"" പക്വതയില്ലാത്ത പ്രായത്തില്‍ മകള്‍ ചെയ്ത തെറ്റിനു ഞാന്‍ മാപ്പു ചോദിക്കുന്നു ""; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേര്‍ന്ന ഷമീമയുടെ പിതാവ്

2019-03-14 02:01:34am |

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ നിന്നും സിറിയയിലെ അഭയാര്‍ത്ഥി ക്യാംപിലെത്തിയ ഷമീമ ബീഗത്തിന്റെ തെറ്റിനു മാപ്പു ചോദിച്ച് പിതാവ്. ഷമീമയുടെ രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് അഭയാര്‍ത്ഥി ക്യാംപില്‍ വച്ചു കഴിഞ്ഞയാഴ്ച മരിച്ചിരുന്നു. കൊച്ചുമകന്റെ മരണവിവരം അറിയുന്നതിനു മുമ്പു നല്‍കിയ ബി.ബി.സി അഭിമുഖത്തിലാണ് ബംഗ്ലാദേശുകാരനായ പിതാവ് അഹമ്മദ് അലി മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്. ഐ.എസില്‍ ചേരാനുള്ള മകളുടെ തീരുമാനം തെറ്റായിരുന്നുവെന്നും മകളുടെ ചെയ്തിയില്‍ മുഴുവന്‍ ബ്രിട്ടീഷ് ജനതയോടും മാപ്പു ചോദിക്കുന്നുവെന്നും അഭിമുഖത്തില്‍ അഹമ്മദ് പറയുന്നു.

'' ചെയ്ത തെറ്റ് എന്താണെന്നു പോലും തിരിച്ചറിയാന്‍ സാധിക്കാത്ത പ്രായത്തിലാണ് അവള്‍ ലണ്ടനില്‍ നിന്നും സിറിയയിലേക്കു പോയത്. അതുകൊണ്ടു തന്നെ പക്വതയില്ലാത്ത പ്രായത്തില്‍ മകള്‍ ചെയ്ത തെറ്റിനു ഞാന്‍ മാപ്പു ചോദിക്കുന്നു '' - അഹമ്മദ് പറഞ്ഞു. മകളെ തിരിച്ചെടുക്കാന്‍ വേണ്ടി അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് അപേക്ഷിക്കുകയും ചെയ്തു.

സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 2015ലാണ് ഷമീമ ബീഗം മറ്റു രണ്ട് കൂട്ടുകാരികള്‍ക്കൊപ്പം ഈസ്റ്റ് ലണ്ടനില്‍നിന്നും സിറിയയിലേക്കു കടന്നത്. പിന്നീട് നെതര്‍ലന്റ്സ് പൗരനെ വിവാഹം കഴിച്ച ഷമീമ മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. എന്നാല്‍ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ടു കുഞ്ഞുങ്ങള്‍ സിറിയയില്‍ വച്ചു തന്നെ മരിച്ചു. അതുകൊണ്ടു തന്നെ മൂന്നാമത്തെ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്താന്‍ അനുവദിക്കണമെന്നു ഷമീമ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷമീമയുടെ പൗരത്വം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് ബ്രിട്ടന്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥി ക്യാംപില്‍ വച്ച് കുഞ്ഞ് മരണപ്പെടുകയും ചെയ്തു.

ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എം. പി. ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.