ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദിനാളിനു ആറ്‌ വര്‍ഷം തടവ്‌; പെല്ലിന് ഇനി ജീവിതം ജയിലില്‍

2019-03-14 02:06:33am |
മെല്‍ബണ്‍: ഗായക സംഘാംഗങ്ങളായ രണ്ട്‌ ബാലന്മാരെ പീഡിപ്പിച്ച കേസില്‍ ഓസ്‌ട്രേലിയന്‍ കര്‍ദിനാളിനു ആറ്‌ വര്‍ഷം തടവ്‌.  1990 കളില്‍ കുട്ടികളെ പീഡിപ്പിച്ച കേസിലാണു കര്‍ദിനാള്‍ ജോര്‍ജ്‌ പെല്ലി(77)നു കോടതി തടവ്‌ശിക്ഷ വിധിച്ചത്‌.  കര്‍ദിനാള്‍ കുറ്റക്കാരനാണെന്നു കഴിഞ്ഞ ഡിസംബറില്‍ കോടതി കണ്ടെത്തിയിരുന്നു.  മെല്‍ബണ്‍ സെന്റ്‌ പാട്രിക്‌ കത്തീഡ്രല്‍ വികാരിയായിരുന്ന കാലത്താണു കുട്ടികളെ പെല്‍ പീഡിപ്പിച്ചത്‌.

അതേസമയം, കുട്ടികള്‍ സമ്മതിച്ചില്ലെങ്കിലും ഇത്തരം ചൂഷണങ്ങള്‍ സാധാരണമായി നടക്കാറുണ്ടെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന്റെ അഭിഭാഷകന്‍ റോബര്‍ട്ട് റിച്ചര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിയില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഇതിന് നേരിടേണ്ടിവന്നത്. 'ഹൃദയശൂന്യവും ലജ്ജാകരവുമായ കുറ്റകൃത്യവുമാണെന്നാണ് കോടതിമറുപടി നല്‍കി. 'ഇദ്ദേഹത്തെ ഇവിടെനിന്നും കൊണ്ടുപോകൂ' എന്നാണ് കോടതി പ്രതികരിച്ചത്. 77കാരനായ പെല്ലിനെ കര്‍ശന സുരക്ഷയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിക്കണമെന്നും ദിവസത്തിലെ 23 മണിക്കൂര്‍ അദ്ദേഹം ഏകാന്തതയില്‍ ആയിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോടതിയുടെ അതൃപ്തിയെ തുടര്‍ന്ന് കര്‍ദ്ദിനാളിന്റെ അഭിഭാഷകന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു.

അതേസമയം, കോടതി കുറ്റക്കാരാനാണെന്ന് കണ്ടെത്തിയതോടെ കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെതിരെ കാനോന്‍ നിയമപ്രകാരവും നടപടിയുണ്ടാകുമെന്നും വത്തിക്കാനിലെ വിശ്വാസ ഉപദേശക സമിതി വിഷയം പരിശോധിച്ചുവരികയാണെന്നും വത്തിക്കാന്‍ വക്താവ് അലെസാന്‍ഡ്രോ ജിസോട്ടി പറഞ്ഞു. കര്‍ദ്ദിനാള്‍ പെല്ലിനെതിരെ വിശ്വാസ വിഭാഗത്തിന്റെ അന്വേഷണം നടന്നുവരികയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. യു.എസ് മുന്‍ കര്‍ദ്ദിനാള്‍ തിയോഡോര്‍ മക് കാരികിനെ കഴിഞ്ഞയാഴ്ച വിശ്വാസ ഉപദേശക സമിതി വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയത്. അഞ്ച് പതിറ്റാണ്ട് മുന്‍പ് ചെയ്ത പീഡനങ്ങളുടെ പേരിലായിരുന്നു നടപടി.

1996ലാണ് മെല്‍ബണ്‍ കത്തീഡ്രലിലെ മുറികളില്‍ കുട്ടികള്‍ പീഡനത്തിന് ഇരയായത്. മെല്‍ബണ്‍ ആര്‍ച്ച്ബിഷപ്പ് ആയി പെല്‍ ചുമതലയേറ്റ് വൈകാതെയാണ് ഈ സംഭവം. കുര്‍ബാനയ്‌ക്കെത്തിയ പെല്‍ കത്തീഡ്രലിലെ മുറിയില്‍ രണ്ട് കുട്ടികള്‍ വൈന്‍ എടുത്ത് കുടിച്ചതായി കണ്ടെത്തി. ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി കുട്ടികളെ പെല്‍ ദുരുപയോഗിക്കുകയായിരുന്നു.

ആരോപണത്തെ കുറിച്ച് ഒരു ജൂറി നടത്തിയ അന്വേഷണത്തില്‍ പെല്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. രണ്ട് കുട്ടികളില്‍ ഒരാളുടെ മൊഴിയും ജൂറിയെടുത്തിരുന്നു. രണ്ടാമത്തെ കുട്ടി ഇതിനകം മരണമടഞ്ഞിരുന്നു. എന്നാല്‍ ആദ്യ ജൂറി ഇദ്ദേഹത്തിനെതിരായ വിധി പറയുന്നതില്‍ നിന്ന് പിന്മാറിയതോടെ കഴിഞ്ഞ വര്‍ഷം രണ്ടു തവണ വിചാരണ നടത്തിയിരുന്നു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതായി രണ്ടാമത്തെ ജൂറി ഐക്യകണേ്ഠന കണ്ടെത്തുകയായിരുന്നു. ഇദ്ദേഹത്തെ കോടതി ഡിസംബറില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതാണെങ്കിലും നിയമപരമായ ചില കാരണങ്ങളാല്‍ വാര്‍ത്ത പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും പെല്‍ വ്യക്തമാക്കി.

വത്തിക്കാന്‍ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കര്‍ദ്ദിനാള്‍ പെല്‍ കത്തോലിക്കാ സഭയിലെ ഏറ്റവും ശക്തനായ അധികാരികളില്‍ ഒരാളായിരുന്നു. മാര്‍പാപ്പയുടെ സംഘത്തിലെ മൂന്നാമനായിരുന്നു ഇയാള്‍.