Latest News

മുന്‍ഭാഗം ഇറക്കിവെട്ടിയ ടോപ്പും ഹൈവെയ്‌സ്‌റ്റ്‌ പാന്റ്‌സും വേഷം! "അനുചിതമായ" വേഷത്തിന്റെ പേരില്‍ യുവതിയെ വിമാനത്തില്‍നിന്ന്‌ ഇറക്കിവിടുമെന്നു ഭീഷണി, വിവാദമായപ്പോള്‍ മാപ്പ്‌

2019-03-15 03:05:06am |

ലണ്ടന്‍: വേഷത്തിന്റെ പേരില്‍ യാത്രക്കാരിയെ അപമാനിച്ചതിനു ബ്രിട്ടീഷ്‌ വിമാനക്കമ്പനി മാപ്പുപറഞ്ഞു. സ്വകാര്യ കമ്പനിയായ തോമസ്‌ കുക്ക്‌ എയര്‍ലൈന്‍സാണ്‌ "അനുചിതമായ" വേഷത്തിന്റെ പേരില്‍ യുവതിയെ വിമാനത്തില്‍നിന്ന്‌ ഇറക്കിവിടുമെന്നു ഭീഷണിപ്പെടുത്തിയത്‌.
കഴിഞ്ഞ രണ്ടിനു ബെര്‍മിങ്ങാമില്‍നിന്നു ടെനിറിയിലേക്കു യാത്രചെയ്‌ത എമിലി ഒകോണര്‍ക്കാണു ദുരനുഭവമുണ്ടായത്‌.

മുന്‍ഭാഗം ഇറക്കിവെട്ടിയ ടോപ്പും ഹൈവെയ്‌സ്‌റ്റ്‌ പാന്റ്‌സുമായിരുന്നു എമിലിയുടെ വേഷം. ഇതു ശ്രദ്ധയില്‍പ്പെട്ട ഫ്‌ളൈറ്റ്‌ മാനേജരും നാലു ജീവനക്കാരും എമിലിയെ സമീപിച്ചു. ഈ വേഷം കുറ്റകരമാണെന്നും ടോപ്പിനു മീതേ ജാക്കറ്റ്‌ ധരിച്ചില്ലെങ്കില്‍ വിമാനത്തില്‍നിന്ന്‌ ഇറക്കിവിടുമെന്നും അറിയിച്ചു. വിമാനത്താവളത്തിലും താന്‍ ഇതേ വേഷമാണു ധരിച്ചിരുന്നതെന്നും എന്നാല്‍ വിമാനത്തില്‍ കയറിയപ്പോള്‍ മാത്രമാണ്‌ എതിര്‍പ്പുണ്ടായതെന്നും എമിലി പറയുന്നു.

സംഭവം വിവാദമായതോടെ തോമസ്‌ കുക്ക്‌ കമ്പനി കഴിഞ്ഞദിവസം യുവതിയോടു മാപ്പുപറഞ്ഞു. എല്ലാ വിമാനക്കമ്പനികള്‍ക്കും യാത്രക്കാരുടെ വേഷവിധാനം സംബന്ധിച്ചു കൃത്യമായ നയമുണ്ടെന്നും എന്നാല്‍ അതു പലപ്പോഴും നടപ്പാക്കാന്‍ കഴിയാത്ത അവസ്‌ഥയിലാണു ജീവനക്കാരെന്നും കമ്പനി ചൂണ്ടിക്കാട്ടി.