിച്ചു. ഇരുവരും 118 വോട്ടുകൾ വീതം നേടിയപ്പോൾ  നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിച്ചത് മനേജ് പിള്ളയുടെ പാനലിലെ സാജൻ സത്യനെയാണ്. 

എബി സെബാസ്റ്റ്യനാണ് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റ്. എബിക്ക് 133 വോട്ടു ലഭിച്ചപ്പോൾ എതിർസ്ഥാനാഥിയായ ലോറൻസ് പെല്ലിശേരിക്ക് ലഭിച്ചത് 103 വോട്ട്. വനിതാ വൈസ് പ്രസിഡന്റ്  സ്ഥാനത്തേക്ക് ലിറ്റി ജിജോ വിജയിച്ചു. ശീതൾ ജോർജിനെ ഏഴ് വോട്ടുകൾക്ക് പിന്നിലാക്കിയാണ് ലിറ്റി വിജയിയായത്. 

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മൽസരിച്ച സെലീമ സജീവാണ് ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. സെലീമ 138 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി രശ്മി മനോജിന് ലഭിച്ചത് 100 വോട്ടുകൾ മാത്രം. 

ബർമിങ്ങാം സെന്റ് എഡ്മണ്ട് കാംപയിൻ കാത്തലിക് സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിനു ശേഷമായിരുന്നു തിരഞ്ഞെടുപ്പ്. തമ്പി ജോസ് വരണാധികാരിയായി. 302 അംഗ വോട്ടേഴ്സ് ലിസ്റ്റിൽനിന്നും 239 പേരാണ് വോട്ടു ചെയ്തത്.